തിരുവനന്തപുരം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുമായി എ.സി കോച്ചില്‍ യാത്രചെയ്ത ഉന്നത ഉദ്യോഗസ്ഥനെ വനിതാ ടി.ടി.ഇ പൊക്കി. ആര്‍.പി.എഫ് കസ്റ്റഡിയിലായ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക വാഹനം വിളിച്ചുവരുത്തി കസ്റ്റഡിയില്‍ നിന്ന് മുങ്ങി. സംഭവം പൊല്ലാപ്പായതോടെ ആര്‍.പി.എഫുകാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാജപേരിലാണ് ഫൈന്‍ അടച്ചതെന്ന ആരോപണം വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് മുംബൈ സി.എസ്.ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ ഉദ്യോഗസ്ഥന്‍ കൊല്ലത്തുനിന്ന് കയറി. അതില്‍ രണ്ട് വനിതാ ടി.ടി.ഇമാരായിരുന്നു ഡ്യൂട്ടിയുണ്ടായിരുന്നത്. അവരെ സമീപിച്ച് കോള്‍ ചെയ്യാനായി മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ടി.ടി.ഇമാര്‍ തയ്യാറായില്ല. കോച്ചില്‍ ധാരാളം പുരുഷ യാത്രക്കാരുള്ളപ്പോള്‍ തങ്ങളുടെ ഫോണ്‍ ആവശ്യപ്പെട്ടതിനെ ഇവരിലൊരാള്‍ ചോദ്യം ചെയ്തു.
ട്രെയിന്‍ തിരുവനന്തപുരത്തെത്തിയശേഷം വനിതാ ടി.ടി.ഇ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസില്‍ ഡ്യൂട്ടിക്കെത്തി. എ.സി കോച്ചില്‍ ഡ്യൂട്ടിയില്‍ തുടരവേ നേരത്തെ കണ്യാള്‍ സെക്കന്‍ഡ് എ.സി കോച്ചില്‍ ഇരിക്കുന്നതുകണ്ടു. തന്നെ പിന്തുടരുകയാണോയെന്ന് സംശയിച്ച ടി.ടി.ഇ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടു. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചു. ടിക്കറ്റാകട്ടെ സ്‌ളീപ്പര്‍ കോച്ചിലേതുമായിരുന്നു. തുടര്‍ന്ന് ഇത് എ.സിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ 450 രൂപ ഒടുക്കാന്‍ ടി.ടി.ഇ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ടി.ടി.ഇ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ടി.ടി.ഇമാരെ വിളിച്ചുവരുത്തി. പിഴയൊടുക്കുകയോ സ്ലീപ്പറിലേക്ക് മാറുകയോ വേണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ പുരുഷ ടി.ടി.ഇമാര്‍ ഇദ്ദേഹത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ കഥാനായകന്‍ എതിര്‍ത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ടതോടെ പിഴയൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിതനായി. അതിനിടെ വനിതാ ടി.ടി.ഇ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. കൊല്ലത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെത്തി ആളെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് തന്റെ ഔദ്യോഗിക വാഹനം കൊല്ലം റെയില്‍വേസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥന്‍ ടി.ടി.ഇ ആര്‍.പി.എഫിന് കൈമാറിയ കുറ്റാരോപണ മെമ്മോ തന്ത്രപൂര്‍വം കൈവശപ്പെടുത്തി കാറില്‍ കയറി സ്ഥലംവിടുകയായിരുന്നത്രെ. കാറിലെ ബോര്‍ഡ് കണ്ടപ്പോഴാണ് കസ്റ്റഡിയിലുണ്ടായിരുന്നത് നിയമവകുപ്പുമായി ബന്ധമുള്ള ആളാണെന്ന് ആര്‍.പി.എഫിനും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായത്. സംഭവം വിവാദമായതോടെ ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥന്റെ വീട് മനസിലാക്കി നേരില്‍ കണ്ട് പ്രശ്‌നം തീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങി. അതേസമയം, അന്വേഷണത്തില്‍ വ്യാജപേരിലാണ് പിഴ ഒടുക്കിയതെന്ന് വ്യക്തമായി. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ആര്‍.പി.എഫ് വൃത്തങ്ങള്‍ പറയുന്നു.
Post Your Comments