Parayathe VayyaWriters' Corner

ആ പതിനഞ്ച് ലക്ഷം എവിടെ? മോദി ഇവിടെ തേനും പാലും ഒഴുക്കിയാലും ഞ്ഞ്ഞങ്ങള്‍ക്കു പ്രശ്നമല്ല

എന്തു ചെയ്യുന്നൂ എന്നു ചോദിച്ചാൽ ഒന്നും ചെയ്യുന്നില്ല, ആർക്കും ഒന്നും മോദി കൊടുക്കുന്നുമില്ല. അധികാരത്തിലേറി ഒന്നര വർഷമായിട്ട് മുസ്ലീങ്ങൾക്ക് മോദി എന്തു തന്നൂ എന്നു ചോദിച്ചാൽ എന്ത് ഉത്തരം പറയും. രാജ്യത്തെ പ്രധാന ന്യൂനപക്ഷവും പിന്നോക്ക വിഭാഗവുമല്ലേ മുസ്ലീങ്ങൾ. മുസ്ലീങ്ങൾക്കുവേണ്ടി പ്രഖ്യാപിച്ച ഒരു പദ്ധതിയുടെ പേരോ കൊടുത്ത പണത്തിന്‍റെ കണക്കോ പറയാനുണ്ടോ മോദിക്കും ബീജെപിക്കും. ഇല്ല, ഒന്നുമില്ല. ഒന്നുമില്ലങ്കിൽ പിന്നെന്തിനു മുസ്ലീങ്ങൾ മോദിയെ പിന്തുണയ്ക്കണം, അച്ചാദിന്‍-നെ വിശ്വസിക്കണം…

പോട്ടെ, മുസ്ലീങ്ങളുമായി ബീജെപിക്ക് പരമ്പരാഗത പ്രശ്നങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നൂ, അവർ ഇതുവരെ പൂർണ്ണമായും ബീജെപിയെ വിശ്വസിച്ച് ഓട്ടു ചെയ്തിട്ടുമില്ല. അതുകൊണ്ട് മോദി മുസ്ലീങ്ങൾക്കായി ഒന്നും തന്നില്ലങ്കിലും പറയാൻ ന്യായമുണ്ട്….

എന്നാൽപ്പിന്നെ ക്രിസ്ത്യാനികളുടെ കാര്യം ചോദിക്കാം. മോദിക്കോ ബീജെപിക്കോ ക്രിസ്ത്യാനികൾക്ക് എന്തെങ്കിലും കൊടുത്തതിന്‍റെ കണക്കോ കഥയോ പറയാനുണ്ടോ. ക്രിസ്ത്യാനികളും രാജ്യത്തെ പ്രധാന ന്യൂനപക്ഷമാണ്. ശരി ക്രിസ്ത്യാനികളും ബീജെപിയെ ഇതുവരെ വിശ്വാസമർപ്പിച്ച് കൂട്ടമായി ഓട്ടു ചെയ്തിട്ടില്ല. അവർക്കും മോദി ഒന്നും കൊടുത്തില്ലങ്കിലും അതിലും പറയാൻ ന്യായമുണ്ട്…
എന്നാൽ വേറേയും ചില ചില്ലറ ന്യൂനപക്ഷങ്ങളുണ്ട്, സിക്കുകാരും, ബുദ്ധരും, ജൈനരും, പാഴ്സിയുമൊക്കെ. അവർക്ക് എന്തെങ്കിലും കൊടുത്തോ മോദി. ഇല്ല, ആർക്കുമില്ല. ഒരു ന്യൂനപക്ഷ മതക്കാർക്കു വേണ്ടിയും മോദി ഒന്നും പ്രഖ്യാപിച്ചില്ല, കൊടുത്തില്ല, ഇനി കൊടുക്കുമെന്നും തോന്നുന്നില്ല.

ശരിക്കും ദുഷ്ടനാണു നരേന്ദ്രമോദി. ന്യൂനപക്ഷ വിരുദ്ധനെന്നു പ്രതിപക്ഷം പറയുന്നത് വെറുതേയല്ല. ഇയാളു നാടുഭരിച്ചാൽ ന്യൂനപക്ഷ മതങ്ങൾ വലഞ്ഞ്ഞതുതന്നെ…

ഓ.. ഇതു കേട്ടാത്തോന്നും മോദി ഭൂരിപക്ഷ മതക്കാർക്ക് അങ്ങു വാരിക്കോരി കൊടുത്തെന്ന്. കഷ്ടം, അഞ്ഞ്ചു നയാപൈസയുടെ ഗുണം ഹിന്ദു മതക്കാർക്കെന്നു പറഞ്ഞ് കൊടുത്തിട്ടില്ല. അതും മോദിയുടെ സ്വന്തം മതമായിട്ടു പോലും. ഭൂരിപക്ഷ ഹിന്ദുക്കളിലെ ഭൂരിപക്ഷം ആണ് ഈ മോദിയെ വോട്ടും ഭൂരിപക്ഷവും നൽകി അധികാരത്തിലേറ്റിയത്, പ്രധാനമന്ത്രിപഥം നൽകിയത്. എന്നിട്ട് ആ ഹിന്ദുക്കളോടും ഒരു ഉപകാരസ്മരണയോ നന്ദിയോ കടപ്പാടോ കാണിച്ചില്ല..

വെറും നയവഞ്ചകനാണ് മോദി. ഹിന്ദുവിനും മുസ്ലിമിനും, ക്രിസ്ത്യാനിക്കും ഒന്നും കൊടുക്കാത്തവൻ, ഒരുപകാരവും ഇല്ലാത്തവൻ. ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല മതങ്ങൾക്കും ആപത്താണ് മോദി.
ഞാനൊരു ബീജെപി അനുഭാവിയാണെന്നു പറഞ്ഞിരുന്നെങ്കിലും ഈ നെറികേടു കണ്ടാൽ ചോദിക്കാതിരിക്കാനാവില്ല. മോദിയോടുള്ള ആരാധന മാറ്റിവെച്ചിട്ട് മോദിയോടു തന്നെ ചോദിക്കും, ബീജെപിയോടു ചോദിക്കും, കുമ്മനത്തോടും ചോദിക്കും. നിങ്ങൾ മുസ്ലിമിനും, ക്രിസ്ത്യാനിക്കും, ഹിന്ദുവിനും എന്തു നൽകി. ഇന്ത്യ ഒരു മതേതര രാജ്യമല്ലേ, ഞാനും ഒരു മതേതരനാണ്. അതുകൊണ്ടാണ് എല്ലാ മതങ്ങളുടെ കാര്യവും ചോദിക്കുന്നത്. ഒരു പതിനായിരം കോടിയുടെ പദ്ധതിയിട്ടാൽ അതിൽ ആയിരം കോടി രൂപ ക്രിസ്ത്യാനിക്കും, രണ്ടായിരം കോടിരൂപ മുസ്ലീങ്ങൾക്കും, മൂവായിരം കോടിരൂപ ഹിന്ദുക്കൾക്കും ബാക്കി വട്ടച്ചിലവിനുമായി നമ്മുടെ മതേതര ഭരണാധികാരികൾ വിഹിതം വച്ചു നൽകുന്നത് കണ്ടുവളർന്ന് ആശ്വസിച്ചിട്ടുള്ളവനാണ് ഞാനും നമ്മൾ മതേതര ഇന്ത്യക്കാരും.

ഹൊ.. അതൊക്കെ ഒരു കാലം. ഇപ്പോ അത് ഒരു ചാണ്ടിയിലും, മമതയിലും, കെജരിവാളിലും നിധീഷിലും, സിദ്ധാരാമയ്യയിലും ഒതുങ്ങിപ്പോയിരിക്കുന്നൂ. കഷ്ടം, കലികാലം..

ഇതൊക്കയാണെങ്കിലും ഈ നരേന്ദ്രമോദിയേയും സർക്കാരിനേയും പറ്റി പലപല അപവാദങ്ങളും പുറത്തുവരുന്നുണ്ട്. മതേതരം അല്ലാത്തതിനാലും കൂടുതൽ വർഗ്ഗീയത പടർത്തേണ്ടെന്നും കരുതി പത്രക്കാരും ചാനലുകാരും അതൊന്നും പുറത്തു പറയാറില്ല. വല്ല കോളം വാർത്തയിൽ കണ്ടാലും നമ്മളു കാര്യമാക്കാറില്ല, തിരിഞ്ഞു നോക്കാറില്ല. ഈയിടെ സോഷ്യൽ മീഡിയായിൽ ഒരു വാർത്ത കണ്ടൂ, മോദി സ്റ്റാർട്ടപ്പ് ഇന്ത്യ പ്രഖ്യാപിച്ചൂവെന്ന്. യുവ സംരംഭകർക്ക് ഇനി ഇഷ്ടം പോലെ ഉത്പാദന യൂണിറ്റുകൾ തുടങ്ങാമത്രേ. പതിനായിരം കോടി രൂപ അതിനു നീക്കിവച്ചിട്ടുണ്ടു പോലും. കുറേ യുവാക്കള് സ്വയംതൊഴിലും സ്ഥാപനങ്ങളും തുടങ്ങിയിട്ട് എന്തുകാര്യം. അവർക്കും അവരുടെ കുടുംബത്തിനും കുറേ ജോലിക്കാർക്കും കൊള്ളാം. പഠിച്ചോണ്ടിരിക്കുന്ന യുവാക്കളെയെല്ലാം പിടിച്ച് ബിസിനസ്സുകാരാക്കാനുള്ള ഗൂഡ തന്ത്രമാണ്. അതാവുമ്പോ അവർക്കു സർക്കാർ ജോലി കൊടുക്കേണ്ടല്ലോ.. ഹൊ.. വല്ലാത്ത കുരുട്ടു ബുദ്ധിതന്നെ. സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്നുവരെ നവീന ആശയങ്ങൾ എഴുതി വാങ്ങുമത്രേ. പഠിക്കാതെ കുട്ടികളും വഴിതെറ്റാനുള്ള വഴിയാണ്…

രണ്ട് ദിവസം മുമ്പ് വേറൊന്നു പ്ര്യഖ്യാപിച്ചിട്ടുണ്ട്. കർഷകനും വിളകൾക്കും ഇൻഷുറൻസ് കൊടുക്കുകയാണത്രെ. വളരെച്ചെറിയ പ്രീമിയമേയുള്ളൂ, ബാക്കിത്തുക സർക്കാരു കൊടുത്തോളാമെന്ന്. ഉത്പന്നങ്ങളുടെ വിലസ്ഥിരതയ്ക്ക് വേറെ കുറേ കോടികളുമുണ്ട്. ജലസേചനത്തിനുമാത്രം മുപ്പത്തയ്യായിരം കോടിയുടെ പദ്ധതിയുണ്ടുപോലും, ഇനി കർഷകരൊന്നും ആത്മഹത്യ ചെയ്യേണ്ടിവരില്ല, ധൈര്യമായി കൃഷിചെയ്ത് അന്തസ്സായി ജീവിച്ചു കൊള്ളാനാണ്‌ മോദി പറയുന്നത്. ഹും പോകാൻപറ.. രാജ്യത്തെ കൃഷിയും കർഷകരും രക്ഷപ്പെട്ടിട്ടു നമുക്കെന്തു കാര്യം. നമ്മളാരും കർഷകരല്ലല്ലോ…

നമ്മുടെ സോണിയാ ഗാന്ധീടെ മരുമകന്‍റെ പേരുള്ള ഒരു ബാങ്കിന്‍റെ കാര്യം പറേന്നതു കേട്ടു. വദ്രയെന്നോ മുദ്രയെന്നോ എന്തോ ആണ് പേര്. കച്ചവടക്കാർക്കും, വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും ഒരീടുമില്ലാതെ വായ്പ കൊടുക്കുമത്രേ. കേട്ടിട്ടുതന്നെ എന്തോ പന്തികേടു തോന്നുന്നൂ. മലയാളികളും കേരളവും ഇവിടുത്തെ സർക്കാരും ബാങ്കുകളും ഒന്നും ഈ ചതിക്കുഴിയിൽ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. വെറും 4700 കോടിരൂപ മാത്രമേ നമ്മൾ വിനിയോഗിച്ചുള്ളൂ. മറ്റു സ്റ്റേറ്റുകളിൽ വിതരണം ചെയ്തതിന്‍റെ പത്തു ശതമാനം. അവരൊക്കെ മുദ്രാലോൺ എടുത്തോട്ടെ, പക്ഷേ നമ്മൾ മലയാളികൾക്ക് ഇതിന്‍റെ ആവശ്യമൊന്നുമില്ല, വേണമെന്നു പറഞ്ഞാലും നമ്മുടെ ബാങ്കുകൾ തരികയുമില്ല. കേരള സർക്കാർ അതിനെ പിന്തുണയ്ക്കയും ഇല്ല.

അങ്ങനിപ്പം മലയാളികൾ രക്ഷപ്പെട്ടിട്ടു മോദി ആളാവണ്ട…

മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യാ.. ഹഹ.. എന്തൊക്കെ പേരുകളാണ്. എല്ലാം ചിലവുകുറച്ച് നമ്മുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവിടെത്തെ ജോലിക്കാരെവച്ച് ഇവിടെ ഉത്പാദിപ്പിക്കും പോലും. ഉപ്പും കർപ്പൂരവും തൊട്ട് പട്ടാളത്തോക്കും വിമാനവും വരെ ഇവിടെ ഉണ്ടാക്കണം എന്ന്. ഇവിടെ ഉണ്ടാക്കുന്ന സാധനം നമ്മുക്ക് മറ്റു രാജ്യങ്ങളിലേക്കും കയറ്റി അയക്കാമെന്ന്..
ഹഹ ആർക്കുവേണം ഇവിടുത്തെ സാധനങ്ങൾ. നമ്മുക്ക് സോപ്പായാലും മുട്ടയായാലും മൊബൈൽ ആയാലും അരിയായാലും അവലോസുണ്ട ആയാലും ചൈനയുടെ സാധനംമതി. അല്ലങ്കിൽ ചൈനേന്നു ഗൾഫിൽ പോയി അവിടുന്ന് സ്‌പ്രേയും പുരട്ടി പാഴ്സലായ് വരുന്ന സാധനം മതി…

അല്ലേലും ഇങ്ങേര് എല്ലാം ഉണ്ടാക്കും ഉണ്ടാക്കും എന്നു പറയുന്നുണ്ട്, പക്ഷേ അതിന് കൈയ്യിൽ ചുളയുണ്ടോ. ഇല്ല. അയിനാണ് ലോകമായ ലോകംമുഴുവൻ തെണ്ടി നടക്കുന്നത്. നിക്ഷേപകരെ ആകർഷിക്കാൻ.. എന്തെര് മന്ത്രമാണെന്നറിയില്ല, ഇയാൾ പോയി വിളിക്കുമ്പോൾ എല്ലാരും കുറ്റിയുംപറിച്ച് വരുന്നുണ്ട് എന്നതാണ് കഷ്ടം. വിദേശ മൂലധനവും സംരംഭകരും ഇന്ത്യയിലേക്ക് ഒഴുകുകയാണത്രേ. ഒഴുകട്ടേ, ഒഴുകട്ടേ.. പക്ഷേ ആർക്കുവേണം ഇവരുടെ പണവും ജോലിയും. നമ്മൾ അന്തസ്സായിട്ടു ഗൾഫിലോ യൂറോപ്പിലോ പോയി തെണ്ടും. ഇതേ കുത്തക മുതലാളിമാരാണെങ്കിലും അവിടെ പണിയെടുക്കാൻ ഒരു ഒളിയും മറയും കായ്ക്ക് രൂചിയുമുണ്ട്. ഇവിടുത്തെ പണി മോദി ബംഗാളികളേയോ ബീഹാറികളേയോ വച്ചു ചെയ്യിക്കട്ടേ, ഇനി എന്തെര് ജോലിയാണെന്നു പറഞ്ഞാലും നമ്മുക്കുവേണ്ട, ആ പണവും വേണ്ട, അത് ഹറാമാണ്, ബൂർഷ്വ പണമാണ്.

എന്തോന്നു കാര്യത്തിനാണന്നറിയില്ല, നാടുമുഴുവൻ റോഡുവെട്ടുകയാണ്. ചില്ലറ റോഡൊന്നുമല്ല, നാലും ആറുംവരി ഹൈടെക് പാതകൾ. ഗ്രമങ്ങളിൽ എല്ലാം പുതുപുത്തൻ റോഡുകൾ. ദിനംപ്രതി 27 കിലോമീറ്റർ പുതിയ റോഡുകൾ രാജ്യത്തു നിർമ്മിക്കുന്നുണ്ടത്രേ…

ഈ റോഡു മാത്രമാണെങ്കിൽ സഹിക്കാം. അതിവേഗ റയിൽപാളങ്ങൾ, ട്രെയിനുകൾ. റെയിൽവേ സ്റ്റേഷനുകളെല്ലാം മോടിയാക്കുന്നൂ, വിമാനത്താവളങ്ങൾ മോടിപിടിപ്പിക്കുന്നൂ, പുതിയ കപ്പൽ ശാലകളും കടലോരം നിറയെ ഷിപ്പ് യാര്‍ഡുകളും വരുന്നൂ, ജലപാതകളും ജലഗതാഗതവും തീർക്കുന്നൂ, നഗരങ്ങളും ചെറു പട്ടണങ്ങളും മോദിപിടിപ്പിക്കുന്നൂ… ഹൊ ഭയങ്കരം.. ഭയങ്കരം, അല്ല അഹങ്കാരം. ഇതൊക്കെ ചെയ്താൽ ജനത്തിന് എന്ത് ഉപകാരം….

ഈ ഇന്ത്യയെത്തന്നെ നാണംകെടുത്തുന്ന പരിപാടി ഇതൊന്നുമല്ല. ശുചിത്വ ഭാരത്.. അതാണ് അസഹനീയമായ കാര്യം. ഇന്ത്യയെ മുഴുവൻ വൃത്തിയും വെടിപ്പും ആക്കുമത്രേ. ഇന്ത്യയിൽ പകുതി വീടുകൾക്കും കക്കൂസ് ഇല്ലാപോലും. എല്ലാർക്കും കക്കൂസ് നിർമ്മിച്ചു കൊടുക്കുന്ന പരിപാടിയാണ് തകൃതിയായ് നടക്കുന്നത്…

പിന്നേ ഇവിടെ ഇന്ത്യക്കാർക്കു മുഴുവൻ കക്കൂസില്ലാത്തതുകൊണ്ട് ഇതുവരെയാരും തൂ… യിട്ടില്ല. ഒരുകപ്പു വെള്ളമുണ്ടെങ്കിലും അഥവാ ഇല്ലങ്കിലും ഏതു വെളിമ്പ്രദേശത്തും ഇരുന്നാണ് എല്ലാരും കാര്യം സാധിക്കുന്നത്. ട്രെയിനിലൊക്കെ ഒന്നു യാത്ര ചെയ്യുന്നവർക്കറിയാം. കുറ്റിക്കാട്ടിൽ പാട്ടുംപാടിയുള്ള ആ ഇരുപ്പ്. അതിനും സമ്മതിക്കില്ല ഈ മോദി… വിദേശികളൊക്കെ കരുതിയിരിക്കുന്നത് എല്ലാ കുടിലിലും അറ്റാച്ച്ഡ് ബാത്റൂം ഉണ്ടെങ്കിലും കാറ്റുകൊള്ളാനാണ് ഇന്ത്യക്കാർ ഇങ്ങനെ ഇരിക്കുന്നതെന്നാണ്. ഈ സ്വച്ച്ഭാരതും കക്കൂസു നിർമ്മാണവും വന്നതോടെ കഥകളൊക്കെ എല്ലാരും അറിഞ്ഞു. അതാണ് പറഞ്ഞത് മറ്റുള്ളവരുടെ മുന്നിൽ ഇന്ത്യയെ നാറ്റിച്ചുകളഞ്ഞു ഈ മോദിയെന്ന്…

അല്ലേലും കക്കൂസു കുഴിക്കണമെങ്കിൽ സ്വന്തമായി ഒരുതുണ്ടു ഭൂമിയോ, ഒരു കൊച്ചു വീടോ എങ്കിലും വേണ്ടേ. ഇന്ത്യയിൽ ആ കണക്കെടുത്താലും കോടികൾ ഉണ്ട്. ഈ മണ്ടൻ മോദിയുടെ അടുത്ത പ്രഖ്യാപനവും നടപടിയും കേട്ടാൽ എല്ലാവരും ഞെട്ടിപ്പോകും. 2022-ഓടെ എല്ലാവർക്കും വീടുവച്ചു കൊടുക്കുമെന്ന്. അതും സമയക്ലിപ്തതയോടെ ഊർജ്ജിതമായ് നടക്കുന്നൂ..

ചുമ്മാ പാഴ്ച്ചിലവാണ്. എല്ലാവരും മരിച്ചുപോകേണ്ട മനുഷ്യരാണ്. പിന്നെന്തിനാണ് എല്ലാവർക്കും വീട്, വല്ല കടത്തിണ്ണയിലോ, ടാർപ്പാ മറച്ചോ കിടന്നിട്ടും ആൾക്കാർ ഉറങ്ങുന്നില്ലേ…

മോദിക്കാണോ ഇന്ത്യയിലെ ലക്ഷക്കണക്കിനു ഗ്രാമീണർക്കാണോ തലയിൽ വെളിച്ചമില്ലാത്തത് എന്ന സംശയം തോന്നിപ്പോകും ഓരോ പ്രവൃത്തി കണ്ടാൽ. ദിനംപ്രതി ആയിരക്കണക്കിന് ഗ്രാമങ്ങളാണ് വൈദ്യുതീകരിക്കുന്നത്. അപകടകരമായ കരണ്ടും വെളിച്ചവും ഗ്രാമങ്ങളിലെത്തിച്ച് പാവങ്ങളെ ഇടങ്ങേറിലാക്കാനുള്ള കുരുട്ടു ബുദ്ധിയാണ്. ഈ കരണ്ട് ചുമ്മാ ഉത്പാദിച്ച് ഒഴുകി വരില്ലല്ലോ, അതിനുവേണ്ടി പൊടിക്കുന്ന കോടികൾ വേറെ. എല്ലാം പാഴ്ച്ചിലവാണ്, സാധാരണക്കാരന് ഇതുകൊണ്ട് എന്തു ഗുണം…

അല്ലേലും സാധാരണക്കാരന്‍റെ കാര്യമൊന്നും പറയേണ്ട. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില കുറഞ്ഞിട്ട് എന്തുകാര്യം. പെട്രോള്‍ ഇരുപതു രൂപയ്ക്ക് കിട്ടുന്നില്ലല്ലോ, ജീവൻ രക്ഷാ മരുന്നിനെല്ലാം വില കുറച്ചാലും ജീവൌഷധിയായ ബിവറേജിലെ മരുന്നിനു വില കുറഞ്ഞോ, എല്ലാ BPL കാർക്കും സൗജന്യ ഗ്യാസ്കണക്ഷൻ കൊടുത്തിട്ടെന്തുകാര്യം.

പ്രായമുള്ളവനു പെൻഷനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും സ്ത്രീകൾക്ക് പ്രത്യേക മുൻഗണനയും ഒക്കെ കൊടുത്തിട്ട് ആർക്ക് എന്തു പ്രയോജനം. ഓട്ടോക്കാരനും ഡ്രൈവർമാർക്കും, മീൻപിടുത്തക്കാർക്കും തയ്യൽക്കാർക്കും, നിർമ്മാണ തൊഴിലാളികൾക്കും ഒക്കെ സഹായവും സുരക്ഷയും നൽകിയാൽ സാധാരണക്കാരന്‍റെ നീറുന്ന പ്രശ്നങ്ങൾ മാറുമോ. മോദി പറഞ്ഞൂ എന്ന്‍ പറഞ്ഞ ആ പതിനഞ്ചു ലക്ഷം കള്ളപ്പണം ബാങ്ക് അക്കൗണ്ടിൽ വരാതെ നമ്മുടെ ഒരു പ്രശ്നവും തീരില്ല. എല്ലാവർക്കും ആധാറും അക്കൗണ്ടും തുടങ്ങി എന്നു പറഞ്ഞിട്ടു കാര്യമില്ല, ഞങ്ങൾക്കാ പതിനഞ്ചു ലക്ഷം കിട്ടിയേ തീരൂ…

അപ്പോൾ നമ്മൾ പറഞ്ഞു തുടങ്ങിയത് വേറൊന്നാണ്. നയവഞ്ചകനും, മതേതരൻ അല്ലാത്തതുമായ മോദിയുടെ കാര്യം, മോദി നയിക്കുന്ന സർക്കാരിന്‍റെ കാര്യം. വരികൾ ധാരാളം ആയതിനാൽ പറഞ്ഞ് അവസാനിപ്പിക്കുന്നതും അതാണ്. ആർക്കും ഒന്നും കൊടുക്കാത്ത പരമ ദുഷ്ടനായ മോദിയുടെ കാര്യം. ഈ മോദി എങ്ങനെ ഇന്ത്യയിൽ അച്ചാദിൻ കൊണ്ടുവരും. ഇങ്ങേരുടെ കാര്യം കട്ടപ്പൊക. ഒരു മതക്കാരനും ഒരു സാധാരണക്കാരനും ഇയാൾക്കിനി വോട്ടു ചെയ്യില്ല..

ഒരു ക്ലാസിൽ ടീച്ചർ കുട്ടികളോട് ചില ചോദ്യങ്ങൾ ചോദിക്കുകയായിരുന്നൂ. അതിനിടയിൽ ടീച്ചർ പറഞ്ഞു നിങ്ങളിൽ ആൺ കുട്ടികൾ എഴുന്നേറ്റ് നിൽക്കാൻ. മുൻ ബഞ്ചിലിരുന്ന ചന്തു എന്ന കുട്ടി ഒഴികെ എല്ലാ ആൺകുട്ടികളും എഴുന്നേറ്റൂ. ടീച്ചർ വീണ്ടും പറഞ്ഞു, ശരി ഇനി എല്ലാ പെൺകുട്ടികളും എഴുന്നേറ്റു നിൽക്കാൻ. അപ്പോഴും ചന്തു ഒഴികെ ക്ളാസിലെ ഏല്ലാ ആൺപെൺ കുട്ടികളും എഴുന്നേറ്റൂ. ടീച്ചർക്കു വലിയ സംശയമായി. ടീച്ചർ വീണ്ടും പറഞ്ഞു എല്ലാ മനുഷ്യരും എഴുന്നേൽക്കാൻ, എന്നിട്ടും ചന്തു എഴുന്നേറ്റില്ല. ബുദ്ധിയുള്ള കുട്ടികൾ എല്ലാം എഴുന്നേൽക്കൂ എന്നു പറഞ്ഞിട്ടും ചന്തു അനങ്ങിയില്ല..

ഒടുവിൽ ടീച്ചർ അവനോടുതന്നെ ചോദിച്ചൂ, നീ ഞാൻ പറഞ്ഞ ഗണത്തിൽ ഒന്നും പെടുന്നതല്ലേ, എന്താ എഴുന്നേൽക്കാത്തത്. അന്നേരം ആ കുട്ടി പറഞ്ഞത് ഒരു ‘സാധാരണക്കാരന്‍റെ’ മറുപടി ആയിരുന്നൂ. ടീച്ചർ ഞാൻ ചന്തുവല്ലേ, ചന്തു എഴുന്നേൽക്കാൻ ടീച്ചർ പറഞ്ഞില്ലല്ലോ…അതെ, ഇന്ത്യയിൽ ഇതുപോലെ ധാരാളം ചന്തുമാരുണ്ട്, ഒരു ഗണത്തിലും പെടാത്ത വെറും ‘സാധാരണക്കാരൻ’…
അവർക്കുള്ളതല്ല, എന്‍റെയീ കുറിപ്പുകൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button