ബംഗളുരു: ലോഗ് ഇന്‍ സെക്ഷനിലെ വലിയൊരു തെറ്റ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്കിന്റെ സമ്മാനം പത്ത് ലക്ഷം രൂപ. ബംഗളുരുവില്‍നിന്നുള്ള ഹാക്കര്‍ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്ക് 15,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്.
ആനന്ദ് പ്രകാശ് കണ്ടെത്തിയ തെറ്റ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അക്കൗണ്ടിലെ മെസേജുകള്‍, ചിത്രങ്ങള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയും. ഫേസ്ബുക്ക് ഉപയോഗിച്ച് എന്തെങ്കിലും ഇലക്ട്രോണിക് കച്ചവടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും.
ലോഗിന്‍ സിസ്റ്റത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ആനന്ദ് ഫേസ്ബുക്കിന് ഫെബ്രുവരി 22ന് ഇമെയില്‍ അയച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 2ന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ഫേസ്ബുക്കില്‍നിന്നും ആനന്ദിന് മറുപടിയും ലഭിച്ചു. ഫേസ്ബുക്കിന്റെ പോരായ്മ ചൂണ്ടിക്കാണിച്ചിട്ടുള്ള ഹാക്കര്‍മാര്‍ക്ക് കമ്പനി ഇതുവരെ 9,36,000 ഡോളര്‍ പ്രതിഫലം നല്‍കിയിട്ടുള്ളതായാണ് കണക്ക്.
Post Your Comments