Pen Vishayam

സ്വര്‍ഗ്ഗത്തിലൊരു മൊഞ്ച്

ഫൗസിയ കലപ്പാട്ട്

ഇന്നത്തെ ടെലിവിഷന്‍ സീരിയലുകളിലെ പ്രധാന വില്ലത്തികളാണ് അമ്മായിയമ്മയും മരുമകളും.അമ്മായിയമ്മയെ കൊല്ലാന്‍ നടക്കുന്ന മകള്‍,മരുമകളെ വകവരുത്താന്‍ ശ്രമിക്കുന്ന അമ്മായിയമ്മ.ആജന്മശത്രുക്കളായി കാലം അവരോധിച്ച രണ്ട് കഥാപാത്രങ്ങള്‍.എന്റെ കല്ല്യാണം കഴിയുന്ന സമയത്ത് മലയാളം ടെലിവിഷന്‍ സീരിയലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഭാഗ്യം.അതുകൊണ്ട് പോരെടുക്കുന്ന അമ്മായിയമ്മയുടെ ചെയ്തികളെക്കുറിച്ച് മുന്‍വിധികളും ഇല്ലായിരുന്നു.

അനിലിന്റെ ഉമ്മിച്ചിയെ ഞാനാദ്യമായി കാണുന്നത് പെണ്ണുകാണാന്‍ അവരെല്ലാം കുടുംബസമേതം എത്തിയപ്പോഴാണ്.അടുക്കളയില്‍ നാണിച്ച് പുറംതിരിഞ്ഞ് നിന്ന എന്നോട് ചിരപരിചിതയെ പോലെ ഒരുപാട് സംസാരിച്ചു അന്ന്.ഇന്ന് ഉമ്മിച്ചി ഈ ലോകത്തില്ല.എനിക്ക് ജീവിതത്തിലുണ്ടായ പ്രധാന നഷ്ടങ്ങളിലൊന്നാണത്. എന്റെ നീണ്ടമുടിയോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു ഉമ്മിച്ചിക്ക്.അതിന് കാര്യമായ പരിചരണമൊന്നും വേണ്ട,നല്ല ഭക്ഷണം കഴിച്ചാല്‍ മതി എന്ന് വിജ്ഞാനം പറയുമായിരുന്നു.കയ്യൂണ്യവും ബ്രഹ്മിയുമൊക്കെ ഇട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുമായിരുന്ന എനിക്ക് അതൊന്നും ദഹിക്കില്ലായിരുന്നു.കാച്ചിയ എണ്ണ തീരും മുന്‍പ് തന്നെ മുന്‍കൂട്ടി എണ്ണകാച്ചിതരുന്ന ഉമ്മിച്ചിയായിരുന്നു വീട്ടില്‍.കല്ല്യാണം കഴിഞ്ഞ് ചെന്നപ്പൊ കേള്‍ക്കുന്നത് നേരെ തിരിച്ചും.ഉമ്മിച്ചിയുടെ പല രീതികളോടും പൊരുത്തപ്പെടാന്‍ ആദ്യമൊക്കെ പ്രയാസമായിരുന്നു.

അനിലിന്റെ വാപ്പിച്ചിയുടെ ഉമ്മ നേരത്തെ മരിച്ചുപോയത് കൊണ്ട് അമ്മായിയമ്മ എന്താണെന്നോ അവരെങ്ങിനെ ആയിരിക്കണം എന്നൊന്നും ഉമ്മിച്ചിക്ക് അറിയില്ലായിരുന്നു.സ്വന്തം പെണ്‍മക്കളെ വഴക്ക് പറയുന്നപോലെ തന്നെ എന്നെയും പറയും.എനിക്കത് വേദനയുണ്ടാക്കിയത് ഉമ്മിച്ചിയെ മനസ്സിലാക്കി തുടങ്ങാന്‍ വൈകിയത് കൊണ്ടാണ്.ഇഷ്ടമില്ലാത്തത് കണ്ടാല്‍ ആര് നിന്നാലും വഴക്ക് പറയും.ഒരിക്കല്‍ നെയ്‌ചോറിന് അരി കഴുകിയപ്പൊ അരിമണികള്‍ താഴെ വീണതിന് നല്ല വഴക്ക് കേട്ടു.എന്റെ ആന്റി അന്ന് എന്നെ കാണാന്‍ വന്നിരുന്നു.കുറച്ച് സമയം കഴിഞ്ഞ് സ്‌നേഹത്തോടെ എന്നോട് സംസാരിക്കുന്നത് കണ്ട് ആന്റി അന്തം വിട്ടുപോയി.വഴക്ക് പറയുന്നത് കേട്ടപ്പൊ ഭയങ്കരിയാണെന്നാ കരുതിയതെന്ന് പിന്നീട് ആന്റി എന്നോട് പറഞ്ഞു.എന്റെ മാമാമാര്‍ക്കെല്ലാം വളരെ ഇഷ്ടമായിരുന്നു ഉമ്മിച്ചിയെ.ഉമ്മിച്ചിക്ക് തിരിച്ചും.
പാചകം വലിയ പിടിപാടില്ലാതിരുന്ന എനിക്ക് പത്തിരി,ഇടിയപ്പം ഇറച്ചിക്കറികള്‍,കട്‌ലറ്റ്,സമൂസ,ബിരിയാണി,കുഴലപ്പം,അച്ചപ്പം എന്നുവേണ്ട എല്ലാത്തരം പലഹാരങ്ങളും കറികളും ഉണ്ടാക്കാന്‍ ചിട്ടയായി പഠിപ്പിച്ച് തന്നത് ഉമ്മിച്ചിയാണ്. പച്ചികൊച്ചേ,അവിയലിന് കഷണം നുറുക്കേണ്ടത് എങ്ങിനെയാ?ഇടയ്ക്കിടെ ചോദ്യങ്ങളുണ്ടാകും. ഓര്‍മയുണ്ടോ എന്നറിയാനാണ്. ഇടയ്ക്ക് ഞാന്‍ എന്തെങ്കിലും ഉണ്ടാക്കും.നല്ല വഴക്കും കേള്‍ക്കും.കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് മറ്റാര്‍ക്കും തോന്നാത്ത രുചിക്കുറവ് ഉമ്മിച്ചി കണ്ടുപിടിക്കുന്നത് എന്റെ പാചക വൈദഗധ്യം കൂട്ടാനാണെന്ന് വാപ്പിച്ചിയോട് പറയുന്നത് ഞാന്‍ കേട്ടു.അതിന് ശേഷം പിന്നീട് കുറ്റം പറഞ്ഞാലും എനിക്കൊന്നും തോന്നിയിട്ടില്ല. ഒരു സാരിയുടുത്താല്‍ ഉമ്മിച്ചി കൂടെയുണ്ടെങ്കില്‍ പണിയാണ്.വെള്ളത്തില്‍ മുട്ടിക്കല്ലേ,ചെളിയാക്കല്ലേ,എന്നൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും.
കാണാന്‍ നല്ല സുന്ദരിയായിരുന്നു ഉമ്മിച്ചി.പതിനാലാം വയസ്സില്‍ കല്ലൃാണം ഇരുപത്തൊന്നാം വയസ്സ് ആയപ്പോഴേക്കും നാല് മക്കളെയും പ്രസവിച്ച് യൗവ്വനം തീരും മുന്‍പേ മുത്തശ്ശിയുമായി.ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് മക്കളെ വളര്‍ത്തിയെടുത്തതെന്ന് പറയുമായിരുന്നു.ബിസിനസ്സുകാരനായ വാപിച്ചിയുടെ തിരക്കുകളോട് പരാതി പറയാതിരുന്ന ഉമ്മിച്ചിയെ വാപ്പിച്ചിയും സ്‌നേഹിച്ചിരുന്നു.കുടുംബത്തിലായാലും പുറത്തായാലും ഒരു പ്രശ്‌നം ഉണ്ടായാല്‍ പരിഹരിക്കാന്‍ പ്രത്യേക സാമര്‍ത്ഥ്യം ഉണ്ടായിരുന്നു ആ എട്ടാം ക്ലാസ്സുകാരിക്ക്.പഠിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ വലിയ നിലയിലെത്തേണ്ട ആളാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പറ്റാത്ത കാര്യങ്ങള്‍ പറ്റില്ല എന്ന് പറയാന്‍ ഒരു മടിയും ഇല്ലായിരുന്നു.അവരെന്ത് വിചാരിക്കും എന്ന് ചിന്തിച്ച് സ്വന്തം അഭിപ്രായങ്ങളെ കുഴിച്ചിടാന്‍ തയ്യാറല്ലായിരുന്നു.നമ്മള്‍ അധ്വാനിച്ചല്ലേ ജീവിക്കുന്നത്,നമ്മളെ ഭരിക്കാന്‍ നാട്ടുകാര്‍ക്കല്ല,വീട്ടിലുള്ളവര്‍ക്കാ അവകാശം എന്ന് പറയുന്ന ഉമ്മിച്ചിയുടെ ന്യായത്തോട് എനിക്ക് ബഹുമാനമായിരുന്നു എന്നും..കാരണം എനിക്കതിന് സാധിക്കില്ലായിരുന്നു.അതിന്റെ പ്രശ്‌നങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നെ അണിയിച്ചൊരുക്കി നടത്താന്‍ വലിയ ഇഷ്ടമായിരുന്നു ഉമ്മിച്ചിക്ക്. ഒരു കല്ല്യാണം ഉണ്ടെങ്കില്‍ തലേദിവസം തന്നെ മുല്ലമൊട്ട് വാങ്ങി വാഴയിലയില്‍ പൊതിഞ്ഞുവെക്കും.പിറ്റേദിവസം ഒരുങ്ങുമ്പോള്‍ മുല്ലപ്പൂമാല തലമുടിയില്‍ എത്തുമ്പോള്‍ മാത്രമേ ഞാനത് അറിയാറുള്ളൂ.അത് തലയില്‍ ഭംഗിയായി ചൂടി തന്ന് തൃപ്തി വരുത്തിയിട്ടേ വീട്ടില്‍ നിന്നിറങ്ങൂ.സാരിയുടുത്തത് നന്നായോ,കണ്ണെഴുതിയതിന് മഷി കുറഞ്ഞുപോയോ എന്നൊക്കെ മാറിനിന്ന് ഒരു വിഹകവീക്ഷണം തന്നെ നടത്തും.ത്യപ്തിയായാല്‍ തല മെല്ലെ ആട്ടി ഒരു ചിരിയുണ്ട്.ആ ചിരി തെളിയും വരെ ഞാന്‍ ആ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കും.ശരീരം വണ്ണം വെക്കാതെ നോക്കണമെന്ന് എപ്പോഴും പറയുമായിരുന്നു.ഞാന്‍ മോളെ പ്രസവിച്ച് കിടക്കുമ്പൊ നോക്കാന്‍ നിന്ന സ്ത്രീയോടും എന്റെ ഉമ്മിച്ചിയോടും പറയുമായിരുന്നു,പ്രസവരക്ഷയെന്നും പറഞ്ഞ് ശരീരം തടിപ്പിക്കരുതേ എന്ന്.ഒന്നര മാസം കഴിഞ്ഞ് എന്നെ കണ്ടപ്പൊ ഉമ്മിച്ചി സന്തോഷത്തോടെ തലയാട്ടി.ഞാന്‍ വണ്ണം വെച്ചിട്ടില്ല എന്നതായിരുന്നു ആ സന്തോഷത്തിന്റെ മൂലകാരണം.

സ്വന്തം കുഞ്ഞിനെ നമ്മള്‍ തന്നെ കുളിപ്പിച്ച് പഠിക്കണം എന്ന് പറഞ്ഞ് കൈകുഞ്ഞായ മോളെ കുളിപ്പിക്കാന്‍ ധൈര്യം തന്നതും ഉമ്മിച്ചിയാണ്. നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ആദ്യമായി വെള്ളം ഒഴിച്ചപ്പോള്‍ കൈയ്യൊന്ന് വിറച്ചു.ആ ദിവസം കഴിഞ്ഞപ്പോള്‍ അതും മാറി.നീ കുളിപ്പിച്ച് തുടങ്ങിയപ്പൊ മോള് സുന്ദരിയായി എന്ന് പറഞ്ഞ് അഭിനന്ദിക്കാനും മറന്നില്ല. സൗന്ദര്യമുള്ള നന്നായി ആസ്വദിക്കുകയും അതിനെകുറിച്ച് വാതോരാതെ അഭിപ്രായം പറയുകയും ചെയ്യുമായിരുന്നു.ഞങ്ങളൊരുമിച്ച് നടത്തുന്ന സായാഹ്ന സവാരികളില്‍ ചന്തമുള്ളവരെ കണ്ടാല്‍ അതാണായാലും പെണ്ണായാലും ആസ്വദിച്ച് അഭിപ്രായം പറയും.മനസ്സിന് ഒരുപാട് വിഷമം തട്ടിയ സന്ദര്‍ഭത്തില്‍ നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞിട്ടുള്ള ജീവിതത്തിലെ അപൂര്‍വ്വം ചിലരിലൊരാളായിരുന്നു ഉമ്മിച്ചി. തല്ലുകൂടുമായിരുന്നു ഞങ്ങള്‍.പക്ഷെ പകലത്തെ വഴക്ക് ഇരുട്ടുന്നതിന് മുന്‍പ് തീര്‍ന്നിരിക്കും.വഴക്ക് മറന്ന് ഞങ്ങളിലാരെങ്കിലും ഒരാള്‍ മിണ്ടിയിരിക്കും. ജീവിതത്തിലുണ്ടായ വിഷമങ്ങള്‍,സങ്കടങ്ങള്‍,പരാതികള്‍,ഓരോ ബന്ധുജനങ്ങളെ ക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍,വിലയിരുത്തലുകള്‍ എല്ലാം പറഞ്ഞിട്ടുണ്ട്.ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിച്ച സ്വന്തമായ ഇഷ്ടങ്ങള്‍,ആഗ്രഹങ്ങള്‍ മുതലായ പലതും നടക്കാതെ പോയ മനസ്സില്‍ അതൊക്കെ സ്വപ്നം കണ്ട് നടന്ന ഒരു സ്ത്രീജന്മം..

പ്രമേഹത്തിന്റെ അസ്‌കിത ഉള്ളതുകൊണ്ട് പഞ്ചാരേ എന്ന് നീട്ടി വിളിക്കാന്‍ ഇഷ്ടമായിരുന്നു എനിക്ക്.മധുരമുള്ളത് കട്ടുതിന്നാന്‍ പ്രത്യേക വിരുതായിരുന്നു.ശര്‍ക്കരയും തേങ്ങാക്കൊത്തും കറുത്ത അലുവയുമൊക്കെ ബലഹീനതകളായിരുന്നു.എപ്പോഴും അനിലിനോട് പറയുമായിരുന്നു,നിനക്ക് എന്റെ ശരീരപ്രക്യതാ,മധുരം കുറച്ച് കഴിക്കണം എന്നൊക്കെ..പക്ഷെ ആ ഉപദേശം സ്വന്തം കാര്യത്തില്‍ പ്രാബല്യത്തിലായില്ല. പച്ചികൊച്ചേ എന്ന് നീട്ടി വിളിച്ചാല്‍ ഉറപ്പിക്കാം.എവിടെ എങ്കിലും ഒരു ജോലി കണ്ടുവെച്ചിട്ടാവും വിളിയെന്ന്.സുഖമില്ലാതാകും വരെ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ലായിരുന്നു. നല്ല ചുരുണ്ട കമ്പിപോലുള്ള മുടിയായിരുന്നു ഉമ്മിച്ചിക്ക്. കുളികഴിഞ്ഞ് തല തുവര്‍ത്തി മുടിയിലെ കുരുക്കുകള്‍ അഴിക്കാന്‍ ഒരിരുപ്പുണ്ട്.അപ്പൊ കൂടെയിരുന്നാല്‍ കേള്‍ക്കാം കുറെ പഴങ്കഥകള്‍..ഓര്‍മകളുടെ ചുരുള്‍ പൊഴിഞ്ഞു വരുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. മോളോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.അവളുടെ കൈപിടിച്ച് വൈകുന്നേരം നടക്കാനിറങ്ങും.വഴിയില്‍ കാണുന്ന പരിചയക്കാരോടെല്ലാം വര്‍ത്തമാനം പറഞ്ഞ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് മോളെക്കൊണ്ടും സംസാരിപ്പിച്ച് ആസ്വദിച്ചുള്ള യാത്രയായിരിക്കും അത്.മോള്‍ക്ക് അഞ്ചുവയസ്സ് തികയുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഉമ്മിച്ചി മരിച്ചത്.2002 ഏപ്രില്‍ 21 അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലെ തീരാനഷ്ടമായി മാറി.മരണമെന്ന യാഥാര്‍ത്ഥ്യം എത്രമാത്രം ഭീകരവും വേദനാജനകവുമാണെന്ന് ഞാനറിഞ്ഞത് ഉമ്മിച്ചിയുടെ മരണത്തോടെയാണ്.ഉമ്മിച്ചിയുടെ നെറ്റിയിലെ തണുപ്പ് ഇപ്പോഴും ചുണ്ടില്‍ പറ്റിയത് ഓര്‍മയുണ്ട്.പ്രമേഹം കൂടി പണിമുടക്കിയ ഹ്യദയത്തെ പിടിച്ച് നിര്‍ത്താനോ ഉപദേശിച്ച് തിരിച്ചുകൊണ്ടുവരാനോ ഉമ്മിച്ചി നിന്നില്ല.

ഉമ്മിച്ചി മരിച്ച് കഴിഞ്ഞപ്പൊ് ഉത്തരവാദിത്തങ്ങള്‍ പെട്ടെന്ന് എന്നിലായി.ഏറ്റെടുക്കാന്‍ മടിയൊന്നും തോന്നിയില്ല.മരണം കഴിഞ്ഞ് ഒരാഴ്ച ആയി.രാത്രി ഇരുന്ന് വാങ്ങേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഉറങ്ങാന്‍ കിടന്നു ഞാന്‍.കുടംപുളി അടുക്കളയിലെ തട്ടില്‍ ഭരണിയിലുണ്ടെന്നും മധുരമിടാത്ത അവലോസുപൊടി ടിന്നിലാക്കി വെച്ചിട്ടുണ്ടെന്നും പ്രമേഹത്തിന്റെ തുടക്കക്കാരനായ വാപ്പിച്ചിക്ക് അത് കൊടുത്താല്‍ മതിയെന്നും ഉമ്മിച്ചി എന്റെ അരികിലിരുന്ന് പറയുന്നു.അത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കി യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചെത്തിയപ്പോള്‍ കണ്ടതും കേട്ടതും സത്യമാണോ എന്നറിയാന്‍ ഞാന്‍ അടുക്കളയിലേക്കോടി.പറഞ്ഞ സ്ഥലത്തുനിന്ന് തന്നെ ഞാനതെല്ലാം തപ്പിയെടുത്തു.ടെലിപ്പതി പോലൊരനുഭവം.ആ ഞ്ഞെട്ടലില്‍ നിന്ന് ഞാന്‍ പെട്ടെന്നൊന്നും മോചിതയായില്ല.

ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ആ കൂട്ടുകാരിയുടെ അസാന്നിധ്യം എനിക്ക് സങ്കടങ്ങള്‍ തന്നിട്ടുണ്ട്.ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ട്. ഉമ്മിച്ചി മരിച്ചതിന് ശേഷം ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം കുറഞ്ഞു.ആരെങ്കിലും സുഖമില്ലാതെ കിടപ്പാണെന്നറിഞ്ഞാല്‍ നിര്‍ബന്ധപൂര്‍വ്വം വീട്ടിലുള്ളവരെയും കൂടെ കൂട്ടും.ഇപ്പൊ പലരും പറയും റസിയ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെയൊക്കെ ഇടയ്ക്ക് കാണാമായിരുന്നു എന്ന്.ജീവിത തിരക്കുകള്‍ ഞങ്ങള്‍ക്കാര്‍ക്കും സമയമില്ലാതാക്കി.ഉമ്മിച്ചി ഉണ്ടായിരുന്നെങ്കില്‍ കണ്ടെത്തുമായിരുന്ന സമയം ഇന്നാര്‍ക്കും ഇല്ല. നഷ്ടങ്ങള്‍ ഭീകരമാകുന്നത് അത് അനുഭവത്തില്‍ വരുമ്പോഴാണ്.കണ്ണുള്ളപ്പോള്‍ കാഴ്ചയറിയില്ല എന്ന് പറയുംപോലെ… സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന സ്‌നേഹവും സുരക്ഷയുമാണ് ആദ്യത്തെ ഹജ്ജ് എന്ന് പറയുന്ന ഉമ്മിച്ചിയുടെ ആ ചിന്ത എന്നെയും സ്വാധീനിച്ചിട്ടുണ്ട്.സ്വന്തം ജീവിതത്തിലെ നഷ്ടങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുടെയും പേരില്‍ നിരാശയായി ഉമ്മിച്ചിയെ കണ്ടിട്ടില്ല.സങ്കടങ്ങള്‍ അടക്കിപിടിച്ച് സന്തുഷ്ടയാണ് താനെന്ന് പുറംലോകത്തെ അറിയിച്ചേ നടക്കൂ.

മരണദിവസം പോലും മഞ്ഞളും പാല്‍പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടി, മഞ്ഞളിന്റെ ബാക്കി എനിക്കായി മാറ്റിവെക്കുന്ന ഉമ്മിച്ചി ഇനിയില്ല.കുളിച്ച് കോട്ടണ്‍സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത് സുന്ദരിയായി ഒരുങ്ങിയിരിക്കുന്ന ഉമ്മിച്ചിയെ ഇനി കാണാനാവില്ല.വേറെ ആരോടെങ്കിലും കൂടുതല്‍ സ്‌നേഹം കാണിക്കുന്നത് കണ്ടാല്‍ കുശുമ്പ് കാണിക്കുന്ന ആ കുറുമ്പിയെ ഇനി കാണില്ല.സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന,അതിനെ കുറിച്ച് രണ്ട് മൂന്ന് ദിവസം സംസാരിച്ചിരുന്ന സിനിമയുടെ കഥയിലെ തെറ്റും ശരിയും ചികഞ്ഞെടുത്ത് മറ്റുള്ളവരോട് തര്‍ക്കിക്കുന്ന ആ ശബ്ദം ഇനി കാതിലെത്തില്ല.

തമിഴ് നടന്‍ വിജയയുടെ സിഡിയുമായി മോള് മുന്‍പില്‍..മമ്മാ,നല്ല സിനിമയാ..വാ..നമുക്ക് കാണാം.വിജയയുടെ ആരാധികയായ ഉമ്മിച്ചിയെ ഓര്‍ത്തുകൊണ്ട് ഞാന്‍ അവളോടൊപ്പം നടന്നു.വിജയയുടെ തുള്ളാതെ മനവും തുള്ളും എന്ന സിനിമ കണ്ട് കണ്ണ് നിറഞ്ഞ അതിലെ പാട്ടുകള്‍ മൂളി നടന്ന ഉമ്മിച്ചിയെ പറ്റി മോളോടും പറഞ്ഞുകൊണ്ട് ഞാന്‍ പടികള്‍ കയറി. തമ്പുരാന്റെ സന്നിധിയിലിരുന്ന് ശ്രദ്ധയില്ലാതെ നടക്കുമ്പൊ എപ്പോഴും പറയുന്ന ആ വാചകം ഇപ്പോഴും പറയുന്നുണ്ടാകും. പടി കയറുമ്പൊ സൂക്ഷിക്കൂ പച്ചീ,കാല് തട്ടിവീണ് ഓരോന്ന് വരുത്തി വെക്കല്ലേ..വഴക്ക് നീണ്ടുനീണ്ട് പോകുന്നത് ചെവിയില്‍ കേള്‍ക്കാം.ആരെയും ബുദ്ധിമുട്ടിക്കാതെ നല്ലമരണം വിധിച്ച തമ്പുരാന്‍ സ്വര്‍ഗവും കൊടുത്തുകാണും.അവിടെ സ്വസ്ഥതയോടെ സന്തോഷത്തോടെ ഇരിക്കട്ടെ..ഇടയ്ക്കിടെ സ്വപ്നങ്ങളില്‍ വന്ന് സാരിയുടുപ്പിക്കാന്‍,മുല്ലപ്പൂ ചൂടിതരാന്‍,വഴക്ക് പറയാന്‍ ഒക്കെ സന്തോഷമായി തന്നെ സ്വര്‍ഗവാസിയായി കഴിയട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button