Kerala

നടി ശില്‍പയുടെ മരണം; അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രത്തിലെ നായികയും സീരിയല്‍ നടിയുമായ ശില്പയെ കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പോലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. കേസ് ശരിയായി അന്വേഷിക്കാതെ ശില്‍പ ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീര്‍ത്തുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആത്മഹത്യ ചെയ്തുവെന്ന പോലീസ് നിഗമനം പ്രതികളെ സഹായിക്കാനാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 
സിനിമ-സീരിയല്‍ നടി ശില്‍പയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു മാതാപിതാക്കള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
 
കഴിഞ്ഞ ജൂലൈ 18നാണ് നെടുമങ്ങാട് പുതുക്കുളങ്ങര കന്യാര്‍പാറ നിരപ്പില്‍ വീട്ടില്‍ ശില്‍പയെ (19) കരമനയാറ്റില്‍ മരുതൂര്‍ക്കടവ് പാലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടത്തെിയത്. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ സല്‍ക്കാരത്തിന് പോകുന്നെന്ന് പറഞ്ഞ് കൂട്ടുകാരിക്കൊപ്പം വീട്ടില്‍നിന്ന് പോയ ശില്‍പയെ വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്തെുകയുമായിരുന്നു. കൂട്ടുകാരിയോട് ചോദിച്ചപ്പോള്‍ ശില്‍പ പിണങ്ങിപ്പോയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് പറഞ്ഞത്. പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് ശില്‍പ ജീവനൊടുക്കിയെന്നാണ് പൊലീസ് ഭാഷ്യം. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
 
സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടി പൊലീസിന്റെ വാദത്തെ തള്ളുകയാണ് ശില്‍പ്പയുടെ മാതാപിതാക്കള്‍. കൂട്ടുകാരി ആര്‍ഷയാണ് മകളെ വിളിച്ച് കൊണ്ട് പോയത്. പക്ഷേ ഇവരെ ആരേയും കേസില്‍ സാക്ഷി പോലും ആക്കിയിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

shortlink

Post Your Comments


Back to top button