അഹമ്മദാബാദ്: തന്റെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി തന്നെ പരാതിയുമായി രംഗത്തെത്തി. വനിതാ സഹായ നമ്പരായ 181 ലേക്ക് വിളിച്ചാണ് പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ചത്. ഗാന്ധിനഗറില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള കൊല്‍വാഡയില്‍ നിന്നായിരുന്നു ആ ഫോണ്‍ വന്നത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഭയം എന്ന് പേരിട്ടിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്കാണ് പെണ്‍കുട്ടി വിളിച്ചത്. തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കേണ്ടെന്നും പഠിക്കണമെന്നും കുട്ടി പറഞ്ഞു.
1999 ല്‍ ജനിച്ച പെണ്‍കുട്ടിയെ പതിനെട്ടുവയസ് പൂര്‍ത്തിയാകും മുന്‍പേ ഈ മാസം 18 ന് വിവാഹം കഴിപ്പിക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതിനെതിരെയായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നു. പഠിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ മാതാപിതാക്കള്‍ ഇതിന് അനുവദിക്കാതെയാണ് വിവാഹം കഴിപ്പിക്കാന്‍ തീരുമാനമെടുത്തത്.
തന്റെ ആവശ്യം നിരാകരിച്ച മാതാപിതാക്കള്‍ക്ക് ഒപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടി കൗണ്‍സിലര്‍മാരോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പൊലീസും കൗണ്‍സിലര്‍മാരുടെ ഒരു സംഘവും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. വിവാഹത്തിനുള്ള ക്ഷണക്കത്തുകള്‍ വരെ ഇവര്‍ വിതരണം ചെയ്തിരുന്നു. പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് 88.11 ശതമാനമാണ് പെണ്‍കുട്ടിക്ക് മാര്‍ക്ക് ലഭിച്ചത്. ഉന്നത പഠനം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ലാതെ വിവാഹം നടത്തില്ലെന്ന് മാതാപിതാക്കളില്‍ നിന്ന് പൊലീസ് എഴുതി വാങ്ങിയിട്ടുണ്ട്.
Post Your Comments