റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. ധനലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരുപിടി നടപടികളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇന്നലെ പ്രഖ്യാപിച്ച 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള ആദ്യ ദൈ്വമാസ സാമ്പത്തിക അവലോകന നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യമേഖലയില്‍ നിക്ഷേപം കുറഞ്ഞതു കണക്കിലെടുത്ത് വളര്‍ച്ച ശക്‌തമാക്കാനായി പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തിയതായി രഘുറാം രാജന്‍ പറഞ്ഞു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. പണം നല്‍കുന്നതിനുള്ള നിരക്കായ റിപ്പോ 6.5 ശതമാനമായി കുറഞ്ഞു.
ബാങ്കുകള്‍ അധികഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോഴുള്ള പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ ആറു ശതമാനവുമായി. പലിശനിരക്കില്‍ കുറവുവരുത്താനുള്ള ആര്‍.ബി.ഐ. തീരുമാനം വാഹന, ഭവന വായ്‌പകള്‍ പ്രിയങ്കരമാക്കും. ഹ്രസ്വകാലവായ്‌പകള്‍ക്കുള്ള പലിശനിരക്ക് 6.5 ആക്കി അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ 1.5 ശതമാനത്തിന്റെ കുറവാണ് ആര്‍.ബി.ഐ. നിരക്കില്‍ വരുത്തിയിട്ടുള്ളത്. നിരക്കിലെ കുറവോടെ വായ്‌പകള്‍ കൂടുതല്‍ പ്രിയങ്കരമാകുമെന്നു ധനനയം വ്യക്‌തമാക്കിക്കൊണ്ടു ആര്‍.ബി.ഐ. ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. ആര്‍.ബി.ഐ. തീരുമാനത്തെത്തുടര്‍ന്ന്‌ബാങ്കുകള്‍ പലിശനിരക്കില്‍ മാറ്റം വരുത്തുമെന്നാണു പ്രതീക്ഷയെന്നു ധനസെക്രട്ടറി ശക്‌തികാന്ത് ദാസ് പറഞ്ഞു. ചില ബാങ്കുകള്‍ ഇതിനോടകം നിരക്കില്‍ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ടെന്നും ദാസ് വ്യക്‌തമാക്കി.
പ്രതീക്ഷച്ചതുപോലെ തന്നെയായിരുന്നു നിരക്കു കുറച്ചതെങ്കിലും ഓഹരിസൂചികകള്‍ പ്രതികൂലമായാണു പ്രതികരിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക 516 പോയിന്റ് കുറഞ്ഞ് 24,883.59ല്‍ അവസാനിച്ചു. ബാങ്കുകള്‍ക്ക് ഒറ്റയടിക്ക് എടുക്കാവുന്ന കടത്തിന്റെ പരിധി 1,34,500 കോടി രൂപയില്‍ നിന്ന് 1,93,500 കോടിയാക്കിയതായും അവലോകനനയം വ്യക്‌തമാക്കുന്നു. പണപ്പെരുപ്പ നിയന്ത്രണ നീക്കങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണെന്നും സാമ്പത്തികവര്‍ഷത്തിന്റെ ശേഷിച്ച കാലത്ത് വിലക്കയറ്റം അഞ്ചുശതമാനത്തിനുള്ളില്‍ നില്‍ക്കുമെന്നും വളര്‍ച്ചാ സാധ്യതകളെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെയായിരിക്കും റിസര്‍വ് ബാങ്ക് ധനനയം തുടരുക എന്നും റിസര്‍വ് ബാങ്ക് വ്യക്‌തമാക്കി.
Post Your Comments