ന്യൂഡെല്‍ഹി: യുപിഎ ഗവണ്മെന്‍റിന്‍റെ കാലത്തെ സിബിഐ ചീഫ് ആയിരുന്ന രഞ്ജിത്ത് സിന്‍ഹ കല്‍ക്കരിഖനി അഴിമതിക്കേസിന്‍റെ അന്വേഷണത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതിന് മതിയായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ദൗത്യസംഘം കണ്ടെത്തി. മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ എം.എല്‍. ശര്‍മ നയിക്കുന്ന ദൗത്യസംഘം ഈ കണ്ടെത്തലിന്‍റെ വിശദവിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
രഞ്ജിത്ത് സിന്‍ഹ സിബിഐ ഡയറക്ടര്‍ ആയിരുന്ന സമയത്ത് കല്‍ക്കരിഖനി അഴിമതിക്കേസില്‍ സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രങ്ങളുടെ പരിശോധനയിലൂടെയാണ് ദൗത്യസംഘം ഈ കണ്ടെത്തല്‍ നടത്തിയത്. മുദ്രവച്ച കവറില്‍ അടങ്ങിയ ഈ കണ്ടെത്തലിന്‍റെ വിശദവിവരങ്ങള്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലൊകൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ചിന്‍റെ മുന്‍പിലാണ് സമര്‍പ്പിക്കപ്പെട്ടത്.
സിന്‍ഹയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ അവസാനിപ്പിച്ച കല്‍ക്കരിഖനി അഴിമതിയിലെ പ്രാഥമികാന്വേഷണ വിവരങ്ങള്‍ തങ്ങള്‍ക്ക് പരിശോധനയ്ക്കായി ലഭിക്കണമെന്ന അപേക്ഷയും ദൗത്യസംഘം സമര്‍പ്പിച്ചു.
കല്‍ക്കരിഖനി അഴിമതിയിലെ അന്വേഷണം നടന്നിരുന്ന സമയത്ത് പ്രതികളായ പലരും നേരിട്ടും അല്ലാതെയും സിന്‍ഹയുടെ ഔദ്യോഗിക വസതിയില്‍പ്പോയി അദ്ദേഹത്തെ പലതവണ കണ്ടതായി സിന്‍ഹയുടെ വസതിയിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡയറിയില്‍ നിന്ന് ദൗത്യസംഘത്തിന് മനസ്സിലായി. ഇതേവിവരം ചൂണ്ടിക്കാണിച്ച് അഡ്വക്കെറ്റ് പ്രശാന്ത് ഭൂഷകണ്‍ സമര്‍പ്പിച്ച പരാതിക്ക് മറുപടിയായാണ് കോടതി ദൗത്യസംഘം രൂപീകരിച്ചത് തന്നെ.
Post Your Comments