KeralaNews

മരണഭയവുമായി നാല് ദിവസം, ഒടുവില്‍…വെളിപ്പെടുത്തലുകളുമായി സുനിലിന്റെ ഭാര്യ

ഹരിപ്പാട്: അക്രമിസംഘം ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനില്‍ കുമാര്‍ നാല് ദിവസമായി മരണഭയവുമായി കഴിയുകയായിരുന്നുവെന്ന് ഭാര്യ പ്രിഞ്ചു പറയുന്നു. കഴിഞ്ഞ 11ന് പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് സുനില്‍കുമാറിനും മറ്റൊരു യൂത്ത്‌കോണ്‍ഗ്രസ് നേതാവിനും നേര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ആക്രമണം ഭയന്ന് സുനിയുടെ സംരക്ഷണത്തിനായി സുഹൃത്തുക്കള്‍ വീട്ടില്‍ തങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ ആരും പ്രതിരോധത്തിനില്ലെന്ന് മനസിലാക്കിയാണ് അക്രമികള്‍ എത്തിയതും സുനിയെ കൊലപ്പെടുത്തിയതും. നാല് ദിവസമായി അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലിലായിരുന്നു സുനി.

സമീപത്തുള്ള സ്‌കൂളില്‍ കെ.എസ്.യു. യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് പതിനൊന്നാം തിയതിയിലുണ്ടായ സംഘര്‍ഷത്തിന് കാരണമെന്ന് പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍ കഴിഞ്ഞ 2 വര്‍ഷമായി യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. മാത്രമല്ല സുനിയോടൊപ്പം പ്രദേശത്തെ നിരവധി ചെറുപ്പക്കാര്‍ ഡി.വൈ.എഫ്.ഐ വിട്ട് യൂത്ത്‌കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ഒരു കത്തിയും ഒരു ചെരുപ്പും, തടി ടീപ്പോയിയുടെ കാലും പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അക്രമി സംഘത്തിലെ രണ്ട് പേരെ കണ്ടാലറിയാമെന്ന് സുനില്‍ കുമാറിന്റെ ഭാര്യ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്

shortlink

Post Your Comments


Back to top button