കൊല്ലം: വെടിക്കെട്ട് പല തവണ തടയാന്‍ ശ്രമിച്ചതായി പരവൂര്‍ സി.ഐ. എസ് ചന്ദ്രകുമാര്‍. നിയമങ്ങള്‍ ലംഘിച്ചാണ് നടത്തുന്നതെന്ന് മനസ്സിലായതോടെ പല തവണ തടയാന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല. ഒടുവില്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തരുതെന്ന് സംഘാടകരോട് പറഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. അനുമതി ലഭിച്ചതായി വൈകിട്ട് മൈക്കിലൂടെ പ്രഖ്യാപനമുണ്ടായതായും സി.ഐ പറയുന്നു. വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചെന്നും വെടിക്കെട്ട് ഉടന്‍ തുടങ്ങുമെന്നുമായിരുന്നു അറിയിപ്പ്.
അനുമതി കത്ത് ചോദിച്ചപ്പോള്‍ ഉടന്‍ എത്തിക്കാമെന്നായിരുന്നു മറുപടിയെന്നും സി.ഐ പറയുന്നു. ചെറിയ രീതിയില്‍ ആരംഭിച്ച വെടിക്കെട്ട് മത്സരത്തിലേക്ക് മാറിയപ്പോള്‍ താക്കീതു നല്‍കിയതായും സി.ഐ ചന്ദ്രകുമാര്‍ പറഞ്ഞു.മൂന്ന് തവണ ചെറിയ അപകടങ്ങള്‍ ഉണ്ടായതായും അദ്ദേഹം പറയുന്നു. വെടിക്കെട്ട് നിറുത്താന്‍ പറഞ്ഞത് ആരും കേട്ടില്ലെന്നും വന്‍ ജനക്കൂട്ടം സാക്ഷിയായ ചടങ്ങില്‍ നിയമ നടപടിക്ക് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വെടിക്കെട്ടിന്റെ രൂപത്തില്‍ അപ്രതീക്ഷിതമായി എത്തിയ ദുരന്തം ഉറ്റവര്‍ക്കും ഉടയവരേയും നഷ്ടമാക്കിയതിനൊപ്പം ക്ഷേത്ര പരിസര വാസികളില്‍ ചിലര്‍ക്ക് നഷ്ടമാക്കിയത് കയറിക്കിടക്കാനുള്ള കൂരകളുമാണ്. സ്‌ഫോടനത്തില്‍ വീടുകളുടെ ജനാലകളും വാതിലുകളും മേല്‍ക്കൂര പോലും തകര്‍ന്നുവീണു.
വെടിക്കെട്ട് നടത്തുന്നതിനെതിരെ പരാതി നല്‍കിയവരെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാല്‍ അത് ദേവീ പ്രശ്‌നമായി മാറുമെന്നു പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതി നല്‍കിയ പങ്കജാക്ഷി പറയുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Post Your Comments