NewsIndia

ലോക സാംസ്‌ക്കാരികോത്സവം : വിവാദ പ്രസ്താവന തിരുത്തി ആര്‍ട്ട് ഓഫ് ലിവിങ് സംഘടന

ന്യൂഡല്‍ഹി: അഞ്ചുകോടി രൂപ പിഴയടക്കാന്‍ ഒരു മാസം സമയമനുവദിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടന. തങ്ങളുടേത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണെന്നും ഇത്രയും വലിയ തുക പിരിച്ചെടുക്കാന്‍ സമയം വേണമെന്നുമാണ് ഇവര്‍ കോടതിയില്‍ ഉന്നയിച്ച വാദം.

ജയിലില്‍ പോയാലും പിഴയടക്കില്ലെന്ന് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതി നാശം വരുത്തിയതിനാണ് പിഴയീടാക്കുന്നതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് അങ്ങനെ പറയേണ്ടിവന്നതെന്ന് ആര്‍ട്ട് ലിവിങിന് വേണ്ടി ഹാജരായ അഭിഭാഷക മറുപടി നല്‍കി. പിഴയടച്ചില്ലെങ്കില്‍ സംഘടനക്കെതിരെ നടപടയെടുക്കേണ്ടിവരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ സ്വതന്ത്രകുമാര്‍ വ്യക്തമാക്കി.

യമുന നദിക്കരയില്‍ നടത്തുന്ന ‘ലോക സാംസ്‌കാരികോത്സവത്തിന് ചുമത്തിയിരുന്ന പിഴ അടക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു ദിവസം കൂടി സമയം നീട്ടി നല്‍കിയിരുന്നു. മുന്‍കൂറായി പിഴ അടച്ചാല്‍ മാത്രമേ പരിപാടി നടത്താനുള്ള അനുമതി നല്‍കാനാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക ആഘാതം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പരിപാടിയുടെ സംഘാടകരോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പരിപാടി അവസാനിച്ചതിന് ശേഷം പ്രദേശത്ത് ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ന് തുടങ്ങുന്ന സാംസ്‌കാരികോത്സവം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ലോക സാംസ്‌കാരികോത്സവ’ത്തിനായി യമുനാ നദിയുടെ തീരത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് വിവാദമായിരുന്നു. പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button