നോഗോണ്‍: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസാമിലെ നോഗോണില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കള്ളപ്പണം തിരിച്ചുപിടിച്ച് ജനങ്ങള്‍ ഒരോരുത്തര്‍ക്കും 15 ലക്ഷം രൂപ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി എപ്പോള്‍ നിറവേറ്റുമെന്നും രാഹുല്‍ ചോദിച്ചു. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ട്. അവനൊരു കമ്പ്യൂട്ടര്‍ ആവശ്യമായിരുന്നു. ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ നിരവധി പ്രത്യേകതകള്‍ ഉള്ളൊരു കമ്പനിയുടെ കമ്പ്യൂട്ടര്‍ കണ്ടെത്തി. ഓര്‍ഡര്‍ നല്‍കി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പായ്ക്കറ്റ് വന്നു. എന്നാല്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ ഒരു ചെറിയ തടിക്കഷ്ണം മാത്രമാണ് കാണാന്‍ കഴിഞ്ഞത്. അവന്‍ എപ്പോഴും കമ്പ്യൂട്ടറിനായി കൊടുത്ത പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മോദിയുടെ വിപണന തന്ത്രങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഉത്പന്നങ്ങള്‍ മാത്രമില്ല. ഇന്ത്യ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കള്ളപ്പണം തിരികെയെത്തിക്കുന്നതിനു പകരം കള്ളന്മാരെ സഹായിക്കുകയാണ് മോദി. നിങ്ങള്‍ നന്നായി സംസാരിക്കും, മികച്ച പ്രഭാഷണങ്ങള്‍ നടത്തുന്നു. എന്നാല്‍ ഇവയെല്ലാം പൊള്ളത്തരങ്ങള്‍ മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
Post Your Comments