മുംബൈ: ഫുട്ബാള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന തര്‍ക്കവിഷയമാണ്, ബാഴ്‌സലോണയുടെ അര്‍ജന്‍റൈന്‍ ഗോളടിയന്ത്രം ലയണല്‍ മേസിയാണോ, റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്നുള്ളത്. ഞായറാഴ്ച രാവിലെ പ്രസ്തുത തര്‍ക്കം മൂലം മുംബൈയിലെ നല്ലസൊപ്പാറയില്‍ പൊലിഞ്ഞത് ഒരു ജീവനാണ്.
പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, തങ്ങളുടെ വാടക അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ ഒരു ചെറിയ ഫുട്ബാള്‍ മത്സരത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് 22-കാരനായ നൈജീരിയക്കാരന്‍ തന്‍റെ സഹവാസിയെ കൊലപ്പെടുത്തിയത്. പ്രതിയായ മൈക്കല്‍ ന്വാബു ചുക്വുമ മെസ്സിയാണ് മികച്ചവന്‍ എന്ന പക്ഷം പിടിച്ചപ്പോള്‍, അവന്‍റെ നൈജീരിയക്കാരന്‍ തന്നെയായ സുഹൃത്ത് ഒബിന്ന ദുരുംചുക്വു റൊണാള്‍ഡോയ്ക്കായി നിലകൊണ്ടു. വാദപ്രതിവാദം ചൂടുപിടിച്ചപ്പോള്‍ കയ്യാങ്കളിയായി. ചുക്വുമ ഒരു ബിയര്‍ ബോട്ടില്‍ എടുത്ത് ദുരുംചുക്വുവിനെ എറിഞ്ഞെങ്കിലും തലനാരിഴയ്ക്ക് കൊള്ളാതെപോയി. പക്ഷെ, ആ രക്ഷപെടല്‍ താത്ക്കാലികം മാത്രമായിരുന്നു. ഭിത്തിയിലിടിച്ച് തകര്‍ന്ന ബിയര്‍ കുപ്പിയുടെ കഷണം കടന്നെടുത്ത ചുക്വുമ ദുരുംചുക്വുവിന്‍റെ കഴുത്തില്‍ കുത്തി അയാളെ കൊലപ്പെടുത്തി.
നല്ലസൊപ്പാരയിലെ മഹേഷ് അപ്പാര്‍ട്ട്മെന്‍റ്സിലാണ് സംഭവം നടന്നത്. മരണമടഞ്ഞ ദുരുംചുക്വു ശനിയാഴ്ച ചുക്വുമയോടും മറ്റു കൂട്ടുകാരോടുമൊപ്പം തന്‍റെ 34-ആം പിറന്നാളാഘോഷിച്ച് മദ്യപാനവുമൊക്കെയായാണ് ഞായറാഴ്ച പ്രഭാതത്തെ വരവേറ്റത്.
പോലീസിന്‍റെ മുന്നില്‍ നിശബ്ദനായി കീഴടങ്ങിയ ചുക്വുമയുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ജനുവരി 24-ന് കാലാവധി കഴിഞ്ഞതായിരുന്നു എന്നും, അയാള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു എന്നും പോലീസിന് മനസിലായി.
Post Your Comments