KeralaNews

നാടുകടത്തിയ വാനരന്മാര്‍ക്ക് പുതിയ സ്ഥലത്തും പട്ടിണി

കൊല്ലം: ശാസ്താംകോട്ടയില്‍ നിന്നും നാടുകടത്തിയ വാനരപ്പട പട്ടിണി സഹിക്കാനാവാതെ തെന്മല നിവാസികളെ വട്ടംകറക്കുന്നു. അടുക്കളയില്‍ കയറി ഭക്ഷണം കവര്‍ന്നെടുക്കുന്നതുമുതല്‍ കാര്‍ഷിക വിളകള്‍ക്ക് വരെ വന്‍ നാശമാണ് കുരങ്ങന്‍മാര്‍ വരുത്തുന്നത്. പറമ്പിലും വീടിനു മുകളിലും റോഡിലുമൊക്കെ കുരങ്ങന്മാര്‍ വിലസുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പൊറുതിമുട്ടുകയാണ് നാട്ടുകാരും. ജനിച്ചുവളര്‍ന്ന ശാസ്താംകോട്ടയില്‍ നിന്നും അറുപത് കി.മീറ്ററില്‍ അധികമുള്ള തെന്മലയിലേക്ക് കുടിയൊഴിപ്പിച്ച വാനരന്മാര്‍ യഥാര്‍ഥത്തില്‍ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് മാറിയ അവസ്ഥയിലാണിപ്പോള്‍. ഭക്ഷണമില്ല. വെള്ളം കുടിക്കാനായി കല്ലാറിന്റെ തീരത്തെത്തിയാല്‍ സഞ്ചാരികളുടെ കല്ലേറ് കൊള്ളേണ്ടിവരും. വീടുകളില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചാല്‍ ചിലപ്പോഴൊക്കെ തല്ലുറപ്പ്.

തെന്മല ഇക്കോ ടൂറിസം മേഖലയും പരിസര പ്രദേശവുമാണ് കുരങ്ങന്മാരുടെ വാസകേന്ദ്രം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ വച്ചുനീട്ടുന്ന ഭക്ഷണമാണ് ഏക ആശ്രയം. ഭക്ഷണം നല്‍കിയില്ലെങ്കില്‍ കുരങ്ങന്മാര്‍ കൂട്ടത്തോടെ സഞ്ചാരികളെ ആക്രമിക്കുന്നതും പതിവാണ്.

പട്ടിണി മൂക്കുമ്പോള്‍ കുരങ്ങന്‍മാര്‍ ഉണ്ടാക്കുന്ന നാശങ്ങള്‍ നാട്ടുകാരുടെ ജീവിതത്തേയും ബാധിക്കുന്നു. നനച്ച് അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന തുണികള്‍ പലപ്പോഴും മരത്തിനു മുകളിലെത്തും. പച്ചക്കറികള്‍ വിളയും മുമ്പ് അകത്താക്കും. കുട്ടികളെ കല്ലെറിയുന്നതാണ് വാനര സംഘത്തിന്റെ മറ്റൊരു ഹോബി. വാഹനങ്ങളുടെ സീറ്റുകള്‍ കടിച്ചു കീറും. വിവരം നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയുമില്ല.

ദശകങ്ങളായി വാനരന്‍മാര്‍ ജീവിച്ചുവന്നത് ശാസ്താംകോട്ടയിലാണ്. ഇവിടെ രണ്ടു തരത്തിലുള്ള കുരങ്ങന്മാരുണ്ട്. ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രവും ചുറ്റുമുള്ള കാവും അഷ്ടമുടിക്കായലിന്റെ തീരവും കേന്ദ്രമാക്കി അമ്പലകുരങ്ങന്മാര്‍ വസിക്കുമ്പോള്‍ ഇവിടെ നിന്നും അല്‍പ്പം മാറി സ്ഥിതിചെയ്യുന്ന ചന്തയും പരിസര പ്രദേശവും കേന്ദ്രീകരിച്ചായിരുന്നു ചന്തക്കുരങ്ങന്മാരുടെ വാസം. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ നല്‍കുന്ന ഭക്ഷണമായിരുന്നു പണ്ട് അമ്പലക്കുരങ്ങന്മാരുടെ ആശ്രയം.
ഇത് വിശപ്പടക്കാന്‍ തികയുന്നില്ലെന്നു കണ്ട കോടതി കുരങ്ങന്മാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദേവസ്വത്തിന് ഫണ്ട് തികയാതെ വന്നതോടെ മൃഗ സ്‌നേഹിയും ‘വൈല്‍ഡ് റിപ്പബ്ലിക്ക്’ എന്ന സംഘടനയുടെ സ്ഥാപകനുമായ ഗോപാല്‍ ബി. പിള്ളയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് അമ്പലക്കുരങ്ങന്മാരുടെ സംരക്ഷണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ഗോപാല്‍ ബി.പിള്ള നല്‍കിയ 2.5 ലക്ഷവും ദേവസ്വം ബോര്‍ഡ് നല്‍കിയ തുകയും ചേര്‍ത്ത് കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ ട്രസ്റ്റിന്റെ പേരില്‍ അക്കൗണ്ട് തുറന്നു. ഈ തുക ഉപയോഗിച്ചാണ് 1996മുതല്‍ അമ്പല കുരങ്ങന്മാര്‍ക്ക് ദിവസേന ഭക്ഷണം നല്‍കി വരുന്നത്. ഓണത്തിന് ഇലയിട്ട് കുരങ്ങന്മാര്‍ക്ക് സദ്യ നല്‍കുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
അമ്പലക്കുരങ്ങുകള്‍ മൃഷ്ടാന്ന ഭോജനം നടത്തുമ്പോള്‍ തൊട്ടടുത്ത് പട്ടിണി കിടക്കാനായിരുന്നു ചന്തക്കുരങ്ങന്മാരുടെ വിധി. പട്ടിണി മാറ്റാന്‍ മോഷണമല്ലാതെ ഇവറ്റകള്‍ക്കു വേറെ മാര്‍ഗങ്ങളില്ല. അമ്പലക്കുരങ്ങന്മാരുടെ ഭക്ഷണം തട്ടിപ്പറിക്കാന്‍ ചന്തക്കുരങ്ങുകള്‍ നടത്തുന്ന ശ്രമം പലപ്പോഴും വാനരയുദ്ധത്തിന് ഇടയാക്കിയിരുന്നു. കടകളില്‍ നിന്നുള്ള മോഷണത്തിന് ശിക്ഷ ഏറ്റുവാങ്ങിയ കുരങ്ങന്മാര്‍ ആക്രമണകാരികളായി.

ചന്തക്കുരങ്ങന്മാരുടെ കുടിയൊഴിക്കല്‍ നടന്നത് ഒരു വര്‍ഷം മുമ്പാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പര്യാപരണ്‍’ എന്ന സംഘടന കുരങ്ങന്മാരെ കൂട്ടത്തോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായ തെന്മലയിലേക്ക് മാറ്റി. കുരങ്ങന്മാരെ ഇനി എന്തുചെയ്യുമെന്നും ഇവയെ പരിപാലിക്കാന്‍ ആര് തയാറാകുമെന്നുമുള്ള സന്ദേഹത്തിലാണ് തെന്‍മലയിലെ നാട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button