പത്തനംതിട്ട: വഴിയരികില്‍ പെട്ടി ഓട്ടോയില്‍ വില്‍പ്പന നടത്തിവന്ന കാര്‍ബൈഡ് അടങ്ങിയ പഴങ്ങള്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ പിടിച്ചെടുത്തു. പ്രമാടം പഞ്ചായത്തിലെ പാറക്കടവിന് സമീപം മറൂര്‍ ജങ്ഷനില്‍ വില്‍പ്പന നടക്കുകയായിരുന്നു. പഴങ്ങള്‍ വില്‍പ്പന നടത്തിയ തമിഴ്‌നാട് സ്വദേശി അബ്ദുള്‍ മജീദിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ വില്‍പ്പനകാരന്‍ മാത്രമാണെന്നും യഥാര്‍ഥ പ്രതി പത്തനംതിട്ട മേലെ വെട്ടിപ്പുറം സ്വദേശിയാണെന്നും വ്യക്തമായി. മേലേവെട്ടിപ്പുറത്തുള്ള ഗോഡൗണില്‍ നിന്നുമാണ് പഴങ്ങള്‍ വില്‍പ്പനയ്ക്കായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പെട്ടി ഓട്ടോകളില്‍ കൊണ്ടുപോകുന്നത്. വേഗം പഴുക്കാനായി പഴങ്ങള്‍ക്കിടയില്‍ കാര്‍ബൈഡ് കലര്‍ത്തും.
ഏതാനും ദിവസമായി മറൂര്‍ ജങ്ഷനില്‍ അബ്ദുള്‍ മജീദ് പെട്ടി ഓട്ടോയില്‍ പഴങ്ങള്‍ വിറ്റുവരികയായിരുന്നു. പഴത്തിന് സ്വാദ് വ്യത്യാസവും വേറിട്ട മണവും അനുഭവപ്പെട്ടതോടെ പലരും വാങ്ങാതെ പോയി. ഇന്നലെ അബ്ദുള്‍ മജീദിന്റെ പക്കല്‍ നിന്നും മാമ്പഴം വാങ്ങിയ സ്ത്രീയാണ് പഴങ്ങള്‍ക്കിടയില്‍ കാര്‍ബൈഡ് പൊതികള്‍ കണ്ടെത്തിയത്. നല്ല മാമ്പഴങ്ങള്‍ തിരയുന്നതിനിടെയായിരുന്നു സിമന്റ് പോലെ തോന്നിക്കുന്ന പൊടി പേപ്പറുകളില്‍ പൊതിഞ്ഞു വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം ഫുഡ് സെഫ്റ്റി അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. ഇതിനിടെ ഫുഡ് സെഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഹരിലാല്‍, ഫുഡ് സെഫ്റ്റി ഓഫീസര്‍ രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനാ സംഘമെത്തി. ഓറഞ്ച്, മുന്തിരി, മാമ്പഴം, മാതള നാരങ്ങ എന്നിവയ്ക്കിടയില്‍ ചെറിയ പൊതിക്കെട്ടുകളിലായാണ് കാര്‍ബൈഡ് വച്ചിരുന്നത്. വില്‍പ്പനക്കാരനെ ചോദ്യം ചെയ്തതോടെ ഉടമയെപ്പറ്റിയുള്ള വിവരങ്ങള്‍ വ്യക്തമായി.
Post Your Comments