NewsInternational

വ്യവസായ പദ്ധതികള്‍ക്കായി തുറമുഖത്ത് പുതിയ ജലശുദ്ധീകരണശാല ആരംഭിച്ചു

മസ്‌കറ്റ്: ജലക്ഷാമം നേരിടുന്ന സൊഹാര്‍ വ്യവസായ തുറമുഖത്ത് പുതിയ ജലശുദ്ധീകരണശാല പ്രവര്‍ത്തനമാരംഭിച്ചു. മണിക്കൂറില്‍ നാലു ലക്ഷം ഘന മീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പദ്ധതി തുറമുഖത്തെ വ്യവസായ സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനകരമാവും. ഒമാന്‍ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ സാലിം അല്‍ തൂബി പുതിയ ജലശുദ്ധീകരണശാല ഉദ്ഘാടനം ചെയ്തു. സൊഹാര്‍ വ്യവസായ തുറമുഖത്തെ രണ്ടാമത്തെ കടല്‍ജല ശുദ്ധീകരണ പദ്ധതിയാണിത്. തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ സംരംഭങ്ങള്‍ക്കും ജലമെത്തിക്കാന്‍ 7,869 ചതുരശ്ര മീറ്റര്‍ പ്രദേശത്തായി ഒരുക്കിയ രണ്ടാമത്തെ ശുദ്ധീകരണശാല പര്യാപ്തമാണെന്ന് അധികൃതര്‍ പറഞ്ഞു.

വടക്കന്‍ ബാത്തിന ഗവര്‍ണര്‍ ഷെയ്ഖ് മുഹന്ന ബിന്‍ സൈഫ് അല്‍ ലംകി, മജീസ് ഇന്‍ഡസ്ട്രിയല്‍ സര്‍വിസ് കമ്പനി സി.ഇ.ഒ അഹമദ് ബിന്‍ സൈഫ് അല്‍ മസ്‌റൂഹി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയില്‍നിന്ന് ലിവ പ്‌ളാസ്റ്റിക് കമ്പനിയിലേക്ക് 1.27 ലക്ഷം ഘന മീറ്റര്‍ ജലം മണിക്കൂറില്‍ നല്‍കും. ഷിനാസ് പവര്‍ ജനറേഷന്‍ സ്റ്റേഷനിലേക്ക് മണിക്കൂറില്‍ 1.20 ലക്ഷം ഘന മീറ്റര്‍ ജലവും, ഗള്‍ഫ് ഒമാന്‍ ഡിസലിനേഷന്‍ കമ്പനിക്ക് മണിക്കൂറില്‍ 20,000 ഘനമീറ്റര്‍ ജലവും മജീസ് ഇന്‍ഡസ്ട്രിയല്‍ സര്‍വിസസിന് 26,000 ഘന മീറ്റര്‍ ജലവും നല്‍കാനാവും. സൊഹാര്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയാണ് പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്ത് ജല ഉപഭോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി ജലശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ഗൂബ്ര ജലശുദ്ധീകരണ പദ്ധതിയുടെ വിപുലീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. സൊഹാര്‍ ജലശുദ്ധീകരണ ശാലയിലും അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. പുതിയ പദ്ധതികളിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പ്രോത്സാഹനം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button