കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന ധാരാളം പുസ്തക ശാലകളും ക്ലബ്ബുകളും നമുക്കറിയാം. എന്നാല്‍ ഓക്ലന്‍ഡിലെ സെന്‍ട്രല്‍ സിറ്റി ലൈബ്രറി നടത്തുന്ന ബുക്ക് ക്ലബ്ബിന് ഒരു പ്രത്യേകതയുണ്ട്. ഇത് തെരുവില്‍ അലയുന്നവര്‍ക്കു മാത്രമായുള്ളതാണ്.
ലൈബ്രേറിയനായ ഹാമിഷ് നൂനന് ഓക്ലന്‍ഡ് സിറ്റി മിഷനുമായി ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് ഇത്തരമൊരു ക്ലബ്ബിനു രൂപം നല്‍കിയത്. ഇന്ന് ഓക്ലന്‍ഡിലെ തെരുവുകളില്‍ അലയുന്നവരില്നൂറോളം പേര് ക്ലബ്ബില്‍ സ്ഥിരം അംഗത്വം എടുത്തവരാണ്. അംഗത്വം എടുക്കുന്നതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത് സിറ്റി മിഷന് എന്ന മേല്‍വിലാസവും. അംഗങ്ങളില്‍ മിക്കവരും തങ്ങളുടെ ദിവസത്തിലെ അധികസമയവും ഗ്രന്ഥശാലയില്‍ ചിലവിടനാണ് ഇപ്പോള്‍ നീക്കിവയ്ക്കുന്നത്.
ക്ലബ്ബിനെക്കുറിച്ച് കേട്ടറിഞ്ഞു വന്നവരാണ് അധികവും. സാധാരണ ജീവിതം നയിക്കുന്നവരെ അപേക്ഷിച്ച് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് നീക്കി വയ്ക്കാന്‍ ധാരാളം സമയമുണ്ടാവും. അവ ഫലപ്രദമായി വിനിയോഗിക്കാനും അതിലൂടെ ജീവിതം തന്നെ ക്രമീകരിക്കാനും ഉള്ള വഴികള്‍ തുറന്നിടുകയാണ് ഈ ബുക്ക് ക്ലബ്ബ്. അംഗങ്ങള്‍ക്കായി ആഴ്ചതോറും യോഗങ്ങളും ഇവിടെ നടത്താറുണ്ട്. അത് അവരുടെ മാനസിക പ്രശ്നങ്ങള്‍ക്കും മറ്റും ഒരു ചികിത്സയുടെ ഫലമാണ് നല്‍കുന്നത്. പുസ്തകങ്ങളെ കുറിച്ചും തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ചും ജീവിത വിഷമങ്ങളെക്കുറിച്ചും തുറന്നു പറയാനുള്ള വേദി കൂടിയാണിത്.
എല്ലാ ആഴ്ചകളിലും കൃത്യമായി എത്തുന്ന പതിനഞ്ചോളം അംഗളാണ് ക്ലബ്ബിനുള്ളത്. ഇതില്‍ സ്വന്തമായി നോവല്‍ എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരനുമുണ്ടെന്ന് നൂനന് പറയുന്നു. വായനയെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചു വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു കൂട്ടം ആളുകളാണ് ക്ലബ്ബില്‍ അംഗങ്ങളായുള്ളത്. വിവിധ വിഷയങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും ഇവിടെ നടക്കാറുണ്ട്.
പുസ്തകവായനക്കു പുറമെ എല്ലാ ആഴ്ചയിലും അംഗങ്ങള്‍ക്കായി ചലച്ചിത്ര പ്രദര്‍ശനവും ക്ലബ്ബ് ഒരുക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ഒരു മീഡിയ ക്ലബ്ബും പ്രവര്‍ത്തിക്കുന്നു. തെരുവിലെ തങ്ങളുടെ ജീവിതം എങ്ങനെയെന്നതിനെക്കുറിച്ച് പങ്കുവയ്ക്കാന്‍ അംഗങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുകയും ഉപേക്ഷിക്കപ്പെട്ടുപോകുകയും ചെയ്യുന്നവരെ പലപ്പോഴും നാം തിരിച്ചറിയാറില്ല. അത്തരക്കാരെ വായനയുടെ ലോകത്തിലൂടെ കൈപിടിച്ചു നടത്തി ജീവിതത്തില്‍ പ്രതീക്ഷകളുടെ പ്രകാശം പരത്തുക എന്നതാണ് ബുക്ക് ക്ലബ്ബിന്റെ ലക്ഷ്യം.
Post Your Comments