മൂന്നാര്‍: ഇടമലക്കുടി നിവാസികള്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.വാഹനങ്ങള്‍ എത്തിയിട്ടില്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇന്നലെയാണ് ആദ്യമായി ഒരു വാഹനം എത്തിയത്.ജീപ്പ് എത്തിയതോടെ തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി സമൂഹം.പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെ ജീപ്പ് എത്തിയെന്നറിഞ്ഞ് ഇടമലക്കുടിയിലെ വിവിധ ഊരുകളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. വനാതിര്‍ത്തിയായ പെട്ടിമുടിയില്‍ നിന്നും ഇഡ്ഡലിപ്പാറ സെറ്റില്‍മെന്റ് വരെ ജീപ്പുകള്‍ നേരത്തെ ഓടി തുടങ്ങിയിരുന്നു.തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ഇവിടംവരെ റോഡ് വെട്ടിയത്. എന്നാല്‍ ഇഡ്ഡലിപ്പാറയില്‍ നിന്നു റോഡിന്റെ തുടര്‍നിര്‍മാണം നിലച്ചിരിക്കുകയായിരുന്നു.പിന്നീട് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരമാണ് ഇഡ്ഡലിപ്പാറയില്‍ നിന്ന് സൊസൈറ്റിക്കുടി വരെ റോഡ് എത്തിയത്.സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ആഴ്ചകള്‍ നീണ്ട ശ്രമദാനത്തിന് ഒടുവിലാണ് വഴി യാഥാര്‍ഥ്യമായത്.എന്നാല്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ വനം വകുപ്പ് അനുവദിച്ചില്ല. ഇതോടെ കടുത്ത പ്രതിഷേധത്തിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി സമൂഹം. ഡി.എഫ.ഒ കെ.ആര്‍ സാബുവിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ മുതല്‍ ഇടമലക്കുടിയിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടത്.
Post Your Comments