KeralaNews

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഞെട്ടിക്കുന്നത്

പാലക്കാട്: കോത്തഗിരി അറവേണു മമ്പണി മാവുക്കര ഈസ്റ്റിലെ മുഹമ്മദലിയെന്ന 38 വയസ്സുകാരനായ യുവാവിനെ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭാര്യ തെക്കെപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍ സുലൈഖ (36),കാമുകന്‍ കുഴല്‍മന്ദം ചിതലി ചരപ്പറമ്പ് സ്വദേശി സുരേഷ് എന്ന മുഹമ്മദലി (38) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 2015 ഏപ്രില്‍ 11നാണ് ഈ സംഭവം.

തെക്കേപ്പൊറ്റയില്‍ മരപ്പണിക്കാരന്‍ ആയിരുന്ന മുഹമ്മദലി നാലു വര്‍ഷത്തോളമായി ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഏപ്രില്‍ പത്തിന് കോയമ്പത്തൂരില്‍ ചികിത്സയ്ക്കായി പോയ മുഹമ്മദലിയുടെ മൃതദേഹം പിന്നീട് കഞ്ചിക്കോട്-മലമ്പുഴ റോഡില്‍ മൂചിക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. അജ്ഞാത മൃതദേഹമെന്ന നിലയില്‍ ഡി.എന്‍.എ പരിശോധന നടത്തി പോലീസ് നല്‍കിയ പത്രപ്പരസ്യം കണ്ട് എത്തിയ മുഹമ്മദലിയുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കളെ ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ക്രൈംബ്രാഞ്ചിനു കൈമാറിയ കേസ് വീണ്ടും ലോക്കല്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ സുലേഖ മറ്റൊരു വിവാഹം കഴിയ്ക്കാന്‍ പോകുന്നതായും സുരേഷ് മതം മാറിയതായും രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെയും അന്വേഷണങ്ങള്‍ക്കൊടുവില്‍ ആണ് കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞത്.സുരേഷും സുലൈഖയും കഴിഞ്ഞ രണ്ടു കൊല്ലമായി രഹസ്യബന്ധത്തില്‍ ആയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടത്തിയത്. കോയമ്പത്തൂരില്‍ ചികിത്സയ്ക്കായി പോയ മുഹമ്മദലിയെ ആലത്തൂരില്‍ നിന്ന് സുരേഷാണ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. സുരെഷിനോപ്പം പോയാല്‍ മതിയെന്ന് സുലൈഖ മുഹമ്മദലിയെ നിര്‍ബന്ധിച്ചിരുന്നു. കഞ്ചിക്കോട്-മലമ്പുഴ റോഡില്‍ മൂചിക്കാട് വച്ച് സുരേഷ് മുഹമ്മദലിക്ക് മദ്യം നല്‍കി ബോധം കെടുത്തുകയും ചെയ്തു. ഇതിനുശേഷം കുറ്റിക്കാട്ടില്‍ കിടന്ന വലിയ കരിങ്കല്ല്‌ കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം സ്ഥലം വിടുകയായിരുന്നു. കൊലയ്ക്കു ശേഷം മുഹമ്മദലിയുടെ മൊബൈല്‍ഫോണ്‍ സിം ഊരി ഒടിച്ചുകളഞ്ഞ ശേഷം ഫോണ്‍ കൈവശം വച്ചു. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

മക്കള്‍ക്ക്‌ നേരെയുള്ള അതിക്രമശ്രമമാണ് ഈ അരുംകൊലയിലെക്ക് നയിക്കാനുണ്ടായ സാഹചര്യം. 4 വര്ഷം മുന്‍പാണ് മുഹമ്മദലിയും സുലൈഖയും വിവാഹം കഴിച്ചത്. 13ഉം 10ഉം വയസ്സുള്ള രണ്ട് ആണ്മക്കള്‍ ആണിവര്‍ക്ക്. മുഹമ്മദലി മക്കളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ സുലൈഖ വഴക്കുണ്ടാക്കുകയും ഭാര്യവീട്ടുകാര്‍ മുഹമ്മദലിക്ക് താക്കീത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സുലൈഖ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇതിനു കാമുകനായ സുരേഷിന്‍റെ സഹായം ആവശ്യപ്പെട്ടു. ഈ ബന്ധത്തെ പറ്റി മുഹമ്മദലി അറിഞ്ഞിരുന്നില്ല. പ്രാരംഭഘട്ടങ്ങളില്‍ ചോദ്യം ചെയ്തതില്‍ സുലൈഖ പൊലീസിനോട് നിര്‍ണ്ണായക വിവരങ്ങളെല്ലാം മറച്ചുവെച്ച് മുഹമ്മദലി മൊബൈല്‍ ഉപയോഗിക്കാറില്ലെന്നു പറഞ്ഞു. ഇതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്.

കേസന്വേഷണം തണുത്തു എന്ന ധാരണയില്‍ ആണ് സുലൈഖയെ വിവാഹം കഴിക്കാന്‍ രഹസ്യമായി സുരേഷ് മതം മാറി മുഹമ്മദലിയായത്. ഇത് മണത്തറിഞ്ഞ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയ സുലൈഖയെ മേട്ടുപ്പാളയത്തു നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പൊലീസ് സുരേഷിനെയും വലയില്‍ കുടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button