കൊല്‍ക്കത്ത: പാകിസ്താനിലേതിനെക്കാള്‍ ഇന്ത്യയിലാണ് സ്‌നേഹം കൂടുതല്‍ കിട്ടുന്നതെന്ന പരാമര്‍ശം പാകിസ്താനെ താഴ്ത്തിക്കെട്ടാനുള്ളതല്ലെന്നും ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള പോസിറ്റീവായൊരു സന്ദേശമാണെന്നും പാക് ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പ്രസ്താവനക്കെതിരെ പാകിസ്താനില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിനിടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വിറ്റര്‍ പേജില്‍ അഫ്രീദിയുടെ വിശദീകരണം സംഭാഷണശകലമായി വന്നത്. ‘ഞാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മാത്രമല്ല. മറിച്ച് ഇവിടെ പാക് ജനതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന കളിക്കാരനാണ്. എന്റെ പ്രസ്താവന പോസിറ്റീവായി കാണുകയാണെങ്കില്‍, പാകിസ്താന്‍ ആരാധകരെക്കാള്‍ മറ്റാരെയെങ്കിലുമാണ് എനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് ഞാന്‍ പറഞ്ഞതിനര്‍ഥമില്ലെന്ന് മനസ്സിലാകും. എല്ലാ അര്‍ഥത്തിലും ഞാന്‍ പാകിസ്താന്‍കാരനാണ്’ അഫ്രീദി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പോസിറ്റീവായി മറുപടി പറഞ്ഞതാണ്. ലോകം മുഴുവന്‍ എന്റെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ആസ്വദിക്കാറുണ്ടെന്ന പോസിറ്റീവ് സന്ദേശം ലോകത്തിന് നല്‍കാനായിരുന്നു ഉദ്ദേശ്യമെന്നും അഫ്രീദി വിശദീകരിച്ചു. വസീം അക്രം, വഖാര്‍ യൂനുസ്, ഇന്‍സിമാമുല്‍ ഹഖ് എന്നിവര്‍ക്കെല്ലാം ഏറെ ബഹുമാനം ഇന്ത്യയില്‍ കിട്ടിയിട്ടുണ്ട്. ക്രിക്കറ്റിനെ ഉപാസിക്കുന്നവരാണ് ഇവിടത്തുകാര്‍. ഇംറാന്‍ ഭായിയോട് (ഇംറാന്‍ ഖാന്‍) ചോദിച്ചാലറിയാം, ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതമാണ്. ക്രിക്കറ്റിലൂടെ ഇന്ത്യ- പാക് ബന്ധം എല്ലായ്‌പ്പോഴും മെച്ചപ്പെട്ടിട്ടേയുള്ളൂ. ചിലര്‍ ഇതിനെ മറ്റൊരര്‍ഥത്തിലെടുക്കുകയായിരുന്നുവെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
അഫ്രീദിയുടെ മനസ്സിലുള്ള കാര്യം പറഞ്ഞതാണെന്നും വിവാദമാക്കേണ്ടതില്ലെന്നും ടീം കോച്ച് വഖാര്‍ യൂനുസ് അഭിപ്രായപ്പെട്ടു.
Post Your Comments