കരിപ്പൂര്‍ : ഐ.എസ് മാതൃകയില്‍ തീവ്രവാദ സംഘടനകള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് നടത്താന്‍ ശ്രമം നടത്തുന്നതായും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്കി.
ലഷ്കര്‍-ഇ-തോയ്ബയുടെ ധന സമാഹരണ വിഭാഗമായ ജമാ അത്ത് ഉദ് ദവ്വ പുതുതായി ആരംഭിച്ച വെബ്സൈറ്റ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നസര്‍ ഇ പാക്കിസ്ഥാന്.കോം എന്ന പേരിലാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
2015 ഡിസംബര്‍ അവസാനമാണ് ലഷ്കര്‍-ഇ-തോയ്ബ പുതിയ സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ഈ രംഗത്തേയ്ക്ക് അവസാനമാണ് ഇവരുടെ കടന്നുവരവെങ്കിലും വന്‍ ഭീഷണിയായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇതിനെ കാണുന്നത്.
കശ്മീരിനെ ലക്ഷ്യം വെച്ച് നിരവധി ലേഖനങ്ങളാണ് ഈ സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ഈ സൈറ്റ് ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്.എ.കെ.47 കൈലേന്തിയ യുവാക്കളുടെ ചിത്രമാണ് ഇതില്‍ മുഖ ചിത്രമായി നല്‍കിയിരിക്കുന്നത്.
ഇതിനുപുറമെ യുവാക്കളെ ആകര്‍ഷിക്കുന്ന നിരവധി ലേഖനങ്ങള്‍ ഹാഫിസ് സയ്യിദ് തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിലൂടെ കശ്മീര്‍ വിഘടനവാദികള്‍ക്ക് തുറന്ന സഹായം നല്‍കുകയും യുവാക്കളെ ആകര്‍ഷിക്കുകയുമാണ് തന്ത്രം. ഐ.എസ് മാതൃകയില്‍ ഓണ്‍ലൈന്‍ പ്രചാരണം സംഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം.
10 വര്‍ഷം മുന്‍പ് തന്നെ ലഷ്കര്‍-ഇ-തോയ്ബ സ്വന്തമായി ടെക്നിക്കല്‍ ടീമിനെ ഉണ്ടാക്കിയിരുന്നു. സ്വന്തമായി ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുക, സോഫ്റ്റ്വെയര് നിര്‍മിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ചുമതല. 2011 ലെ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സേനകളുടെ കണ്ണ് വെട്ടിക്കാന്‍ ഈ സൈബര്‍ സംഘമാണ് അവരെ സഹായിച്ചത്.
സൈന്യത്തിന്റെ നീക്കങ്ങളറിയാന്‍ തീവ്രവാദികള്‍ക്കായി ഇവര്‍ സാറ്റലൈറ്റ് ഫോണുകളും കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും നിര്‍മിക്കുന്നതായി വിവരമുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ പുതിയ നിര്‍ദേശം.
Post Your Comments