അക്ഷരയെ ഓര്മ്മയില്ലേ?പതിമൂന്നു വര്ഷങ്ങള്ക്ക് മുന്പ് കൊച്ചനുജന്റെ കൈ പിടിച്ച് കൊട്ടിയൂര്‍ സ്കൂള്‍ പടിയ്ക്കല്‍ നിന്ന ആ കൊച്ചുപെണ്കുട്ടിയെ ?അച്ഛനമ്മമാര്‍ വഴി പകര്ന്നു കിട്ടിയ എയിഡ്സ് രോഗത്തിന്റെ ക്രൂരത ഒന്നുമറിയാത്ത പ്രായം തൊട്ട് നുള്ളി നോവിയ്ക്കുകയായിരുന്ന ഈ കുട്ടിയെ കാലം കടന്നുപോയിട്ടും അവളെ വെറുതെ വിടാന്‍ വിധി തയ്യാറല്ല.
അന്നൊരുവര്ഷം പഠനം മുടങ്ങിയെങ്കിലും അക്ഷരയ്ക്കും അനുജനും അതേ സ്കൂളില്‍ സ്കൂള്‍ പഠനം തുടരാനായി.കണ്ണൂര്‍ വിറാസ് കോളേജില്‍ ബി എ സൈക്കളോജി വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ അക്ഷര. വീട്ടില്‍ നിന്നും എട്ടുമണിക്കൂറോളം യാത്ര ഉള്ളതിനാല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നാണ് പഠനം.
ആദ്യം അഡ്മിഷന് എടുത്ത കോളേജില്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞിരുന്നു.പക്ഷെ അവിടെ അക്ഷരയെ ചേര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.തുടര്ന്നാന് കണ്ണൂര്‍ വിരാസ് കോളേജില്‍..ആദ്യത്തെ അനുഭവം ഇവിടെയും ആവര്ത്തിക്കുമോയെന്ന് ഭയന്ന് ഒന്നും മിണ്ടാതിരിക്കാന്‍ ശ്രമിച്ചില്ല. മാനേജ്മെന്റിനും അധ്യാപകര്ക്കും അറിയാമായിരുന്നെങ്കിലും വിദ്യാര്ത്ഥികള്ക്ക് അറിയില്ലായിരുന്നു. തനിക്കിങ്ങനെയൊരു പ്രശ്നമുണ്ടെന്ന് എല്ലാവരോടും പറഞ്ഞു നടക്കേണ്ടതില്ലെന്നു തോന്നിയതുകൊണ്ടുമാത്രമാണ്, സഹപാഠികളോടും ഹോസ്റ്റലിലെ സഹമുറിയരോടും ഒന്നും പറയാതിരുന്നത്എന്ന് അക്ഷര.
അവിചാരിതമായി അക്ഷര സുഹൃത്തുക്കളില്‍ ചിലരോട് തന്റെ ജീവിതകഥ പങ്കുവച്ചത്.അവര്‍ എങ്ങനെ പ്രതികരിയ്ക്കുമെന്നു അവള്‍ ഭയന്നെങ്കിലും അവരുടെ സൗഹൃദം കൂടുകയാണ് ചെയ്തത്.പെട്ടെന്നൊരു ദിവസമാണ് അക്ഷരയുടെ രണ്ടധ്യാപികമാര് വീട്ടില്‍ ചെന്നിട്ട് അവളോട് ഹോസ്ടലില്‍ നിന്നും മാറിത്താമസിയ്ക്കണമെന്നു ആവശ്യപ്പെടുന്നത്.അവളുടെ അസുഖത്തെ ഭയന്ന് റൂം മേയ്റ്റ് ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ ഹോസ്റ്റല്‍ വിട്ടു പോയിരിയ്ക്കുന്നു.സ്വമനസ്സാലെ ഹോസ്റല്‍ മാറുന്നെന്നു എഴുതി വാങ്ങാനാണ് അവര്‍ വന്നത്.
പകരം മാനേജ്മെന്റ് അക്ഷരയ്ക്ക് വേറൊരിടത്ത് താമസസൌകര്യം ഒരുക്കി കൊടുത്തു. വൃദ്ധരും മാനസികാസ്വസ്ഥ്യമുള്ളവരും പാര്ക്കുന്ന ഗുഡ് ഹോപ്പിലെ പണി തീരാത്തൊരു ബില്ഡിംഗിന്റെ രണ്ടാം നിലയിലായിരുന്നു അക്ഷരയുടെ മുറി. ആ മുറിയില്‍ മാത്രം വെട്ടമുണ്ട്. മുകള്‍ നിലയില്‍ മാറ്റാരുമില്ല. അവിടെയവള്‍ ഒറ്റയ്ക്ക്. ഒരു പെണ്കുട്ടിക്ക് കോളേജ് മാനേജ്മെന്റ് ഒരുക്കി കൊടുത്ത സൗകര്യം!
തനിയ്ക്ക് ആരുടെയും സഹതാപം ആവശ്യമില്ലെന്ന് അവള്‍ പറയുന്നു.അതര്‍ഹിയ്ക്കുന്ന ഒരുപാട് പേര്‍ നാട്ടിലുണ്ട്.താന്‍ നല്ല ഭക്ഷണം കഴിച്ചു നല്ല സാഹചര്യങ്ങളില്‍ ജീവിയ്ക്കുന്നു.സ്നേഹം കാണിയ്ക്കണമെന്നുള്ളവര്‍ തന്റെ പഠനത്തിനുള്ള തടസ്സങ്ങള്‍ മാറ്റിത്തരനാണ് അവള്‍ ആവശ്യപ്പെടുന്നത്.
സഹപാഠികള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് അക്ഷര ഉറച്ച് വിശ്വസിക്കുന്നു.ഒരുപക്ഷേ കുട്ടികള്‍ അവരുടെ മതാപിതാക്കളോട് എന്റെ കാര്യം പറഞ്ഞിരിക്കാം. അവരതുകേട്ട് ഭയന്നുപോയിട്ടുണ്ടാവും. ആ ഭയം മാനേജ്മെന്റിനെ അറിയിക്കുകയുമുണ്ടായിട്ടുണ്ട്.
“ഞാന്‍ കാരണം മറ്റു കുട്ടികള്ക്കെന്താണ് സംഭവിക്കാന്‍ പോകുന്നത്? “ അക്ഷര ചോദിയ്ക്കുന്നു.
“എന്റെ സഹോദരി എച്ച് ഐ വി നെഗറ്റീവ് ആണ്. ഇരുത്തിരണ്ട് വയസായി അവള്ക്ക്. എന്റെ അമ്മയുടെ കൂടെയല്ലേ അവള്‍ ഇക്കാലമത്രയും ജീവിച്ചത്. എന്തു സംഭവിച്ചു അവള്ക്ക? എന്റെ നാട്ടിലാര്ക്കാണ് ഞാന്‍ കാരണം എച്ച് ഐ വി പകര്ന്നത്? എന്റെ നാട്ടുകാര്ക്കോ എന്റെ സ്കൂള്‍ സുഹൃത്തുക്കള്‍ക്കോ അന്നത്തെ അധ്യാപകര്ക്കോ ഇല്ലാത്ത ഭയവും ആശങ്കയും നിങ്ങള്ക്കു മാത്രം?
ക്ലാസ് മുറിയില്‍ ഒരുമിച്ചിരുന്ന് പഠിക്കുമ്പോഴോ, പുറത്തിറങ്ങി നടക്കുമ്പോഴോ ഉണ്ടാകാത്ത പ്രശ്നം ഹോസ്റ്റല്‍ മുറിയില്‍ എത്തുമ്പോള്‍ മാത്രം എങ്ങനെ സംഭവിക്കുന്നു?”
അതിനു പ്രിന്‍സിപ്പല്‍ കൊടുത്ത ഉത്തരം ഈ സമൂഹത്തെപ്പോലും ലജ്ജിപ്പിയ്കുന്നതാണ്.രാത്രികാലങ്ങളിലാണ് എച്ച് ഐ വി വൈറസ് പടരുന്നതത്രേ!
ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അക്ഷര. തികഞ്ഞ ആത്മവിശ്വസത്തോടെ. എന്നാല്‍ അവള്‍ക്കിനി അത് പറ്റുമോയെന്നും അറിയില്ല. ഒരു ഐ ഏ എസ്കാരിയകണമെന്നാണ് അക്ഷരയുടെ ആഗ്രഹം.
“എന്റെ കഴിവുകള്‍ ഉപയോഗിച്ചാണ് ഇവിടെവരെ എത്തിയത്. എന്നിട്ടും എനിക്കൊരു പങ്കുമില്ലാത്തൊരു കുറ്റം (അതൊരു കുറ്റമോ തെറ്റോ ആണോ?) ചുമത്തപ്പെട്ട് ഞാന്‍ ആട്ടിയിറക്കപ്പെടുന്നൂ. മാനേജ്മെന്റ് എന്നോട് ഇവിടെ തന്നെ പഠിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയാണ്, ഞാനീ കോളേജ് വിട്ടുപോകാന്‍ അവര്‍ക്ക് ഒരാഗ്രവുമില്ല. അതൊരു സൗകര്യമല്ലേ. ഒരു തരം സഹതാപം. ഞാനിവിടെ പഠിക്കുന്നതുകൊണ്ട് കുഴപ്പമില്ലെങ്കില്‍ ഹോസ്റ്റലില്‍ താമസിച്ചാല്‍ വേറെന്തു കുഴപ്പമാണ് ഉണ്ടാവുക? അതിനെന്താണ് ഉത്തരം പറയാത്തത്? ഇപ്പോള്‍ കാണിക്കുന്നത് വിവേചനമാണ്. ചിലര്‍ ചോദിച്ചേക്കാം, നിനക്കെന്താണ് ഹോസ്റ്റലില്‍ നിന്നു മാത്രം പഠിക്കണമെന്ന് ഇത്രവാശി? അവര്‍ വേറെ താമസസൗകര്യം ഒരുക്കി തന്നതല്ലേയെന്നും. അവരെന്നെ അഹങ്കാരിയെന്നു വിളിക്കുമായിരിക്കും. വിളിച്ചോട്ടേ. പക്ഷേ ഒരു തെറ്റും ചെയ്യാതെ നിങ്ങളെ ഒരിടത്തു നിന്നും മാറ്റി നിര്‍ത്തിയാല്‍ അതു സഹിക്കുമോ? അവഗണയുടെ വേദന എന്താണെന്നു മനസിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പേടിയുണ്ടാക്കുന്നൊരു വസ്തുവാണന്നു കേട്ടാല്‍ അതു സഹിക്കുമോ? ഇല്ല, ഒരിക്കലുമില്ല. അതു തന്നെയാണ് എന്റെ കാര്യത്തിലും.
നാളെ കുറേപ്പേര് ആദ്യമെന്നെ ഒന്നുമറിയാതെ സ്നേഹിക്കുക. പിന്നീട് എല്ലാമറിയുമ്പോള്‍ പേടിക്കുക, അതുവേണ്ട. സഹിക്കാന്‍ പറ്റില്ല.
ഞാന്‍ ഇതാണ്…ഞാനിങ്ങനൊരാളാണ്…ഇതറിഞ്ഞിട്ടും നിങ്ങള്‍ക്കെന്നോട് സൗഹൃദം തോന്നുന്നുണ്ടോ?”
അക്ഷര ചോദിയ്ക്കുമ്പോള്‍ മനസ്സിലാകുന്നു..ചിലപ്പോഴൊക്കെ രോഗത്തേക്കാള്‍ ഭീകരമാണ് അത് സൃഷ്ടിയ്ക്കുന്ന സാമൂഹ്യാവസ്ഥ എന്ന്..
Post Your Comments