അമേരിക്ക : വിമാനയാത്രികര്‍ക്ക്പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. ‘ബേസിക് ഇക്കോണമി’, ‘ലാസ്റ്റ് ക്ലാസ്’, ‘ഇക്കോണമി മൈനസ്’ എന്നീ പേരുകളില്‍ സൗകര്യം കുറഞ്ഞ സീറ്റുകള്‍ അവതരിപ്പിക്കുകയാണ് അമേരിക്കയിലെ പ്രമുഖ എയര്‍ലൈനുകള്‍. യു.എസിലെ ഡെല്‍റ്റ എയര്‍ലൈന്‍സ് ആണ് ഇത് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ ഇക്കോണമിയെ അവര്‍ ഇപ്പോള്‍ മെയിന്‍ ക്യാബിന്‍ എന്നാണു വിളിക്കുക. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരെ സഹായിക്കുകയാണു തങ്ങള്‍ ഈ പദ്ധതി അവതരിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. യുണൈറ്റഡ്, അമേരിക്കന്‍ എന്നീ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ പുതിയ ക്ലാസ് അവതരിപ്പിക്കുമെന്നറിയിച്ചിട്ടുണ്ട്. ബിസിനസ് ക്ലാസ് സീറ്റുകളും ഇക്കോണമി ക്ലാസ് സീറ്റുകളും തമ്മിലുള്ള വ്യത്യാസം വളരെയേറെയാണ്. ഇക്കോണമി ക്ലാസിലെ ചില നിരകളില്‍ കാല്‍ നീട്ടിയിരിക്കാനുള്ള ഇടം കൂടുതലുള്ളതിനാല്‍ അവയ്ക്കു കൂടുതല്‍ നിരക്ക് ഈടാക്കുന്ന പതിവ് എയര്‍ലൈനുകള്‍ക്കുണ്ട്.
ലെഗ് റൂം കൂടുതല്‍ നല്‍കുന്നതാണ് ‘പ്രീമിയം ഇക്കോണമി’യുടെ മുഖ്യ ലക്ഷണം. എന്നാല്‍ ഏറ്റവും കുറഞ്ഞ സ്ഥലസൗകര്യമേ താഴ്ന്ന ക്ലാസ് ഇക്കോണമിയില്‍ പ്രതീക്ഷിക്കാവൂ. സൈഡ് സീറ്റുകള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട. രണ്ടു പേര്‍ ഒന്നിച്ചു ടിക്കറ്റെടുത്തെന്നു കരുതി അടുത്തടുത്തുള്ള സീറ്റുകള്‍ കിട്ടാനും സാധ്യതയില്ല. ടിക്കറ്റ് വാങ്ങിയ ശേഷം യാത്രയുടെ തീയതിയോ സമയമോ മാറ്റാനാവില്ല. റദ്ദാക്കിയാല്‍ പൈസ തിരികെ കിട്ടില്ല. സൗജന്യമായി ഒരു ബാഗ് പോലും കൊണ്ടു പോകാനാവില്ല. ഒരു തരത്തിലുള്ള ഭക്ഷണ പാനീയങ്ങളും സൗജന്യമായി ലഭിക്കില്ല. നേരത്തേ സീറ്റ് തിരഞ്ഞെടുക്കാനാവില്ല. സീറ്റ് അപ്‌ഗ്രേഡ് ചെയ്യാനുമാവില്ല. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും അമേരിക്കയില്‍ വിജയിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും പുതിയ ലോക്ലാസ് എത്തും.
Post Your Comments