തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ലാറ്റ് കൊലപാതക കേസിലെ മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. കൊടകര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ളോക്ക് പ്രസിഡന്റുമായ വി.എ. റഷീദാണ് പാലക്കാട് കോടതിയില്‍ കീഴടങ്ങിയത്.
ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് തിങ്കളാഴ്ച അറസ്റ്റിലായ കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര് രാംദാസിനെ ഏപ്രില്‍ അഞ്ച് വരെ തൃശൂര്‍ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു. വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞു വീണ ഇയാളെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലെ പ്രിസണേഴ്സ് വാര്‍ഡിലേക്കും മാറ്റി.
മുപ്പതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് റഷീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനിടെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. കഴിഞ്ഞ മാസം മൂന്നിനാണ് ഫഌറ്റില്‍ റഷീദും, സുഹൃത്ത് കൃഷ്ണപ്രസാദും, ഡ്രൈവറും, സുഹൃത്തും, കാമുകി ശാശ്വതിയും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്വദേശി സതീഷിനെ കെട്ടിയിട്ട് അടിച്ചുകൊന്നത്. ശാശ്വതിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം. കൊലപാതകത്തിന് ശേഷം റഷീദിനെയും ശാശ്വതിയെയും രക്ഷപ്പെടാന്‍ സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാണ് എം.ആര് രാമദാസിനെ അറസ്റ്റ് ചെയ്തത്.
ശാശ്വതിയുടെ ഫഌറ്റിലാണ് കൊലപാതകം നടന്നത്. നേരത്തെ അറസ്റ്റിലായ ശാശ്വതി, കൃഷ്ണപ്രസാദ്, തിരുകൊച്ചി സഹകരണ ബാങ്ക് പ്രസിഡണ്ട് സുനില്‍ തുടങ്ങിയവര്‍ റിമാന്‍ഡിലാണ്. പാലക്കാട് കോടതിയില്‍ റഷീദിന്റെ കസ്റ്റഡിയാവശ്യപ്പെട്ട് ബുധനാഴ്ച പൊലീസ് അപേക്ഷ നല്‍കും.
കൊലപാതകത്തിന് ശേഷം റഷീദും കാമുകി ശാശ്വതിയും ആദ്യമെത്തെിയത് രാമദാസിന്റെയടുത്തായിരുന്നു. കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡണ്ടായ റഷീദ്, രാംദാസിന്റെ അടുത്ത അനുയായിയാണ്. രാമദാസിനെ അറസ്റ്റ് ചെയ്തതോടെയാണ് റഷീദ് കീഴടങ്ങിയതെന്ന് സൂചന. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ശാശ്വതിക്ക് റഷീദുമായും കൊല്ലപ്പെട്ട സതീഷുമായും ബന്ധം ഉണ്ടായിരുന്നു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയെത്തിയ ശേഷം മദ്യപിച്ച് കൊണ്ടിരിക്കെ റഷീദിനോട് സതീഷ് ഇക്കാര്യം പറഞ്ഞതാണ് തര്ക്കത്തിലെത്തിയതെന്നാണ് ശാശ്വതിയുടെ മൊഴി.
സതീഷിനോട് ദേഷ്യമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് സതീഷിനെ താനും മര്‍ദ്ദിച്ചതെന്നും ശാശ്വതി പൊലീസിനോട് പറഞ്ഞിരുന്നു. ഫഌറ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് സതീഷിനെ മര്‍ദ്ദിച്ചത്. ബാത്ത് റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകള്‍ തകര്‍ന്ന്, ചോരവാര്‍ന്നായിരുന്നു സതീഷ് മരിച്ചത്. കേസില്‍ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹിത ബന്ധമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്. രാംദാസിന്റെ അറസ്റ്റ് കേസില്‍ വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Post Your Comments