KeralaNews

ജയിക്കുന്നവര്‍ക്ക് മന്ത്രിക്കുപ്പായം കിട്ടുമെന്ന പ്രതീക്ഷയുള്ള കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ആര് ?

ജനക്ഷേമത്തിന് എന്ത് ചെയ്തു എന്നതാണ് കൊല്ലത്തെ ജനങ്ങള് സ്ഥാനാർഥികളോട് ചോദിക്കുന്ന ചോദ്യം. അതിസമര്‍ത്ഥമായി മറുപടികള്‍ പറയാന്‍ കഴിവുള്ള എംഎല്‍എയോട് ഇനി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍. എന്തിനും ഏതിനും രാഷ്ട്രീയം പറയും. മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിച്ചാല്‍ ദേശീയരാഷ്ട്രീയവും അന്താരാഷ്ട്രവ്യവസ്ഥിതിയും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം സ്ഥിരമായി കേട്ട് കേട്ട് മടുത്ത ജനം മേയ് 16ന് പോളിംഗ് ബൂത്തില്‍ മറ്റൊരു തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊല്ലം മണ്ഡലത്തില്‍ ചലച്ചിത്ര താരം മുകേഷിനെയാണ് സിപിഎം സ്ഥാനാർഥി ആക്കിയിരിക്കുന്നത്.

യു ഡി എഫ് എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചു സൂരജ് രവിയെയാണ് സ്ഥാനാർഥി ആക്കിയിരിക്കുന്നത്. NDA യുടെ സാരഥിയായി ബിഡിജെഎസിന്‍റെ പ്രൊഫസർ കെ ശശികുമാർ ആണ്.

സിനിമാ താരമാണോ പ്രമുഖര്‍ ആണോ എന്നൊന്നും കൊല്ലത്തുകാർ നോക്കില്ല. കാര്യങ്ങളോട് അടുക്കുമ്പോൾ അവർ തങ്ങൾക്കു ഉപകാരപ്പെടുന്നവർക്ക് മാത്രമേ വോട്ടു കൊടുക്കൂ എന്നാണു നിലപാട്. ഒരുമാറ്റം വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. അഷ്ടമുടിക്കായലിന്റെ ദുരവസ്ഥയും കുടിവെള്ളദൗര്‍ലഭ്യവും മാലിന്യപ്രശ്‌നവും റോഡ് വികസനത്തിന്റെ അഭാവവും അശാസ്ത്രീയമായ നിര്‍മാണങ്ങളും അടക്കം നിരവധിയാണ് ജനകീയവിഷയങ്ങള്‍. നഗരത്തിലെ വിവിധ ആശുപത്രികളുടെയും വാണിജ്യവ്യാപാരസ്ഥാപനങ്ങളുടെയും മറ്റും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് അഷ്ടമുടിക്കായലിലേക്കാണ്. രൂക്ഷമായ ദുര്‍ഗന്ധം കാരണം അഷ്ടമുടിക്കായലിന്റെ തീരത്ത് പോലും നില്‍ക്കാനാകാത്ത സ്ഥിതിയാണ്. ആശ്രാമം മൈതാനം നവീകരണവും പ്രതിസന്ധിയിലാണ്.

ഇക്കാരണം കൊണ്ട് ടൂറിസ്റ്റുകള്‍ നേരത്തെ തന്നെ വിട ചൊല്ലി. പട്ടിണിയും വറുതിയുമാണ് തീരവാസികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. കൊല്ലം തുറമുഖം യാഥാര്‍ത്ഥ്യമായെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വീമ്പിളക്കുന്ന ജനപ്രതിനിധിക്ക് പക്ഷേ തീരവാസികള്‍ക്ക് അര്‍ഹമായ തൊഴിലോ ആനൂകൂല്യങ്ങളോ ഉറപ്പാക്കാന്‍ സാധിക്കാത്തത് അവര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇടതുവലതു രാഷ്ട്രീയക്കാര്‍ ഒറ്റക്കെട്ടായി ബോര്‍ഡില്‍ ഉണ്ടായിട്ടും തൊഴിലില്ലാത്ത വിധം തകര്‍ത്ത് തരിപ്പണമാക്കിയ കശുവണ്ടി കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ഏറ്റവുമധികം പ്രതിഷേധവുമായി കാത്തിരിക്കുന്ന മറ്റൊരുവിഭാഗം. നേതാക്കളുടെ കീശ വീര്‍പ്പിച്ചും അഴിമതിപ്പണം പങ്കിട്ടെടുത്തും തങ്ങളെ വഴിയാധാരമാക്കിയതിന് തിരിച്ചടി നല്‍കാനൊരുങ്ങിയിരിക്കുകയാണവര്‍. രാഷ്ട്രീയക്കാരെ ഒഴിവാക്കി കശുവണ്ടി കോര്‍പറേഷന്‍ ഭരണം ഐഎഎസുകാരെ ഏല്‍പ്പിച്ചത് പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്. കെഎംഎംഎല്‍ കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയും തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയര്‍ന്നിട്ടുണ്ട്.

RSP യുടെ കയ്യില്‍ നിന്നും ഇടതുമുന്നണി കരസ്ഥമാക്കിയ ഈ മണ്ഡലത്തെക്കുറിച്ചുള്ള പരാതിപ്പെട്ടികൾ ഇങ്ങനെയൊക്കെയാണെങ്കിലും എന്തുവിലയും കൊടുത്തു മണ്ഡലം പിടിക്കാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത്. പക്ഷെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ താത്പര്യപ്രകാരം കൊല്ലത്ത് സ്ഥാനാര്‍ഥിയായ സൂരജ് രവിക്കെതിരെ എ, ഐ ഗ്രൂപ്പുകാര്‍ രണ്ട് ചേരികളിലായി രംഗത്തിറങ്ങിയത് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നു. പ്രാദേശികമായി നടത്തിയ ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ എ.ഐ.സി.സി.യും കെ.പി.സി.സി.യും ചേര്‍ന്നാണ് വിജയസാധ്യത പരിഗണിച്ച് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്ന് മുന്‍ എം.എല്‍.എ. തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയുടെ പക്ഷം

.നേരത്തേ പി.കെ.ഗുരുദാസനെ മത്സരിപ്പിക്കാന്‍ ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കിയില്ല. സെക്രട്ടേറിയറ്റ് യോഗത്തില്‍ തര്‍ക്കമുണ്ടായപ്പോഴാണു ചലച്ചിത്ര താരം മുകേഷിന്‍റെ പേര് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് കൊല്ലം മണ്ഡലത്തില്‍ മുകേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സി.പി.എം പിടിച്ചെടുത്ത കൊല്ലം മണ്ഡലം നിലനിര്‍ത്താന്‍ നാട്ടുകാരനായ സിനിമാതാരം മുകേഷിനാവുമൊയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ജയിക്കുന്നവര്‍ക്ക് മന്ത്രിക്കുപ്പായം കിട്ടുമെന്ന പ്രത്യേകതയും കൊല്ലം നിയമസഭാ മണ്ഡലത്തിനുണ്ട്. ടി.കെ. ദിവാകരന്‍, കടവൂര്‍ ശിവദാസന്‍, ബാബു ദിവാകരന്‍, പി.കെ. ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായവരാണ്. 1970ലും 1977ലും സി.പി.എം പരാജയപ്പെട്ടു. ഇടതുമുന്നണി രൂപവത്കരിച്ചശേഷം 1980ല്‍ മണ്ഡലം ആര്‍.എസ്.പിക്ക് നല്‍കി. ഏഴുതവണ വിജയം നേടിയ ആര്‍.എസ്.പി 2006 മുതലാണ് മത്സരരംഗത്തില്ലാത്തത്. തൃക്കടവൂര്‍ പഞ്ചായത്ത് കോര്‍പറേഷനില്‍ ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പമുണ്ടായിരുന്ന ആര്‍.എസ്.പി ഇപ്പോള്‍ യു.ഡി.എഫിനൊപ്പമെന്നതാണ് പ്രത്യേകത.

ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട ആര്‍.എസ്.പിക്ക് യു.ഡി.എഫ് സഹായത്തോടെ എം.പിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ മങ്ങിയ വിജയവും അണികളുടെ കൊഴിഞ്ഞുപോക്കും ആര്‍.എസ്.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ എസ്എൻഡിപിയുടെ രാഷ്ട്രീയപാര്ട്ടിയായ ബിഡിജെഎസ് പാര്ട്ടിയിലെ പ്രൊഫസർ കെ ശശികുമാർ ആണ് NDA യുടെ ഭാഗമായി മത്സരിക്കുന്നത്. സ്ഥാനാർഥികളും മിക്കവാറും ഈഴവ സമുദായത്തിൽ നിന്നാവും എന്നത് കൊല്ലത്തിന്റെ പ്രത്യേകതയാണ്. ഇത്തവണ മൈക്രോ ഫിനാൻസ് യൂണിറ്റുകളും സജീവമാണ് പ്രൊഫസർക്ക് വേണ്ടി വോട്ടു പിടിക്കാൻ. കൊല്ലം എസ് എൻ കോളേജിലെ പ്രഫസർ കൂടിയാണ് കെ ശശികുമാർ. കൊല്ലത്തെ തീപ്പൊരി മത്സരത്തിൽ ഇത്തവണ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button