തിരുവനന്തപുരം: കേട്ടാല്‍ ഞെട്ടും, കണ്ണൂരില്‍ വെള്ളിയാഴ്ച 2.30ന് മനുഷ്യര്‍ അനുഭവിച്ച ചൂട് 51 ഡിഗ്രി! കോഴിക്കോട്ട് 50 ഡിഗ്രി. കൊച്ചിയില്‍ 42. തിരുവനന്തപുരത്ത് 41. അന്തരീക്ഷ താപനിലയെക്കാള്‍ 12 ഡിഗ്രിയോളം കൂടുതലാണ് ഈ വേനലില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഇതാദ്യമായി പ്രസിദ്ധീകരിച്ച ഉഷ്ണസൂചികയി (ഹീറ്റ് ഇന്‍ഡക്‌സ്) ലാണ് ഈ വേനലിന്റെ കാഠിന്യവും ആരോഗ്യപ്രശ്‌നങ്ങളും വെളിപ്പെടുന്നത്. ഉഷ്ണസൂചിക എന്നത് മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ത്ഥ ചൂടാണ്. ഈ സൂചികയനുസരിച്ച് കേരളത്തിലെ മേല്പറഞ്ഞ നാല് മേഖലകളും ജീവിക്കാന്‍ അസുഖകരമായവിധം ചൂടുള്ളവയാണ്.
ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടിയ ഉഷ്ണസൂചികയാണ് കണ്ണൂരും കോഴിക്കോട്ടും. തൊട്ടുപിന്നിലുള്ള ഒഡിഷയിലെ ഭുവനേശ്വറിലെ സൂചിക 49 ഡിഗ്രിയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും 46 ഡിഗ്രിവരെയാണ് സൂചിക. മനുഷ്യശരീരം വല്ലാതെ തളരുകയും പേശീവലിവിന് കാരണമാവുകയും ചെയ്യുന്നതാണ് ഈ സമയമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു.
തണലുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയും വായുവിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യവും ഒരു സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാണ് ഉഷ്ണസൂചിക നിര്‍ണയിക്കുന്നത്.
ഉദാഹരണത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണ്ണൂരിലെ അന്തരീക്ഷ താപനില 38.6 ഡിഗ്രിയായിരുന്നു. വായുവിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം 51 ശതമാനം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഉഷ്ണസൂചിക 51 ഡിഗ്രി. ഇതേസമയം തിരുവനന്തപുരത്താകട്ടെ അന്തരീക്ഷ താപനില 35 ഡിഗ്രി. ഈര്‍പ്പാംശം 51 ശതമാനം. ഉഷ്ണസൂചിക 41 ഡിഗ്രി. അന്തരീക്ഷത്തിലെ ചൂടും ഈര്‍പ്പാംശവും ഉയര്‍ന്നാല്‍ ഉഷ്ണത്തിന്റെ രൂക്ഷതയും കൂടും.
ദിവസവും മൂന്നുമണിക്കൂര്‍ ഇടവിട്ടാണ് ഉഷ്ണസൂചിക പുറപ്പെടുവിക്കുന്നത്. കേരളത്തിന്റെ തെക്കേ അതിര്‍ത്തിയിലുള്ള കന്യാകുമാരിയിലെ സൂചിക 42 ഡിഗ്രി. എന്നാല്‍ വടക്കേ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മംഗളൂരുവില്‍ 40 ഡിഗ്രിയാണ്. കേരളത്തിലെ നാല് നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 20 നഗരങ്ങളിലാണ് ഉഷ്ണ സൂചിക 40 ഡിഗ്രിക്ക് മുകളിലുള്ളത്.
Post Your Comments