തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്ല്യനിര്‍ണ്ണയം ഇന്നുമുതല്‍ 16 വരെ. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി 11,059 അദ്ധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 1000 പേരുടെ റിസര്‍വ് പട്ടികയും തയാറാണ്. ഫലപ്രഖ്യാപനം ഈ മാസം അവസാനവാരം ഉണ്ടാകും. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് മേഖലകളിലായി ശരാശരി 13 മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങള്‍ വീതം തയാറാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട 4.30 വരെയാകും ക്യാമ്പുകളിലെ മൂല്യനിര്‍ണ്ണയം. ഞായറാഴ്ചകളിലും വിഷുവിനും ക്യാമ്പ് അവധിയായിരിക്കും.
ഇന്ന്‍ ഉച്ചവരെ റിസര്‍വ് പട്ടികയിലുള്ള അദ്ധ്യാപകര്‍ ഉള്‍പ്പെടെ ഇരട്ട മൂല്യനിര്‍ണ്ണയമായിരിക്കുമെന്ന് പരീക്ഷാ സെക്രട്ടറി കെ.എ.ലാല്‍ അറിയിച്ചു. നാളെമുതല്‍ മാര്‍ക്കുകള്‍ പരീക്ഷാഭവന്‍റെ സെര്‍വറിലേക്ക് അപ് ലോഡ് ചെയ്ത് തുടങ്ങും.
ക്യാമ്പ് 16-ന് അവസാനിക്കും. മാര്‍ക്ക് എന്‍ട്രികള്‍ 17-നകം പൂര്‍ത്തിയാക്കും. പരിശോധന 20-ന് പൂര്‍ത്തിയാകുകയും അന്തിമഫലം 25-നകം തയാറാക്കുകയും ചെയ്യും.
പരീക്ഷാ പാസ്ബോര്‍ഡ് യോഗംചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കിയാലുടന്‍ പ്രഖ്യാപനം.
Post Your Comments