ആലപ്പുഴ: സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‍ ഇടഞ്ഞുനില്‍ക്കുന്ന കെ.ആര്‍.ഗൗരിയമ്മയേയും ജെഎസ്എസിനേയും അനുനയിപ്പിക്കാന്‍ സിപിഎം പ്രത്യേക പാക്കേജ് തയാറാക്കി. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷം പാക്കേജ് വിവരങ്ങള്‍ ഗൗരിയമ്മയെ നേരിട്ടറിയിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താനാണ് സാദ്ധ്യത. ഇന്ന്‍ വൈകുന്നേരം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്കും ഗൗരിയമ്മയെ കണ്ട് ചര്‍ച്ച നടത്തുന്നുണ്ട്.
ഇന്നലെ ജെഎസ്എസ് നേതാക്കളുമായി കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്ത ഗൗരിയമ്മയ്ക്കും പാര്‍ട്ടിക്കും സിപിഎമ്മിനോടുള്ള വിരോധനിലപാടില്‍ അയവു വന്നതായാണ് സൂചന.
അധികാരത്തില്‍ വന്നാല്‍ ജെഎസ്എസിന് കാബിനറ്റ് പദവിയുള്ള കോര്‍പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍, പി.എസ്.സി അംഗത്വം അടക്കമുള്ള സുപ്രധാന തസ്തികകള്‍ എന്നിവ സിപിഎം വാഗ്ദാനം ചെയ്യും.
ഇവയ്ക്കെല്ലാം പുറമേ ഏതാനും സ്ഥാനങ്ങളും ജെഎസ്എസിന് വാഗ്ദാനം ചെയ്യാന്‍ സിപിഎമ്മിന് ആലോചനയുണ്ട്. ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങണമെന്ന ആവശ്യവും ചര്‍ച്ചയില്‍ സിപിഎം വീണ്ടും ഉന്നയിക്കും.
ജെഎസ്എസിന്‍റെ സ്വത്തുക്കള്‍ ഒരു പ്രത്യേക ട്രസ്റ്റാക്കി മാറ്റാമെന്നും അവ സിപിഎമ്മിന് വേണ്ടെന്നും ഉള്ള നിര്‍ദ്ദേശവും ഗൗരിയമ്മയ്ക്ക് മുന്‍പില്‍ വയ്ക്കും.
Post Your Comments