ബാഴ്‌സലോണ: ലോകത്ത് ഏറ്റവുമധികം ആളുകള്‍ നേരിട്ടും, ടെലിവിഷന്‍-ഇന്‍റര്‍നെറ്റ് മുതലായ മാധ്യമങ്ങള്‍ വഴിയും കാണുന്ന മത്സരങ്ങളില്‍ ഒന്നായ “എല്‍-ക്ലാസിക്കോ” ഇന്ന്‍ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ‘നൌ ക്യാമ്പില്‍’ അരങ്ങേറും. ബാഴ്‌സലോണയും ചിരവൈരികളായ റയല്‍ മാഡ്രിഡും കൊമ്പുകോര്‍ക്കുന്ന ഈ മത്സരം “എല്‍-ക്ലാസിക്കോ (ദി ക്ലാസിക്ക്)” എന്നാണ് അറിയപ്പെടുന്നത്.
ഏറ്റവുമൊടുവില്‍ റയലിന്‍റെ ഹോം ഗ്രൌണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ കഴിഞ്ഞ നവമ്പറില്‍ എറ്റുമുട്ടിയപ്പോള്‍ ബാഴ്സ റയലിനെ 4-0 എന്ന സ്കോറിന് തോല്‍പ്പിച്ച് നാണം കെടുത്തിയിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഏറ്റ ആ തോല്‍വി അന്നത്തെ റയല്‍ പരിശീലകന്‍ റാഫേല്‍ ബെനിറ്റസിന്‍റെ കസേര തെറിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ ഇതിഹാസ താരം സിനദിന്‍ സിദാന്‍റെ ശിക്ഷണത്തിന്‍ കീഴിലായ റയല്‍ നവംബറിലെ തോല്‍വിക്ക് പകരം ചോദിക്കാനുള്ള മോഹവുമായിട്ടായിരിക്കും നൌ ക്യാപില്‍ ഇറങ്ങുക.
പക്ഷേ നിലവിലെ ഫോമില്‍ ബാഴ്സയെ കീഴടക്കുക റയലിന് എളുപ്പമാവില്ല. തുടര്‍ച്ചയായി 39 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ബാഴ്സ തങ്ങളുടെ “എംഎസ്എന്‍” – മെസ്സി, സുവാരസ്, നെയ്മര്‍ – ത്രയത്തിന്‍റെ മിന്നുന്ന ഫോമില്‍ കീഴടക്കാന്‍ ഏറ്റവും പ്രയാസമുള്ള ടീമായി മാറിയിരിക്കുകയാണ്. “എംഎസ്എന്‍”-ന് പകരം റയല്‍ നിരയിലുള്ള “ബിബിസി” – ബെയില്‍, ബെന്‍സെമ, ക്രിസ്റ്റ്യാനോ – ത്രയത്തിലാകും സിദാനും റയല്‍ ആരാധകരും വിശ്വാസമര്‍ക്കുക. മത്സരത്തിനു മുന്‍പ് തന്നെ ഗാരത്ത് ബെയില്‍ ബാഴ്സക്ക് മുന്നറിയിപ്പും കൊടുത്തു കഴിഞ്ഞു.
ഏതായാലും, എല്ലാത്തവണത്തേയും പോലെ ആരാധകരെ ആവേശക്കൊടുമുടിയില്‍ നിര്‍ത്തുന്ന തീപാറുന്ന ഒരു പോരാട്ടം തന്നെ ഇക്കുറിയും പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമയം രാത്രി 12:00 മണിക്കാണ് കിക്കോഫ്.
Post Your Comments