സിറിയയില്‍ അഞ്ച് വര്‍ഷങ്ങളായി തുടരുന്ന അഭ്യന്തരയുദ്ധം വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ മനുഷ്യദുരന്തമാണ്. യുദ്ധത്തിനു മുമ്പുള്ള സിറിയയിലെ പകുതിയിലേറെ ജനങ്ങളും – അതായത് ഒരു കോടി പത്ത് ലക്ഷത്തിലേറെ ആളുകള്‍ – യുദ്ധത്തില്‍ കൊല്ലപ്പെടുകയോ മറ്റു രക്ഷാസ്ഥാനങ്ങളിലേക്ക് ഓടിപ്പോവുകയോ ചെയ്തു.
സിറിയയില്‍ത്തന്നെ അവശേഷിക്കുന്ന കുടുംബങ്ങള്‍ ഓരോ ദിവസവും നരകതുല്യമായ ജീവിതസാഹചര്യങ്ങളോട് പടപൊരുതുകയോ, അയല്‍രാജ്യങ്ങളിലേക്കുള്ള രക്ഷാമാര്‍ഗ്ഗങ്ങള്‍ തിരയുകയോ ചെയ്തു കൊണ്ടിരിക്കുന്നു. യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് യൂറോപ്യന്‍ രാജ്യങ്ങളേയും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള യാത്രാച്ചിലവ് താങ്ങാന്‍ കെല്‍പ്പില്ലാത്ത അഭയാര്‍ത്ഥികള്‍ രാജ്യാതിര്‍ത്തിയിലുള്ള താത്ക്കാലിക ക്യാമ്പുകളില്‍ ഇല്ലായ്മകളുടെ നടുവില്‍ സഹനജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
2011-ല്‍ സിറിയന്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഇന്നുവരെ അയല്‍രാജ്യമായ ജോര്‍ദാനിലേക്ക് മാത്രം ഒഴുകിയെത്തിയത് 60-ലക്ഷത്തോളം സിറിയക്കാരാണ്.
അസോസിയേറ്റഡ് പ്രസ്സ് ഫോട്ടോഗ്രാഫറായ മുഹമ്മദ് മുഹെയ്സെന്‍ ജോര്‍ദാനിലെ പ്രതികൂലമായ ശീത കാലാവസ്ഥയില്‍, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്ന സിറിയന്‍ ബാലികാബാലന്മാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏതൊരു മനുഷ്യസ്നേഹിക്കും പിടയുന്ന മനസ്സോടെയേ കാണാനാകൂ. നിഷ്കളങ്കതയും, നിസ്സഹായതയും ഇഴചേരുന്ന, ഭാവിജീവിതത്തെക്കുറിച്ച് പ്രതീക്ഷയേതുമില്ലാത്ത ലക്ഷക്കണക്കിന് ബാല്യങ്ങലാണ് ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാഫ്രക്കിലെ ടെന്‍റുകളില്‍ കഴിഞ്ഞു കൂടുന്നത്….
Post Your Comments