കുളത്തൂപ്പുഴ: ജനിച്ചമണ്ണില്‍ തലചായ്ക്കാന്‍ അവകാശം തേടി സമരത്തിനിറങ്ങിയവര്‍ക്ക് സമരഭൂമിയില്‍ തന്നെ അന്ത്യം. അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ജാനമ്മ (75) കോട്ടയം കറുകച്ചാല്‍ സ്വദേശി ചെല്ലപ്പന്‍(50) എന്നിവരാണ് ഭൂമിക്കായുള്ള കാത്തിരിപ്പിനൊടുവില്‍ അധികാരികളുടെ കനിവിനായ് കാത്തിരിക്കാതെ ലോകത്തോട് വിട പറഞ്ഞത്. ഭൂമി എന്ന സ്വപനം എന്നന്നേക്കുമായ് ഉപേക്ഷിച്ച് വാര്‍ദ്ധക്യത്തിന്റെ പിടിയിലകപ്പെട്ടാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.
അരിപ്പ ഭൂസമരത്തിന്റെ തുടക്കം മുതല്‍ ഇരുവരും വാശിയോടും വീറോടുകൂടി സമരഭൂമിയിലുണ്ടായിരുന്നു. 4ാം നമ്പര്‍ കൗണ്ടറില്‍ മകള്‍ പ്രസന്നയോടൊപ്പം കഴിഞ്ഞിരുന്ന ജാനമ്മ ചൊവ്വാഴ്ച രാത്രിയിലും, ഒന്നാം നമ്പര്‍ കണ്ടറില്‍ താമസിച്ചിരുന്ന ചെല്ലപ്പന്‍ ഇന്ന് പുലര്‍ച്ചെയുമാണ് മരണമടഞ്ഞത്. ഉറ്റവരായുള്ളവര്‍ക്കാര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തതിനാല്‍ ജാനമ്മക്ക് സമരഭൂമിയില്‍ തന്നെ ചിതയൊരുക്കി. എല്ലാത്തിയും മൂകസാക്ഷിയായി മകന്‍ പ്രദീഷും, മരുമകന്‍ ചക്രപാണിയും സമരഭൂമിയില്‍ ഉണ്ടായിരുന്നു. ഭാര്യ രാധാമണിയും മറ്റ് ബന്ധുക്കളും എത്തി ചെല്ലപ്പനെ കറുകച്ചാലിലേക്ക് കൊണ്ട് പോയി അവിടെയാണ് സംസ്‌കരിച്ചത്.
അന്തി ഉറങ്ങാന്‍ ഇടമില്ലാതെ ജീവിതാവസാന നാളില്‍ ചിതയൊരുക്കാനെങ്കിലും ആറടി മണ്ണ് എന്ന സ്വപ്നവുമായ് വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ ദുരിതവും പേറി കഴിയുന്ന അനേകങ്ങളാണ് ഇന്ന് സമരഭൂമിയിലുള്ളത്. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുക എന്ന സര്‍ക്കാരിന്റെ സീറോ ലാന്റ് പദ്ധതിയുടെ ചുവപ്പ് നാടയില്‍ കുടുങ്ങി ഓരോ ദിവസവും പിന്നിടുമ്പോഴും ഭൂസമരഭൂമി ശ്മശാന ഭൂമിയായി മാറി കൊണ്ടിരിക്കുകയാണ്.
Post Your Comments