കോട്ടയം: വിഷുവിനായി വാങ്ങിയ പടക്കം പൊട്ടുമെന്ന് എന്താണ് ഉറപ്പ്, പൊട്ടിച്ചു നോക്കുക മാത്രമേ മാര്‍ഗമുള്ളൂ, പക്ഷേ പൊട്ടിച്ചതു തിരക്കുള്ള ഭാഗത്തായതിനാല്‍ നഗരം നടുങ്ങി, സ്‌ഫോടനമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമാണു സംഭവം.
നഗരത്തിലെ കടയില്‍നിന്നു വാങ്ങിയ പടക്കവുമായി ഓട്ടോറിക്ഷയില്‍ മൂന്നു യുവാക്കള്‍ സ്റ്റാന്‍ഡിന് എതിര്‍വശത്തെത്തി. ഇവര്‍ അല്‍പ്പം മദ്യലഹരിയിലായിരുന്നുവെന്നു പറയുന്നു. ഇവിടെയുള്ള ഇടവഴിയില്‍നിന്ന സംഘം തൊട്ടു മുന്നിലെ ബീവറേജസ് ചില്ലറ വില്‍പ്പനശാലയില്‍ ക്യൂനിന്നവരുടെ പിന്നിലെത്തി ആദ്യം ഒരു പടക്കം പൊട്ടിച്ചു,
വീണ്ടും ഒന്നു കൂടി പൊട്ടിച്ചതോടെ പ്രദേശത്തുള്ളവര്‍ പരിഭ്രാന്തരായി ഓടി. ഇതോടെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും പടക്കം പൊട്ടിച്ചവര്‍ സ്ഥലം വിട്ടു.
സ്ഥലത്തുണ്ടായിരുന്നവര്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ പോലീസിനു നല്‍കിയതിനാല്‍ മിനിറ്റുകള്‍ക്കകം ഇവരെ പിടികൂടാനായി. ചോദ്യം ചെയ്തപ്പോള്‍, വാങ്ങിയ പടക്കം പൊട്ടുമോയെന്നറിയാന്‍ പരീക്ഷിച്ചതാണെന്ന വിനീതമായ മറുപടി കേട്ടതോടെ പൊലീസ് ഇവരെ വിട്ടയച്ചു
Post Your Comments