മാള : മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത നെല്‍വയല്‍ സ്വകാര്യ കമ്പനിക്ക് നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് വിവാദമാകുന്നു. വിവാദസ്വാമി സന്തോഷ് മാധവനില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കി കൈമാറുന്നത്.
ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ ആര്‍.എം ഇസഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിക്ക് ഭൂമി നല്‍കുന്നുവെന്നാണ് മാര്‍ച്ച് മൂന്നിന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഇത് സന്തോഷ് മാധവന്റെ തന്നെ കമ്പനിയാണെന്നാണ് കരുതുന്നത്. എറണാകുളം പുത്തന്‍ വേലിക്കര വില്ലേജിലെ 95.44 ഏക്കറും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മടത്തുപടി വില്ലേജില്‍ 32.42 ഏക്കറും വരുന്ന നെല്‍വയലുകളാണ് കൈമാറുന്നത്.
ആര്‍.എം ഇസഡ് എക്കോവള്‍ഡിന്റെ കീഴിലുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഭൂമി ഏറ്റെടുക്കുന്നത്. 1,600 കോടി രൂപയുടെ നിക്ഷപം നടത്തുമെന്നും 20,000 മുതല്‍ 30,000 വരെ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നുമാണ് അവകാശപ്പെടുന്നത്. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ബെംഗളൂരു ആസ്ഥാനമായ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കായാണ് സന്തോഷ് മാധവന്‍ വയലുകള്‍ വാങ്ങിയതെന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തതോടെ നിയമനടപടികളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി സര്‍ക്കാര്‍ ഈ സ്ഥലമത്രെയും മിച്ചഭൂമിയായി ഏറ്റെടുത്തു. ഈ വയലുകളാണ് 1964 ലെ ഭൂപരിഷ്‌കരണ നിയമത്തിലെ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കി ഉത്തരവായത്. അനുമതിയോടെ ഈ വയലുകളെല്ലാം നികത്താനും ഇതോടെ സാധിക്കും.
Post Your Comments