NewsInternational

ദുബായ് വിമാനത്താവളത്തിലെ അത്യാധുനിക സംവിധാനങ്ങള്‍; ഓരോ യാത്രക്കാരനെയും അരിച്ചുപെറുക്കി നിരീക്ഷിക്കുന്നു

ദുബായ്: വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ 9221 ആത്യാധുനിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതര്‍. പ്രത്യേക ഓപ്പറേഷന്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറക്കണ്ണുകള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും പോവുകയും ചെയ്യുന്ന ഓരോ വ്യക്തിയേയും നിരീക്ഷണ വിധേയമാക്കും. ചലനങ്ങളിലോ ഭാവങ്ങളിലോ വ്യത്യാസം തോന്നുന്നവരെ ഉടനടി പിടികൂടാന്‍ പൊലീസ് സദാ സജ്ജവുമാണ്.

വിമാനത്താവളങ്ങളോട് അനുബന്ധിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമേ ദുബായ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓപ്പറേഷന്‍ റൂമുകളുമായും എയര്‍പോര്‍ട്ട് ക്യാമറകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന ക്യാമറകള്‍ക്കു പുറമേ 4800 ഉദ്യോഗസ്ഥരെയും വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഒരാളുടെ ശരീരഭാഷയും അംഗവിക്ഷേപങ്ങളും അതിസൂക്ഷ്മമായി മനസ്സിലാക്കാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് രാജ്യത്തേക്കുള്ള അതിഥികളെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കുകയെന്നു വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹജ് പറഞ്ഞു.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവ അതിവേഗം കണ്ടെത്താന്‍ നടപടികളുണ്ട്. കാണാതായ വസ്തുക്കളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ സമയ നഷ്ടം കൂടാതെ അവ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത സാധനങ്ങളുമായി വരുന്നവരെ നിമിഷങ്ങള്‍ക്കകം കണ്ടെത്താന്‍ നിരീക്ഷണ സംവിധാനങ്ങള്‍ പര്യാപ്തമാണ്. നിരോധിത സാധനങ്ങള്‍ ഉണ്ടെന്നു വ്യക്തമായാല്‍ രേഖകള്‍ പകര്‍ത്തിയ ശേഷം പൊലീസ് നടപടികള്‍ക്കായി കൈമാറും. ഇത്തരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും വിധം വിമാനാത്തവളത്തിലെ പ്രക്രിയകള്‍ ‘സ്മാര്‍ട്’ ആയതായി അലി അതീഖ് ബിന്‍ ലാഹജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button