കൂറ്റൻ ശമ്പളത്തിൽ ഗൾഫിലെ വമ്പൻ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി ഡോക്ടർമാരിൽ നിന്നും ആഫ്രിക്കൻ തരികിട സംഘങ്ങൾ കോടികൾ തട്ടി. തട്ടിപ്പിൽ കുടുങ്ങിയ ഡോക്ടർമാർക്ക് ഒരു ലക്ഷം മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ജോലി തേടി മലയാളി ഡോക്ടർമാർ പതിവായി വിവിധ വെബ്സൈറ്റുകളിൽ നൽകിയ പരസ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പുസംഘങ്ങൾ ഇരകളെ വലയിൽ വീഴ്ത്തിയത്. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ആശുപത്രികളുടെ പേരുപറഞ്ഞായിരുന്നു ഈ സൈബർ കുറ്റവാളികൾ ഓൺലൈൻ തട്ടിപ്പ് നടത്തിവരുന്നത്.
പരസ്യങ്ങൾ നൽകിയ ഡോക്ടർമാരെ വാട്ട്സ് ആപ്പിലൂടെയും ഇ-മെയിലിലൂടെയും ഫോണിൽ നേരിട്ട് സംസാരിച്ചുമാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നത്. ഈ ഗൾഫ് രാജ്യങ്ങളിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ വിശദാംശങ്ങൾ ഉദ്യോഗാർഥികൾക്ക് നൽകി ആകർഷണ വലയത്തിലാക്കുന്നു. ഓരോ ആശുപത്രിയിലേയും ഓരോ സ്പെഷ്യാലിറ്റികളിലേയും ഒഴിവുകൾ, ഇരുപത് ലക്ഷമെങ്കിലും ശമ്പളം, മറ്റാനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഡോക്ടർമാരെ അറിയിക്കും.
അടുത്ത ഘട്ടമായാണ് റിക്രൂട്ടിങ്ങ്-സർവീസ് ചാർജിനങ്ങളിൽ വിലപേശി കച്ചവടമുറപ്പിക്കുന്നത്. സംശയത്തിന്റെ തരിമ്പുപോലുമുണ്ടാകാതെയാകും ഇടപെടൽ. റിക്രൂട്ടിങ് റാക്കറ്റുകൾ ഈ ഏജൻസികളുടെ മേധാവിമാരായി ഡോക്ടർമാർക്ക് അയച്ചുകൊടുക്കുന്ന ചിത്രങ്ങൾ ഏതെങ്കിലും പാശ്ചാത്യ സായിപ്പിന്റേതായിരിക്കും. കച്ചവടം ഉറപ്പിച്ചാൽ അഡ്വാൻസ് തുകയായ ലക്ഷങ്ങൾ ദുബായിലെ ഏതെങ്കിലും വിലാസത്തിലോ ട്രാവൽ ഏജൻസിയിലോ അയക്കാൻ നിർദേശിക്കും. കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ്, ജോലിയിൽ ചേരുന്നതുവരെ ഗൾഫിലെ താമസ-ഭക്ഷണ സൗകര്യം എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ആവശ്യപ്പെടുന്നത്. അതോടെ ഉദ്യോഗാർഥികൾക്ക് തട്ടിപ്പുകാരിൽ വിശ്വാസം ഏറും.
ലക്ഷങ്ങൾ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഈ റാക്കറ്റുകൾ ഇരകളുമായി ബന്ധപ്പെടാതെ സമർഥമായി മുങ്ങുകയാണ് രീതി. ദുബായിലും അബുദാബിയിലും മറ്റു ഗൾഫ് നാടുകളിലും പ്രാക്ടീസ് ചെയ്യുന്നതിനുള്ള പരീക്ഷയ്ക്കും ഇന്റർവ്യൂവിനും നൂറുകണക്കിന് മലയാളി ഡോക്ടർമാരാണ് ഇടയ്ക്കിടെ ഗൾഫിലെത്താറുള്ളത്. ഇവർ തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് കബളിപ്പിക്കലിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വിവരം പരസ്പരം അറിയുന്നതും ഞെട്ടുന്നതും.
സമീപകാലത്തായി നൂറിൽപ്പരം ഡോക്ടർമാരെങ്കിലും ആഫ്രിക്കൻ സൈബർ റാക്കറ്റുകളുടെ ചതിയില്‍ പെട്ടിട്ടുണ്ട്.
കബളിപ്പിക്കപ്പെട്ടവർ ആരുംതന്നെ പരാതികൾ നൽകാത്തതിനാൽ അധികൃതർക്ക് അന്വേഷണത്തിനും ആകുന്നില്ല.
Post Your Comments