ചാലക്കുടി: കലാഭവന്‍ മണിയുടെ മരണ കാരണം ക്‌ളോര്‍പിരിഫോസ് എന്ന കീടനാശിനിയുടെ ശരീരത്തിനുള്ളില്‍ ചെന്നതാകാമെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്‌ളോര്‍പിറിഫോസ് എന്നത് ഓര്‍ഗനോ ഫോസ്ഫറസ് സംയുക്തമാണ്. ഇത് വളരെ ശക്തിയേറിയ ഒരു കീടനാശിനിയാണ്. പാടത്തും പറമ്പിലും കളകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്.
നാഡീ ഞരമ്പുകളിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരത്തെ ഇതു തടയുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ പേശികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. ചെറിയ അളവിലാണ് ഈ കീടനാശിനി ഉള്ളില്‍ ചെല്ലുന്നതെങ്കില്‍ ഛര്‍ദ്ദി, കണ്ണില്‍ നിന്നും വായില്‍ നിന്നും വെള്ളം വരിക, വയറിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പക്ഷേ കൂടുതല്‍ അളവില്‍ രക്തത്തില്‍ കലരുകയാണെങ്കില്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, ശ്വാസതടസം, അപസ്മാര ലക്ഷണങ്ങള്‍, അബോധാവസ്ഥ തുടര്‍ന്നു മരണം വരെ സംഭവിക്കുന്നു.
മദ്യത്തിന് വീര്യം കൂട്ടാനും കൂടുതല്‍ ലഹരി കിട്ടാനുമൊക്കെ മുന്‍പ് ഇത്തരത്തിലുള്ള കീടനാശിനികള്‍ ചേര്‍ത്തതായ സൂചനകളുണ്ട്. ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ശരീരത്തില്‍ ചെന്നു കഴിഞ്ഞാല്‍ അവയെ വിഘടിച്ച് നിര്‍വീര്യമാക്കുന്നത് കരളാണ്. മണിയുടെ കരളിന്റെ പ്രവര്‍ത്തനം വളരെ മോശവുമായിരുന്നു. ഇങ്ങനെയുള്ള വ്യക്തികളില്‍ ചെറിയ അളവില്‍ പോലും കീടനാശിനികളോ മറ്റു രാസവസ്തുക്കളോ ഉള്ളില്‍ ചെന്നാല്‍ പോലും കൂടുതല്‍ മാരകമായ അവസ്ഥയിലേക്ക് എത്താം.
Post Your Comments