വടകര: വടകരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ വനിതാ കോണ്‍ഗ്രസ് നേതാവിനേയും ഒരു സംഘമാളുകള്‍ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ വടകരയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്ഐ പി.എസ്.ഹരീഷ്, എഎസ്ഐ ബാബുരാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് ട്രാഫിക് എസ്പി വിജയകുമാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നടപടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരനെതിരെ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനൊന്നിനാണ് തിരുവള്ളൂര്‍ മുരളിയേയും വനിതാ കോണ്‍ഗ്രസ് നേതാവിനെയും മുരളി പ്രസിഡന്റായ സൊസൈറ്റി ആസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ പൂട്ടിയിട്ടത്. പിന്നീട് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലേബര്‍ സൊസൈറ്റിയില്‍ മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഇവരെ പൂട്ടിയിട്ടത്. സംഭവത്തിന് പുറകില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച നേതാക്കള്‍ തങ്ങളെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിശോധനാ ഫലത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിക്കുകയും ചെയ്തില്ല.
Post Your Comments