NewsIndia

ഗീലാനിക്ക് മോചന ഉത്തരവ് ലഭിച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച ശേഷവും തിഹാര്‍ ജയിലില്‍തന്നെ കഴിയേണ്ടി വന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് മോചന ഉത്തരവ് ലഭിച്ചു. ശനിയാഴ്ചയാണ് ഗീലാനിക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ നിയമപരമായ ഔപചാരികതകളുടെ പേരില്‍ ഗീലാനിയുടെ മോചനം വൈകുകയായിരുന്നു.

ജാമ്യവ്യവസ്ഥയായ 50,000 രൂപയും ആള്‍ ജാമ്യവും എത്തിച്ചെങ്കിലും സത്യവാങ്മൂലത്തിലെ വിലാസങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ കാലതാമസം എടുക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഡല്‍ഹിയുടെ പരിധി വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കോടതിയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചശേഷമേ ജയിലില്‍നിന്ന് വിടുതല്‍ നല്‍കൂ എന്നാണ് തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഗീലാനിയുടെ കശ്മീരിലെ വിലാസം പരിശോധിച്ച് ഉറപ്പുവരുത്താനാണ് താമസമെടുത്തത്.

ഫെബ്രുവരി 10ന് ഡല്‍ഹി പ്രസ് ക്‌ളബില്‍ അഫ്‌സല്‍ ഗുരുമഖ്ബൂല്‍ ഭട്ട് അനുസ്മരണം സംഘടിപ്പിച്ചെന്നും പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്നും കാണിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഗീലാനിയെ അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button