Gulf

ഗള്‍ഫിന് ഇനി ആശങ്കയുടെ കാലം:പിരിച്ചുവിടലുകള്‍ തുടരുമെന്ന് ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്

     പ്രവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ ഗള്‍ഫ് ടാലന്റിന്റെ റിപ്പോര്‍ട്ട്.ഗള്‍ഫ് പ്രവാസജീവിതത്തിന്റെ വരുംകാലം ശുഭകരമല്ലെന്നും പിരിച്ചുവിടലുകള്‍ കൂടുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
           പല ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തീക പ്രതിസന്ധി മറികടക്കാന്‍ കൂട്ട പിരിച്ചുവിടലിന് തുടക്കമിട്ടു കഴിഞ്ഞു. ഇതോടെ ഏറെയും ദുരിതത്തിലാകുന്നത് മലയാളികളടക്കമുള്ള പ്രവാസികളാണ്എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിമൂലം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയുന്നതായും വേതനവര്‍ധനവിനെ ബാധിക്കുമെന്നും പഠനം. സര്‍ക്കാര്‍ സബ്‌സിഡികള്‍ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് ജീവിതച്ചെലവ് ഉയരുന്ന ജി.സി.സി രാഷ്ട്രങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും കുറവ് ശമ്പളവര്‍ധന മാത്രം ഈവര്‍ഷം പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഗള്‍ഫ് ടാലന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലെ എഴുനൂറോളം തൊഴിലുടമകളില്‍നിന്നും 25,000 പ്രഫഷനലുകളില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

        ശമ്പളവര്‍ധനയിലും കുറവുണ്ടാകാനാണ് സാധ്യത.കഴിഞ്ഞവര്‍ഷത്തെ 5.7 ശതമാനത്തിന് പകരം ഈ വര്‍ഷം 5.2 ശതമാനം ശമ്പളവര്‍ധനവാകും ഉണ്ടാവുകയെന്ന് ഗള്‍ഫ് ടാലന്റ് സര്‍വേ പറയുന്നു. ഭൂരിപക്ഷം പ്രഫഷണലുകളെയും ഉയരുന്ന ജീവിതച്ചെലവുകള്‍ക്ക് ഒപ്പം കുറഞ്ഞ ശമ്പളവര്‍ധനയും ഏറെ ബുദ്ധിമുട്ടിക്കും. പണപ്പെരുപ്പവും ജി.സി.സി രാഷ്ട്രങ്ങളില്‍ വര്‍ധിക്കുകയാണ്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ തൊഴിലുടമകള്‍ കൂടുതല്‍ കണിശത പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ശമ്പളയിനത്തില്‍ അധിക ബാധ്യത വരുത്തി വെക്കാന്‍ കമ്പനികള്‍ തയാറല്ല. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കമ്പനികളും ജോലിയൊഴിഞ്ഞുപോകുന്നവര്‍ക്ക് പകരം ആളെയെടുക്കുക എന്ന നയത്തിലേക്ക് മാറിയിട്ടുണ്ട്.
         സര്‍ക്കാര്‍ നിക്ഷേപത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന എണ്ണ, പ്രകൃതിവാതക മേഖലയിലെ തൊഴിലവസരങ്ങളെയാണ് എണ്ണവിലയിടിവ് ഏറ്റവുമധികം ബാധിച്ചത്. റീട്ടെയ്ല്‍ മേഖലയെ ചെറിയതോതില്‍ മാത്രമാണ് ബാധിച്ചത്. ആരോഗ്യപരിരക്ഷാ മേഖലയിലാകട്ടെ അവസരങ്ങള്‍ കൂടുതലായി ഉണ്ടാകുന്നുണ്ടെന്നും സര്‍വേ പറയുന്നു. വര്‍ധിക്കുന്ന ജനസംഖ്യക്കൊപ്പം തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടികളുമാണ് ഈ മേഖലക്ക് തുണയായത്. സര്‍വേയുടെ ഭാഗമായി സമീപിച്ച 68 ശതമാനം ഹെല്‍ത്ത് കെയര്‍ കമ്പനികളിലും കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
        ചില കമ്പനികള്‍ സ്വദേശികളെ കൂടുതലായി റിക്രൂട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ കമ്പനികള്‍ ഈവര്‍ഷം ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഊര്‍ജ, നിര്‍മാണമേഖലയിലെ കമ്പനികളാണ് ഇവയില്‍ കൂടുതലും. സൗദിയില്‍ 14 ശതമാനവും യു.എ.ഇയില്‍ ഒമ്പതു ശതമാനവും കമ്പനികള്‍ ഈവര്‍ഷം തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ഇടിവുണ്ടെങ്കിലും മറ്റ് എണ്ണയധിഷ്ഠിത സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങളെക്കാള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്ഥിതി മെച്ചമാണ്. ജി.സി.സി രാഷ്ട്രങ്ങളെല്ലാം ഈവര്‍ഷം വ്യക്തമായ സാമ്പത്തിക വളര്‍ച്ച നേടുമെന്നും കറന്‍സികളുടെ മൂല്യങ്ങള്‍ ഭദ്രമായിരിക്കുമെന്നും ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
         പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ശമ്പളവര്‍ധന വളരെ കുറഞ്ഞതോതില്‍ മാത്രമായി ചുരുങ്ങും. മേഖലയില്‍ പലയിടത്തുമായി വാടകനിരക്കുകള്‍ കുറയുന്നുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസമെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button