അജീഷ് ലാല്‍
കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിച്ചത് നമ്മൾ ഞെട്ടലോടു കൂടിയാണ് കേട്ടത്. ഇന്നത് എത്തി നിൽക്കുന്നത് പേരാവൂരില് തന്നെ ശ്രുതിമോള്‍ എന്ന 15 വയസ്സുകാരിയുടെ മരണത്തിലും.
എവിടെയാണ് നമുക്ക് പിഴച്ചു പോകുന്നത്. ഇതിലും വലിയ നെറികെട്ട ഭരണകൂടഭീകരത എവിടെയാണ് കാണാനാവുക. ഒരു രൂപയുടെ അരി വിതരണം 100 ശതമാനവും നടപ്പിലാക്കി എന്നവകാശപ്പെടുന്ന ഭരണകർത്താക്കൾ.. നിങ്ങൾ പറയണം.. 15 കാരിയുടെ ഉടൽ വിറങ്ങലിച്ച വിശപ്പിനുത്തരവാദികൾ ആരായിരുന്നു എന്ന്.
2011-13 ല് ലോകത്താകെ 84.2 കോടി ജനങ്ങളാണു പട്ടിണി അനുഭവിക്കുന്നതെന്നും, ലോകത്തിലെ എട്ടുപേരില് ഒരാള് വീതം പട്ടിണിയിലാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാര്യ ഏജന്സികള് തയ്യാറാക്കിയ റിപ്പോര്ട്ടിൽ പറയുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്ഡ് അഗ്രിക്കള്ച്ചര് ഓര്ഗനൈസേഷന്, വേള്ഡ് ഫുഡ് പ്രോഗ്രാം, ഇന്റര്നാഷണല് ഫണ്ട് ഫോര് അഗ്രിക്കള്ച്ചറല് ഡവലപ്മെന്റ് എന്നിവ സംയുക്തമായാണ് റിപ്പോര്ട്ട് തയാറാക്കിയത്.
പട്ടിണി ഏറ്റവും കൂടുതല് അനുഭവിക്കുന്നത് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.കാര്ഷികോല്പാദനവും ഭക്ഷ്യസാധനങ്ങളുടെ ഉല്പാദനവും വര്ധിപ്പിക്കുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂവെന്നും ഏജന്സികള് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവയിൽ ഏറിയതും ആദിവാസി ഊരുകളിലെ പട്ടിണി മരണങ്ങളാണ് എന്നതാണ് ഞെട്ടിയ്കുന്ന വസ്തുത. എന്നാൽ 2016 ലും മാറ്റമില്ലാതെ തുടരുന്ന ഈ അവസ്ഥ ഭരണകൂട ഭീകരതയായി തന്നെ വിലയിരുത്തപ്പെടേണ്ടുന്ന ഒന്നാണ്.
2014 -ൽ പ്രാക്തൃ ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്ക്കാര് അനുവദിച്ച 100കോടിയിലധികം രൂപ എവിടെയാണ് പോയത്. കഴിഞ്ഞ അഞ്ചു വര്ഷത്തിനുള്ളില് കേന്ദ്ര സംസ്ഥാന സര്ക്കാരുകള് ആദിവാസികളുടെ ക്ഷേമത്തിനായി ചെലവഴിച്ച 1347 കോടി രൂപ ഗുണം ചെയ്തില്ലെന്ന് കേരള ഇന്സ്റ്റിറ്റിയൂട്ട് ഫോര് ലോക്കല് അഡ്മിനിസിട്രേഷന്(കില) നടത്തിയ പഠനത്തില് കണ്ടെത്തി. നിരവധി ക്ഷേമപദ്ധതികള് ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ആദിവാസി ക്ഷേമരംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാന് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് നിരവധി പദ്ധതികള് നടപ്പാക്കിയിട്ടും അവരിപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലാണുള്ളത്.
ശിശുമരണങ്ങള് പെരുകുന്നു. പോഷകാഹാരക്കുറവു മൂലമാണ് അവര് മരണപ്പെടുന്നത്. കുട്ടികള്ക്കും മറ്റും ഗുരുതരമായ രോഗങ്ങള് പിടിപെടുന്നു. നിലവിലുള്ള ആദിവാസി കുടുംബങ്ങളില് പകുതി പേര്ക്കും രോഗങ്ങള് ഉണ്ടെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്.
സംസ്ഥാനത്തെ 7789 കുടുംബങ്ങള്ക്ക് സര്ക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണം ഇനിയും ലഭ്യമായിട്ടില്ല. വികലാംഗരായ 24,044 ആദിവാസികള് കേരളത്തിലുണ്ട്. ഇതില് ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം 14,036ഉം മാനസ്സിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം 2386ഉം ആണ്. ഇവര്ക്കൊന്നും ഇതേവരെ സര്ക്കാര് ആനുകൂല്യങ്ങളോ സഹായങ്ങളോ ലഭ്യമായിട്ടില്ല.
ആദിവാസി സംഘടനാ നേതാക്കള് പറയുന്നത് ആദിവാസി ക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് നല്കിയ ഭീമമായ തുകയുടെ സിംഹഭാഗവും മധ്യവര്ത്തികളുടെ കീശയിലേക്കാണു പോവുന്നത് എന്നാണ്. 1347 കോടി രൂപയുടെ സഹായത്തില് ചെറിയ ശതമാനം മാത്രമാണ് ആദിവാസികള്ക്ക് യഥാര്ഥത്തില് ലഭ്യമായത്.
2010-ൽ പട്ടിണി മൂലം താനെ ജില്ലയിലെ ജവ്ഹര്, മൊഖാഡ പ്രദേശങ്ങളില് 40 ആദിവാസികള് മരിച്ചതായി വസായ് എം.എല്.എ. വിവേക് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. പല മരണങ്ങളും അന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. അന്ന് പ്രായപൂര്ത്തിയാവാത്ത രണ്ടു പെണ്കുട്ടികളും മരിച്ചവരില് ഉള്പ്പെട്ടിരുന്നു. ബഹുഭൂരിപക്ഷം പേരും 35 വയസ്സില് താഴെയുള്ളവരായിരുന്നു.
2013 – ൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലമായി പട്ടിണി മുപ്പതോളം പേരാണ് വിവിധ രോഗങ്ങള് മൂലം നെല്ലിയാമ്പതി ആദിവാസി മേഖലയില് മരണപ്പെട്ടത്. അതിൽ ഭൂരിഭാഗം പേരും പട്ടിണി മൂലം മരണപ്പെട്ടവരായിരുന്നു.
അച്ചന്കോവിലില് പ്രീയ എസ്റേറ്റില് 2010-ൽ പട്ടിണി മൂലം നാല് പേര് മരിച്ചത്. ഇതിലൊരാള് ദാരിദ്യ്രം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രീയ എസ്റേറ്റിലെ തൊഴിലാളികളായിരുന്ന ഷണ്മുഖം (40), ശ്രീധരന് (45), മാടത്തി (60) എന്നിവരുടെ മരണമാൺ റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഇതേ സ്ഥകത്തു തന്നെ ലോക്കൗട്ടിലായതിനു ശേഷം ആകെ 12 പേര് ദാരിദ്യ്രം കാരണവും ചികിത്സ കിട്ടാതെയും മരിച്ചിരുന്നു.
ആദിവാസി ക്ഷേമത്തിനും മറ്റുമായ് 5000 മുതൽ 10000 കോടി വരെ കേന്ദ്ര ഫണ്ടും, 1000 കോടിയ്ക് മേൽ സംസ്ഥാന സർക്കാർ ഇതര ഫണ്ടുകളുമുള്ളപ്പോൾ ഇന്ന് ഓരോ ആദിവാസി ഊരുകളിലും പട്ടിണി മരണം ഏറി വരുന്നു എന്നത് ഫണ്ടുകളുടെ വഴിവിട്ട ചിലവഴിക്കലുകൾ തുറന്നു കാട്ടുന്നു. പല ആദിവാസി ഊരുകളിലും മുഴു പട്ടിണിയും അതുമൂലമുണ്ടാകുന്ന അസുഖങ്ങളും പിടിപെട്ട് നരകയാതന അനുഭവിക്കുന്നവുടെ എണ്ണം കൂടി വരുകയാണ്. ദേശീയ/ സംസ്ഥാന തലങ്ങളിൽ നടന്നു വരുന്ന യാതൊരു പ്രവർത്തനങ്ങളും അവരിലേയ്ക് എത്തിച്ചേരുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണവും.
ഇനിയും മരണങ്ങൾ ആവർത്തിക്കപ്പെടും.. അന്നും നമുക്ക് സഹതപിക്കാം, ഒപ്പം എല്ലാം മറന്ന് വയറു നിറയ്ക്കാം.
Post Your Comments