Gulf

ജി.സി.സി രാജ്യങ്ങള്‍ സ്വദേശിവല്‍ക്കണതിന് ആക്കം കൂട്ടുന്നു; പ്രവാസികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഗള്‍ഫ് ബാലികേറാമലയാകുന്നു

ദോഹ: ജി.സി.സി രാജ്യങ്ങള്‍ സ്വദേശിവല്‍ക്കണതിന് ആക്കം കൂട്ടിയതോടെ മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന ആശങ്ക ശക്തമാകുന്നു. ഒമാനിലും കുവൈറ്റിലും ബഹ്‌റൈനിലും എണ്ണപ്രകൃതിവാതക മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞു. സൗദി അറേബ്യ, ഖത്തര്‍ രാജ്യങ്ങളും പുതിയ നിയമനങ്ങളില്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളും സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. സ്വദേശിവല്‍ക്കരണത്തിലൂടെ മുന്നേറാന്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് യുഎഇ സ്വദേശിവല്‍ക്കരണകാര്യമന്ത്രി സക്വര്‍ ഖൊബാഷ് സയിദ് ഖൊബാഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലയാളികള്‍ അടക്കമുള്ള തൊഴിലന്വേഷകര്‍ക്കും ഗള്‍ഫ് ബാലികേറാമലയായി മാറുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ദാന മേളകള്‍ വ്യാപകമായിട്ടുണ്ട്. ഇവിടെയെത്തുന്നവരില്‍ തദ്ദേശീയര്‍ക്കുമാത്രമാണ് സ്ഥിരം നിയമനം നല്‍കുന്നത്. അബുദാബി മനുഷ്യവിഭവശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രണ്ട് മാസത്തിനുള്ളില്‍ 60,153 തദ്ദേശീയര്‍ക്കാണ് ഉയര്‍ന്ന സേവനവേതന വ്യവസ്ഥകളോടെ സ്ഥിരം നിയമനം നല്‍കിയത്. ബ്ലൂ കോളര്‍ വിഭാഗത്തില്‍പ്പെടുന്ന സാധാരണ തൊഴിലുകളില്‍ മാത്രമേ വിദേശികളെ നിയമിക്കുന്നുള്ളൂ. ഇത്തരത്തില്‍ 2,52,386 നിയമനങ്ങളാണ് ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അബുദാബിയില്‍ നടന്നത്. എല്ലാം തുച്ഛമായ വേതനത്തിലുള്ള താത്കാലിക നിയമങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെട്ടേക്കാമെന്ന കരാര്‍ വ്യവസ്ഥയിലാണ് ഇവരില്‍ ഭൂരിപക്ഷവും നിയമിക്കപ്പെട്ടിരിക്കുന്നത്. ഈ ജോലികളില്‍ മലയാളികള്‍ കുറവാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും നിന്നുള്ളവരാണ് ഈ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും.

തൊഴില്‍ രഹിതരായ അറബി യുവാക്കള്‍ ഐ.എസ് അടക്കമുള്ള ഭീകരസംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയിടുന്നതും സ്വദേശി വത്കരണത്തിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു. സൗദി അറേബ്യയില്‍ നിന്നുമാത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 4000 ത്തോളം യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button