ബംഗാള്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംസ്ഥാനത്തെ തന്‍റെ ആദ്യതിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വക മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വിമര്‍ശനവും ഉപദേശവും. ഇലക്ഷന്‍ കമ്മീഷന്‍ മമതയ്ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ബംഗാള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉപയോഗിച്ച് മമത മറുപടി അയച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്ക്കും ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കുമാണ് മമതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്, അല്ലാതെ ബംഗാള്‍ മുഖ്യമന്ത്രിക്കല്ല, മോദി പറഞ്ഞു.
“ദീദി (മമത) ഒരു വക്കീല്‍ വഴിയോ, അല്ലെങ്കില്‍ തന്‍റെ പാര്‍ട്ടി മുഖാന്തിരമോ മറുപടി അയക്കുകയായിരുന്നു വേണ്ടത്. അതിനു പകരം അവര്‍, നിയമസംവിധാനത്തെത്തന്നെ തകിടം മറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ‘പാഠം പഠിപ്പിക്കും’ എന്ന ദീദിയുടെ പിടിവാശി ഭരണഘടനയേയോ, തിരഞ്ഞെടുപ്പ് കമ്മീഷനേയോ അവര്‍ ബഹുമാനിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
കൊല്‍ക്കത്തയ്ക്ക് പുറമേ കൃഷ്ണനഗറിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു.
“കമ്മ്യൂണിസ്റ്റ്കാര്‍ ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ കൈപിടിച്ച് നടക്കുകയാണ്. പക്ഷേ കേരളത്തില്‍ അവര്‍ കോണ്‍ഗ്രസിനെ മുഖ്യഎതിരാളിയായിക്കണ്ട് എതിരിടുകയും ആണ്. ഇത് സത്യത്തില്‍ ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ കളിയാക്കുന്നതിനു തുല്യമാണ്. ഈ ഇരട്ടത്താപ്പ് അനുവദിക്കാനാവുന്നതല്ല, ജനം ഇതിന് മാപ്പ് കൊടുക്കില്ല,” ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments