ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘം ജൂണ്‍ 18-ന് ചുമതലയേല്‍ക്കും. എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. പരിശീലനത്തിനുള്ള മൂന്ന് വനിതകള്‍ യുദ്ധവിമാനം പറത്താനുള്ള സന്നദ്ധതയറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഇപ്പോളവര്‍ രണ്ടാംഘട്ട പരിശീലനത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
മൂവരുടേയും പരിശീലനം പൂര്‍ത്തിയായി പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് തുല്യരായി കഴിഞ്ഞാല്‍ അവരുടെ പാസിംഗ് ഔട്ട് പരേഡ് ജൂണ്‍ 18-ന് നടത്താം. ഇതിനുശേഷം ഇവരെ യുദ്ധവിമാന വിഭാഗത്തിലേക്ക് കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പോര്‍വിമാനങ്ങളുടെ നിയന്ത്രണം വനിതകളുടെ കൈകളിലേക്കും ഏല്‍പ്പിച്ചുകൊടുക്കുന്നതിനുള്ള നീക്കം നടത്തിയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ആര്‍മി മെഡിക്കല്‍ കോര്‍പ്പ്‌സാണ് ആദ്യമായി വനിതകള്‍ക്ക് പ്രതിരോധമേഖലയില്‍ സേവനം അനുഷ്ഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതെന്നും അരൂപ് രാഹ കൂട്ടിച്ചേര്‍ത്തു.
യുദ്ധവിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ വനിതാ പൈലറ്റുകള്‍ക്കും അവസരം നല്‍കുമെന്ന് എണ്‍പത്തി മൂന്നാമത് വ്യോമസേനാ ദിനത്തില്‍ എയര്‍ചീഫ് മാര്‍ഷല്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments