ഇങ്ങനെയൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ട്. ഫേസ്ബുക്കും ട്വിറ്ററുമില്ലാത്ത പത്രംവായിക്കാത്ത ഇപ്പോഴും പഴയ നോക്കിയാ ഫോണ്‍ ഉപയോഗിക്കുന്നയാള്‍. അത് മറ്റാരുമല്ല, 37കാരനായ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇക്കാര്യം നെഹ്റ തന്നെയാണ് വെളിപ്പെടുത്തിയത്. തനിക്ക് സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മാത്രമല്ല, താന്‍ ഇപ്പോഴും പഴയ നോക്കിയ ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നെഹ്‌റ വ്യക്‌തമാക്കി.
താരത്തിനെതിരെ സോഷ്യല്‍ മീഡിയകളിലും ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളിലും കമന്റുകളിലും അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു നെഹ്‌റയുടെ ഈ പ്രതികരണം. ‘നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നത് തെറ്റായ വ്യക്‌തിയോടാണ്. ഞാന്‍ ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇന്‍സ്‌റ്റഗ്രാമിലുമില്ല..പത്രം താന്‍ വായിക്കാറില്ല. ഒരുപക്ഷെ താന്‍ പഴയ സ്‌കൂളില്‍ നിന്നാവും എന്തായാലും ട്വന്റി20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്‌ച വയ്‌ക്കുന്നത്’ എന്നും നെഹ്‌റ പറഞ്ഞു.
തമീം ഇക്‌ബാല്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍ എന്നിങ്ങനെ പുതിയ താരങ്ങള്‍ ബംഗ്ലാദേശ് ടീമില്‍ ഉയര്‍ന്ന് വരുന്നുണ്ട്. മാത്രമല്ല ഐ.പി.എല്ലിലും ബിഗ്‌ബാഷ് ലീഗിലും കരീബിയന്‍ സൂപ്പര്‍ ലീഗിലും കളിച്ചുള്ള അനുഭവ സമ്പത്തും അവര്‍ക്കുണ്ട്. ഇത് ബംഗ്ലാദേശിനെ ശരിക്കും സഹായകമാകും. ഗ്രൂപ്പ് 2ലെ ബംഗ്ലാദേശുമായുള്ള മത്സരം ഗൗരവത്തോട് കൂടി തന്നെയാണ് തങ്ങള്‍ കാണുന്നതെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
Post Your Comments