തിരുവനന്തപുരം: നെടുമങ്ങാട് നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ രണ്ടേക്കര്‍ സ്ഥലം സ്വകാര്യ ട്രസ്റ്റിന് നല്കാന് നല്കാന് റവന്യൂവകുപ്പിന്റെ ഉത്തരവ്. ജയില്‍ വകുപ്പിന്റെ അധീനതയിലുള്ളതാണ് ഭൂമി., എന്നാല്‍ ജയില്‍ വകുപ്പ് സെക്രട്ടറിയോട് പോലും റിപ്പോര്‍ട്ട് തേടാതെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. തീരുമാനം പുന:പരിശോധിക്കണമെന്ന് കാണിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് കത്ത് നല്‍കിയിരുന്നു.എന്നാല്‍ ഈ കത്ത് തള്ളി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിര്‍ദേശം നല്കി.
സ്കൂള്‍ നിര്‍മിക്കാന്‍ തുറന്ന ജയിലിന്റെ രണ്ടേക്കര്‍ ഭൂമി വിട്ട് നല്‍കണമെന്ന് കാണിച്ച് പോത്തന്‍കോട് ചിന്താലയ ആശ്രമ ട്രസ്റ്റ് 2013 ലാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ലാന്‍ഡ് റവന്യുകമ്മീഷണര്‍ റവന്യുവകുപ്പിന് റിപ്പോര്‍ട്ട് നല്കി.
30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനാണ് ഭൂമി നല്‍കിയിട്ടുള്ളത്. ഭൂമി പണയപ്പെടുത്താനോ മരങ്ങള്‍ മുറിച്ചുമാറ്റാനോ പാടില്ലെന്നതുള്‍പ്പെടെ എട്ട് ഉപാധികളോടെയാണ് ഭൂമി നല്‍കിയത്. കമ്പോളവിലയുടെ 10 ശതമാനം വാര്‍ഷിക പാട്ടമായി നല്‍കണം.
നെട്ടുകാല്‍ത്തേരി ഉള്‍പ്പെടുന്ന 486 ഏക്കര്‍ വനഭൂമിയായിരുന്നു. 1964 ജൂണിലാണ് ഇത് ജയില്‍ വകുപ്പിന് ദീര്‍ഘകാല പാട്ടത്തിന് നല്‍കിയത്. ഈ പാട്ടവ്യവസ്ഥ നിലനില്‍ക്കേയാണ് റവന്യുവകുപ്പ് ഭൂമി മറിച്ച് നല്‍കിയത്. എന്നാല്‍ ഭൂനികുതി രജിസ്റ്ററില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റവന്യുവകുപ്പിന്റെ ന്യായം. എ.എസ് 357/64 അഗ്രി എന്ന ഉത്തരവ് പ്രകാരം ഭൂമി ജയില്‍ വകുപ്പിന് പാട്ടത്തിന് നല്‍കിയതാണെന്ന് ലാന്‍ഡ് റവന്യൂകമ്മീഷണറും അറിയിച്ചതാണ്. എന്നിട്ടും പുറമ്പോക്ക് ഭൂമിയെന്നത് അടിസ്ഥാനമാക്കിയാണ് റവന്യൂവകുപ്പ് ഭൂമി പതിച്ച് നല്കി ഉത്തരവ് ഇറക്കിയത്.
Post Your Comments