ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. 8.8 ബില്യൺ ഡോളറിനാണ് ഇവ വാങ്ങുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടും. ആദ്യ സെറ്റ് എയർക്രാഫ്റ്റ് 18 മാസങ്ങള്‍ക്കുള്ളിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആയുധ സംവിധാനങ്ങളടങ്ങിയ 36 റഫേൽ വിമാനങ്ങൾക്ക് ആദ്യം 12 ബില്യൺ ആണ് ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാരിസ് സന്ദർശനത്തിലാണ് 36 റഫേൽ വിമാനങ്ങൾ ഇന്ത്യ വാങ്ങാൻ ധാരണയായത്.
അതിനു മുൻപേ 120 എയർക്രാഫ്റ്റുകൾ വാങ്ങാനായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ വർഷങ്ങളായി വിലയെച്ചൊല്ലി ധാരണയിലെത്താത്തതിനാൽ 36 വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
പാക്കിസ്ഥാൻ, ചൈന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ 2017 മുതൽ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് വ്യോമസേന ശക്തമായി അറിയിച്ചിരുന്നു. ജനുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും തീരുമാനമായില്ല. ദീർഘമായ കൂടിയാലോചനകൾക്കുശേഷമാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ അന്തിമതീരുമാനമെടുത്തത്.
Post Your Comments