കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ ഒരു വര്‍ഷത്തിനകം പുരോഗതി ഉണ്ടായില്ലെങ്കില്‍ 2022 ലോക കപ്പ് ഫുട്ബോള്‍ ഖത്തറില്‍ നിന്നു മാറ്റുന്ന കാര്യം ഫിഫ പരിഗണിക്കണമെന്ന് ശുപാര്‍ശ. ഖത്തറിലെ മനുഷ്യവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഫിഫ ചുമതലപ്പെടുത്തിയ ഹാവാര്‍ഡ് പ്രൊഫസര്‍ ജോണ്‍ റിഗി തയാറാക്കിയ സ്വതന്ത്ര റിപ്പോര്‍ട്ടിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബ്രസീല്‍, റഷ്യ, ഖത്തര്‍ തുടങ്ങിയ ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളുന്ന രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ കണക്കിലെടുക്കാത്തതിനെ തുടര്‍ന്ന് ഫിഫയ്ക്ക് ഏറെ വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇവിടങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നതിന് ഫിഫ വിമുഖത കാട്ടിയതും കടുത്ത എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു.
ഖത്തറിലെ കുടിയേറ്റ തൊഴിലാളി ചൂഷണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ എല്‍ ഒ) ഒരു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇല്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അന്വേഷണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും റിഗി ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുമെന്ന തുടര്‍ച്ചയായ വാഗ്ദാനങ്ങള്‍ ഖത്തര്‍ ഭരണകൂടം നല്കുമ്പോഴും ഒരു ലോക കപ്പ് സ്റ്റേഡിയം നിര്‍മാണത്തിലും അനുബന്ധ വികസന പദ്ധതിയിലും തൊഴിലാളി ചൂഷണം കണ്ടെത്തിയതായി ഈ മാസം പുറത്തു വന്ന ഒരു ആംനസ്റ്റി റിപ്പോര്‍ട്ടിലുണ്ട്.
‘മനുഷ്യാവകാശ സംരക്ഷണം ഫിഫയ്ക്ക് രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെങ്കിലും ഒരു ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള മാനദണ്ഡങ്ങളില്‍ നിശ്ചിത മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യങ്ങള്‍ അത് നിര്‍ബന്ധമായും പാലിക്കേണ്ടിവരും,’ റിഗി ഗാര്‍ഡിയനോട് പറഞ്ഞു.
Post Your Comments