CricketNewsIndiaSports

ധോനിയുടെ വീട്ടില്‍ നീന്തല്‍ക്കുളം നിറയ്ക്കാന്‍ ശുദ്ധജലം പാഴാക്കുന്നു എന്ന് പരാതി

റാഞ്ചി: ജാര്‍ഖണ്ഡില്‍ വരള്‍ച്ചമൂലം ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാക്കുന്നതായി പരാതി.

റാഞ്ചി ഹര്‍മു ബൈപാസിലെ ധോണിയുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ ജലം നിറയ്ക്കുന്നതുമൂലം സമീപത്തു ജലക്ഷാമം രൂക്ഷമായെന്നു കാട്ടി സമീപവാസികള്‍ മന്ത്രി അമര്‍ ബാരിയെ നേരില്‍ക്കണ്ടു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിയുന്നത്. ഈയിടെ ഹമ്മര്‍, സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് ഇന്ത്യന്‍ താരത്തില്‍ നിന്നു പിഴ ഇൗടാക്കിയതിനു പിന്നാലെയാണു പുതിയ വിവാദം. നീന്തല്‍ക്കുളത്തില്‍ പതിവായി വെള്ളം നിറയ്ക്കുന്നതു തടയണമെന്നും പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും പരിസരവാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. റാഞ്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ശുദ്ധജലവിതരണ ടാങ്കറുകള്‍ ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളം നിറയ്ക്കാനായി പതിവായി വെള്ളം എത്തിക്കാറുണ്ടെന്നും ഇതു നിര്‍ത്തലാക്കി സമീപത്തെ ഹൗസിങ് കോളനിയില്‍ ജലം എത്തിക്കണമെന്നും നാട്ടുകാര്‍ ബാരിയോട് ആവശ്യപ്പെട്ടു.

നീന്തല്‍ക്കുളം നിറയ്ക്കാനായി 10,000 ലീറ്റര്‍ വെള്ളം ദിവസവും എത്തിക്കുന്നുണ്ടെന്നും ധോണിയുടെ വീടിനു സമീപത്തെ ഹൗസിങ് കോളനിയിലെ അറുന്നുറോളം വീട്ടുകാര്‍ ജലക്ഷാമം മൂലം കഷ്ടപ്പെടുകയാണെന്നും ഇവിടെ ജലമെത്തിക്കാന്‍ ക്രമീകരണമൊന്നും അധികൃതര്‍ നടത്തിയിട്ടില്ലെന്നുമാണ് ആരോപണം. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി രഘുബര്‍ദാസിനെ സന്ദര്‍ശിച്ച്‌ ധോണിയുടെ പിതാവ് പാന്‍ സിങ് അറിയിച്ചു. ആറുവര്‍ഷം മുന്‍പാണു വസതിയില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. ഭിത്തിക്കു തകരാറുള്ളതിനാല്‍ കുറച്ചുനാളായി വെള്ളം നിറയ്ക്കാറില്ല. വസതിയില്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമേ താമസിക്കുന്നുള്ളൂ. അതിനാല്‍ നീന്തല്‍ക്കുളം ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button