ഉണ്ണി മാക്സ്
അശാസ്ത്രീയവും കുറ്റകരവുമായ വ്യാജ ചികിത്സാതട്ടിപ്പിന് മറ്റൊരു ഇരകൂടി. സാക്ഷര കേരളത്തില്‍ തടി കുറയാന്‍ ഹെര്‍ബല്‍ മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു എന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. തടി കുറക്കാനും കൂട്ടാനും ധാരാളം മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ് ഇപ്പോള്‍. എന്നാല്‍ അതില്‍ പലതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നു വസ്തുത പലരും കാര്യമാക്കുന്നില്ല. തടി കൂടാന്‍ മരുന്ന് കഴിച്ചു വൃക്ക രോഗം വന്നവര്‍ ഒന്നോ രണ്ടോ അല്ല. ഇന്റെര്‍നെറ്റില്‍ നോക്കിയാല്‍ കിട്ടുന്ന പുതിയ അറിവുകള്‍ അപാരമാണ്. അര്‍ബ്ബുദം മുതല്‍ എയിഡ്സ് വരെ മാറ്റാനുള്ള മരുന്നുകള്‍ അവിടെ സുലഭം. ഹെര്‍ബല്‍ എന്ന ലേബലില്‍ വില കൂട്ടി ഇട്ടാല്‍ മതി, കച്ചവടം നഷ്ടം ആവില്ല. ആശ്വാസമുണ്ടാക്കും എന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നവരെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അത്തരം അത്ഭുത മരുന്നുകളുടെ ബിസിനസ്സുമായി വരുന്നവരൊക്കെ വെറും പറ്റിക്കലുകാരായിരിക്കും. അങ്ങനെ ഇന്ന് എതാവശ്യങ്ങള്‍ക്കും ലഭ്യമാകുന്ന പേരറിയാത്ത അനേകം വിഷങ്ങളുടെ ഉപഭോക്താക്കളായി നമ്മെ മാറ്റിക്കഴിഞ്ഞു. ബോഡി മെറ്റബോളിസം വരെ മാറ്റി മറിക്കാന്‍ തക്ക ശേഷിയുള്ള കെമിക്കലുകള്‍ ആണ് ഇത്തരം മരുന്നുകളില്‍ പലതിലും ഉള്ളത്. എന്നാല്‍ എല്ലാവരിലും ഈ മരുന്നുകളുടെ പ്രവര്‍ത്തനം ഒരുപോലെ ആകണം എന്നില്ലതാനും.
ഇവിടെ പത്രങ്ങളിലും മതിലിലും പോസ്റ്റുകളിലും വരെ കാണാം ചില പരസ്യങ്ങള്‍. പൈല്‍സ്, ഫിസ്റ്റുല തുടങ്ങി സകല രോഗങ്ങള്‍ക്കും എന്തിനു ലൈംഗിക ശക്തിക്ക് വരെ ഉള്ള ഒറ്റമൂലികള്‍. ലൈഗീക ചികിത്സ എന്ന പേരില്‍ മന്ത്രം ഓതിക്കൊടുത്ത് ഇരുട്ടുമുറിയില്‍ സ്ത്രീകളെ നഗ്നരാക്കി ഇരുത്തി പീഡിപ്പിച്ച വ്യാജസിദ്ധനെ പോലീസ് പൊക്കിയതും നമ്മുടെ നാട്ടില്‍ തന്നെ. അമാനുഷിക ശക്തി വരെ അവകാശപ്പെടുന്ന ഇത്തരം തട്ടിപ്പുകള്‍ ഒന്നും കേരളത്തില്‍ ഇതുവരെ ശക്തമായ നിയമം മൂലം നിരോധിച്ചിട്ടില്ല. ഉള്ള നിയമങ്ങള്‍ ആണെങ്കില്‍ പാലിക്കപ്പെടാതെ ഒതുങ്ങിയിരിക്കുന്നു. ഇന്നത്തെ ചികിത്സ ചെലവ് താങ്ങാനാവാത്ത സാധാരണക്കാര്‍ക്ക് പലപ്പോഴും ആശ്വാസമാവാറുള്ള പാരമ്പര്യ / ആയുര്‍വേദ വിഭാഗങ്ങള്‍ക്ക് ഭീഷണിയുമാകുന്നു വ്യാപകമാവുന്ന ഇത്തരം തട്ടിപ്പുകള്‍ പതിവായി അരങ്ങേറിയിട്ടും അധികാരികളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാത്തത് ആശ്ചര്യകരമാണ്.
മലയാളികളുടെ മരുന്നുകളോടും ചികില്സയോടുമുള്ളഅമിത പ്രിയം പ്രസിദ്ധമാണ്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മരുന്നുകളുടെ 15% തിന്നുതീര്‍ക്കുന്നത് മലയ്യാളികളാണത്രേ! പുറം രാജ്യങ്ങളില്‍ ഡോക്ടര്‍ ഒരു മരുന്ന് കൊടുക്കുന്നത് തന്നെ വളരെ ആലോചിച്ചും അത്യാവശ്യം എങ്കില്‍ മാത്രവുമാണ്. തൊന്ദവെദനയുമായി ചെന്നാല്‍ ഐസ്ക്രീം കഴിക്കാനാണ് അവര്‍ പറയുക. സ്വാഭാവികമായി രോഗം മാറാനുള്ള സമയം കൊടുക്കാന്‍ ഇവിടെ അനുവദിക്കാറില്ല.അടുത്തിടെ ഒരു സുഹൃത്ത് നിസാരമായൊരു പ്രശ്നവുമായി ഡോക്ടറെ കാണാന്‍ചെന്നു- വായിലൊരു പുണ്ണ്. അതായിരുന്നുകാര്യം. ആ ഡോക്ടര്‍ കുറിച്ചത് ആന്റിബയോട്ടിക് ഉള്‍പ്പെടെ നാല് കൂട്ടം ഗുളികകള്‍! രണ്ടു നേരംകഴിച്ചപ്പോഴേ ക്ഷീണം ആയി, പിന്നെ കഴിച്ചതുമില്ല. ചെറിയൊരു പനി വന്നാല്‍ പോലും ഡോക്റ്ററെ കണ്ടോ കാണാതെയോ ഉടനടി മരുന്ന് കഴിക്കുന്നതാണ് നമ്മള് മലയാളികളുടെ ശീലം. കഴിച്ചു കഴിച്ചു പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി നഷ്ടമാകുന്നു, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ വളരെ വലുതായിരിക്കും. മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങി കഴിക്കുന്ന മലയാളികളുടെ ‘ഇഷ്ടമരുന്നുകള്‍’ പലതും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട് . മാര്‍ച്ച് 12ന് പുറത്തിറങ്ങിയ ഉത്തരവനുസരിച്ച് 350 ഓളം ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളാണ്(എഫ്ഡിസി) നിരോധിച്ചത്.
വിരാമതിലകം: എല്ലാ കാര്യത്തിലും നമ്മള് മലയാളി സമൂഹം കാണിക്കുന്ന ആരംഭശൂരത്വം മാത്രമേ ഇക്കാര്യത്തിലും പ്രതീക്ഷിക്കാവുള്ളു. സംഭവാനന്തര പ്രതികരണവും താല്‍ക്കാലിക നടപടികളും. അത്ര തന്നെ. പെട്ടെന്ന് ചോദിച്ചാല്‍ നമ്മുടെ ആരോഗ്യമന്ത്രിയുടെ പേരുപോലും വാര്‍ത്തയില്‍ നിറയുന്ന മറ്റു പലമാന്ത്രിമാരെയും പോലെ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നെന്നിരിക്കില്ല നമ്മില്‍ പലര്‍ക്കും! മരുന്ന് കമ്പനീടെ പേര് പറയാന്‍ മാധ്യമങ്ങള്‍ മറക്കുന്നത് പോലെ,,,
Post Your Comments