ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മന്‍ കി ബാത്തിന്‍റെ” പത്തൊന്‍പതാമത് എഡിഷനില്‍ ജലസംരക്ഷണം, കാർഷികവികസനം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള തന്‍റെ ചിന്തകള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു.
രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന അന്തരീക്ഷതാപനിലയെയും ജലലഭ്യതയെയും കുറിച്ച് സംസാരിച്ചു കൊണ്ടു സംസാരിച്ചു തുടങ്ങിയ അദ്ദേഹം ജലസംരക്ഷണപദ്ധതികൾക്ക് രാഷ്ട്രം പ്രത്യേകപരിഗണന നൽകണമെന്ന് പറഞ്ഞു. ജലസംരക്ഷണവിഷയത്തിൽ പുതിയ സമീപനം സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. അഹമ്മദ്‌നഗറിലെ ഒരു ഗ്രാമത്തിൽ, കൃഷിരീതി പരിഷ്ക്കരിച്ചതിലൂടെ അധികം ജലോപയോഗമില്ലാതെ തന്നെ വിജയകരമായി കൃഷി മുന്നോട്ടു കൊണ്ടുപോകുന്ന കർഷകരിലേക്ക് അദ്ദേഹം രാജ്യത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചു.
ശുദ്ധജലമെന്നാൽ നല്ല ആരോഗ്യമെന്നാണർത്ഥമെന്നും, അത് ആരോഗ്യകരമായ സാമ്പത്തിക സുരക്ഷയിലേക്കുളള വഴിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗ്രാമങ്ങളിൽ മഴവെള്ളസംഭരണത്തിന്റെ അത്യാവശ്യകതയുണ്ടെന്നും, അതു പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചാരണപരിപാടികൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മൺസൂണിൽ നല്ല മഴ ലഭിക്കുമെന്ന വാർത്തകൾ ആശാവഹമാണ്, എന്നാൽ അതിനെ പരമാവധി വിളയുത്പാദനത്തിനായി ഉപയോഗിക്കാനുളള വഴികൾ നാം തിരയേണ്ടതുണ്ട്.
ഗംഗാശുചീകരണത്തിന്‍റെ ആവശ്യകതയേക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗംഗാശുചീകരണത്തിനായുളള എല്ലാ പ്രയത്നങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെന്നും, നാമെല്ലാം അതിൽ ഭാഗഭാക്കാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പഞ്ചായത്ത് രാജ് ദിവസ് ആയി രാഷ്ട്രം ആഘോഷിക്കുന്ന ഏപ്രിൽ 24 ജനാധിപത്യ മൂല്യങ്ങളെ ഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിന് സഹായകമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments